കെപിസിസി ട്രഷറര്‍ പ്രതാപചന്ദ്രന്റെ മരണം ശംഖുമുഖം എസിപി അന്വേഷിക്കും

Share

തിരുവനന്തപുരം: കെപിസിസി ട്രഷറര്‍ വി പ്രതാപ ചന്ദ്രന്‍നായരുടെ മരണം ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷിക്കും. പ്രതാപചന്ദ്രന്റെ മക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അടുത്ത അനുയായി പ്രമോദും പ്രതിപക്ഷ നേതാവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രമേഷ് കാവിലുമാണ് പരാതിയിലെ ആരോപണ വിധേയര്‍.

കേസില്‍ മൊഴിയെടുപ്പും പ്രാഥമിക അന്വേഷണത്തിനും ശേഷമായിരിക്കും പൊലീസിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കുക. പിതാവിന്റെ മരണത്തിന് കാരണം കോണ്‍ഗ്രസുകാരുടെ അപവാദപ്രചാരണമെന്നായിരുന്നു മക്കളുടെ പരാതി പരാതി.

കെ സുധാകരന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് കുടുംബം ഡിജിപിക്ക് നല്‍കിയ പരാതി പിന്നീട് പിന്‍വലിച്ചിരുന്നു. എന്നാല്‍ കെപിസിസി പ്രസിഡന്റ് വാക്കുപാലിച്ചില്ലെന്നും പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും വ്യക്തമാക്കി പ്രതാപചന്ദ്രന്‍ നായരുടെ മക്കള്‍ രംഗത്തുവന്നതോടെയാണ് നടപടി.

2022 ഡിസംബര്‍ 20നാണ് 73കാരനായ പ്രതാപചന്ദ്രന്‍ അന്തരിച്ചത്. തിരുവനന്തപുരത്തായിരുന്നു അന്ത്യം. സമുന്നത കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ പ്രസിഡന്റും മുന്‍ ധനകാര്യമന്ത്രിയുമായിരുന്ന എസ്. വരദരാജന്‍ നായരുടെ മകനാണ്. കെപിസിസിയുടെ ഫണ്ടുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ചുണ്ടായ പ്രചാരണം പ്രതാപചന്ദ്രന് അപകീര്‍ത്തിയും മാനസിക ആഘാതവും ഉണ്ടാക്കിയെന്നാണു മക്കള്‍ പരാതിയില്‍ പറഞ്ഞത്. അപവാദ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ പരാതി നല്‍കാന്‍ പ്രതാപചന്ദ്രന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയായിരുന്നു മരണം.

Leave a Reply

Your email address will not be published. Required fields are marked *