കെ.​ആ​ര്‍.​നാ​രാ​യ​ണ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ര്‍ ശ​ങ്ക​ര്‍ മോ​ഹ​ന്‍ രാ​ജി​വ​ച്ചു

Share

തിരുവനന്തപുരം: ജാതിവിവേചനം ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ നേരിടുന്ന, കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ ഓഫീസിലെത്തി രാജി കൈമാറുകയായിരുന്നു. മുഖ്യമന്ത്രി ഓഫിസിലുണ്ടായിരുന്നില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും രാജിയുടെ പകർപ്പ് കൈമാറിയിട്ടുണ്ട്.

തന്റെ രാജിക്ക് വിവാദങ്ങളുമായി ബന്ധമില്ലെന്ന് ശങ്കര്‍ മോഹന്‍ അറിയിച്ചു. കാലാവധി തീര്‍ന്നതിനാലാണ് രാജി. സർക്കാർ തലത്തിൽ ആരും തന്നോട് രാജി ആവശ്യപ്പെട്ടിരുന്നില്ലെന്നും ശങ്കർ മോഹൻ പറഞ്ഞു. മൂന്ന് വർഷത്തെ കാലാവധി കഴിഞ്ഞു. അതിന് ശേഷം ഡയറക്ടർ സ്ഥാനത്ത് ഒരു വർഷത്തെ എക്സ്റ്റൻഷൻ തന്നിരുന്നു. ഇതും അവസാനിച്ചതിനാലാണ് രാജിവെച്ചതെന്നും ശങ്കർ മോഹൻ വിശദീകരിച്ചു.

രാജിക്ക് വിവാദവുമായി ബന്ധമില്ലന്ന ശങ്കർ മോഹന്റെ വാദം സമരം ചെയ്യുന്ന വിദ്യാർത്ഥികൾ തള്ളി. രാജി പ്രഖ്യാപനം കൊണ്ട് സമരം അവസാനിക്കില്ലെന്നും ഉന്നയിച്ച പ്രശ്നങ്ങൾക്കെല്ലാം പരിഹാരം വേണമെന്നും അത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നും വിദ്യാർത്ഥികൾ പ്രഖ്യാപിച്ചു.

ശങ്കര്‍ മോഹനെതിരെ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം 48 ദിവസത്തിലേക്കു കടന്നിരിക്കെയാണ് രാജി. ഭരണപക്ഷത്തുനിന്ന് ഉള്‍പ്പെടെ സംഘടനകള്‍ ശങ്കര്‍ മോഹനെതിരെ രംഗത്തുവന്നിരുന്നു. രാജിക്കത്ത് ചെയര്‍മാനും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിലും നല്‍കിയതായി ശങ്കര്‍ മോഹന്‍ പറഞ്ഞു.

ഇതിനിടെ ശങ്കര്‍ മോഹനെ ശക്തമായി പിന്തുണച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ കൂടിയായ പ്രമുഖ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയത് വലിയ വിവാദങ്ങള്‍ക്കു തിരികൊളുത്തി. ശങ്കര്‍ മോഹനെ പിന്തുണച്ചതിന് രൂക്ഷമായ വിമര്‍ശനമാണ് അടൂരിനു നേരെ ഉയര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *