അടിവയറ്റിലെ പരിക്കും കഴുത്തിലെ മുറിവും അതിഗുരുതരം; മുറി അകത്തു നിന്നും പൂട്ടിയിരുന്നില്ല?; ആദ്യഘട്ട അന്വേഷണത്തില്‍ ഗുരുതര വീഴ്ച: പൊലീസ് റിപ്പോര്‍ട്ട്

Share

തിരുവനന്തപുരം: യുവസംവിധായിക നയനസൂര്യയുടെ മരണത്തില്‍ ആദ്യഘട്ട അന്വേഷണത്തില്‍ ഗുരുതര വീഴ്ചകളുണ്ടായിയെന്ന് ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട്.

മരണം രോഗം മൂലമെന്ന നിഗമനത്തിലെത്തിയത് വിദഗ്‌ധോപദേശം ഇല്ലാതെയാണ്. കുഴഞ്ഞു വീണു മരിച്ചുവെന്ന കണ്ടെത്തലിന് അടിസ്ഥാനമില്ല. അടിവയറ്റിലെ പരിക്കും കഴുത്തിലെ ഒരു മുറിവും അതിഗുരുതരമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഇതു രണ്ടും മരണത്തില്‍ സംശയം വര്‍ധിപ്പിക്കുന്നതാണ്. കൊലപാതക സാധ്യത സംശയിക്കാവുന്ന പരിക്കാണിത്. ഇക്കാര്യം മഹസറില്‍ രേഖപ്പെടുത്താത്തതും ഗുരുതര വീഴ്ചയാണ്. ഇത് സംശയത്തിന് ഇട നല്‍കുന്നു. നയനയുടെ വസ്ത്രം ഉള്‍പ്പെടെ പ്രധാന തെളിവുകളൊന്നും ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചില്ല. മുറിയിലെയും മൃതദേഹത്തിലെയും വിരലടയാളങ്ങള്‍ ശേഖരിച്ചില്ല.

നയനയുടെ മുറി അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു എന്ന ലോക്കല്‍ പൊലീസിന്റെ കണ്ടെത്തലും തെറ്റാണ്. നയനയുടെ സാമൂഹിക പശ്ചാത്തലമോ സാമ്ബത്തിക ഇടപാടുകളോ, കേസ് ആദ്യം അന്വേഷിച്ച മ്യൂസിയം പൊലീസ് പരിശോധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മീഷണര്‍ കെ ജെ ദിനില്‍ ആണ് ലോക്കല്‍ പൊലീസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ പരിശോധിച്ചത്.

ഡിസിആര്‍ബി എസിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നയനസൂര്യയുടെ മരണം ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തുടര്‍ അന്വേഷണത്തിനുള്ള ക്രൈംബ്രാഞ്ച് സംഘത്തെ ഇന്ന് നിശ്ചയിച്ചേക്കും. അതേസമയം ലോക്കല്‍ പൊലീസിന്റെ വീഴ്ചകള്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നിലെ വലിയ വെല്ലുവിളിയാണ്.

കൊലപാതക സാധ്യത കേന്ദ്രീകരിച്ച്‌ അന്വേഷിക്കുമ്ബോളും മൃതദേഹം സംസ്‌കരിച്ചതിനാല്‍ റീ പോസ്റ്റുമോര്‍ട്ടം ഇനി സാധ്യമല്ല. അന്തരിക രക്തസ്രാവമുണ്ടന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിട്ടും പൊലീസ് കാരണം അന്വേഷിച്ചിരുന്നില്ല. നയനയുടെ ഫോണ്‍ വിളി വിവരങ്ങള്‍ ശേഖരിക്കാത്തതിനാല്‍ അവ വീണ്ടെടുക്കലും ദുഷ്‌കരമാണ്.

ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്ന നയനയെ 2019 ഫെബ്രുവരി 24നാണ് വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറി കുറ്റിയിട്ടിരുന്നതിനാല്‍ ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു പൊലീസ്. കഴുത്തു ഞെരിഞ്ഞതാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആദ്യം അന്വേഷിച്ച മ്യൂസിയം പൊലീസ് തെറ്റിദ്ധരിപ്പിച്ചാണ് അന്വേഷണം അവസാനിപ്പിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *