ഗവർണറാണ് വർഗ്ഗശത്രു: ഡോ. കെ. എസ് രാധാകൃഷ്ണൻ

Share

തിരുവനന്തപുരം: മാർക്സിസ്റ്റ് പാർട്ടിയുടെ ഇപ്പോഴത്തെ ഒന്നാം നമ്പർ വർഗ്ഗശത്രു ഗവർണറാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ. എസ് രാധാകൃഷ്ണൻ. വർഗ്ഗശത്രുവിനെ ഉന്മൂലനാശം വരുത്തുക എന്നത് ഓരോ പാർട്ടി അംഗത്തിന്റെയും പ്രാഥമിക കടമയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഡോ.കെ. എസ് രാധാകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഗവർണറാണ് വർഗ്ഗശത്രു

മാർക്സിസ്റ്റ് പാർട്ടിയുടെ ഇപ്പോഴത്തെ ഒന്നാം നമ്പർ വർഗ്ഗശത്രു ഗവർണറാണ്. വർഗ്ഗശത്രുവിനെ ഉന്മൂലനാശം വരുത്തുക എന്നത് ഓരോ പാർട്ടി അംഗത്തിന്റെയും പ്രാഥമിക കടമയാണ്. അതുകൊണ്ട്, പാർട്ടി ഇപ്പോൾ കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത് വർഗ സമരമാണ്. വർഗ സമരത്തിൽ നിന്നും പിന്തിരിയുന്ന സഖാവ് ഭീരുവും ഒറ്റുകാരനുമാണ്. വർഗ വീര്യവും വർഗ വികാരവും വർഗ ബോധവും സംരക്ഷിക്കുന്നതിന് വേണ്ടി ഡോ. ഇക്ബാൽ അടക്കം സംഘടനാ ബോധമുള്ള മുഴുവൻ സഖാക്കളും ഗവർണർക്കെതിരെ പൊരുതുക തന്നെ ചെയ്യും. ഈ സമരത്തിൽ വിദ്യാർത്ഥികളുടെ ഭാവി തുടങ്ങിയ വൈകാരിക പ്രശ്ങ്ങൾ ചിലർ ഉന്നയിക്കും. വർഗ ശത്രുവിനെതിരെ യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോൾ ഇത്തരം വൈകാരിക പ്രശ്നങ്ങൾക്ക് സ്ഥാനമില്ലെന്ന് ലെനിൻ സഖാവ് പണ്ടേ പറഞ്ഞിട്ടുണ്ട്. ഇത്തരക്കാർ വിപ്ലവ വീര്യം തകർക്കാൻ ശ്രമിക്കുന്ന വർഗ ശത്രുക്കളാണ്. വിപ്ലവം വന്നാൽ മാത്രമേ അവരെ പരിപൂർണമായും സംഹരിക്കാനാകു. അതുവരെ അടവ് നയം എന്ന അവസരവാദ സമീപനത്തിലൂടെ അവരെ നക്കിക്കൊല്ലണം. അതിനുള്ള വിദ്യ ഗോവിന്ദൻ മാഷിനറിയാം; പി രാജീവനും അറിയാം. അടവ് നയത്തിന് പഴയ പ്രയോഗം ചക്കരക്കും കള്ളിനും ഒരുമിച്ചു ചെത്തുക എന്നതായിരുന്നു. ദൈവത്തിനെയും ചെകുത്താനെയും ഒരുമിച്ചു സേവിക്കുക എന്നും പണ്ട് പറഞ്ഞിരുന്നു. അതൊന്നും പാർട്ടി അംഗീകരിക്കുന്നില്ല. അടവ് നയ /ഉന്മുലന സിദ്ധാന്തത്തിന്റെ പ്രയോഗമാണ് ഗവർണറെ ഒതുക്കാനായി പാർട്ടി നടത്തുന്ന നിയമ നിർമ്മാണം.

ഈ നിയമനിർമ്മാണം ഒരു റാഡിക്കലായ സമീപനമല്ല എന്ന് പാർട്ടിക്കറിയാം. ഗവർണർ എന്ന പദവി തന്നെ ഇല്ലാതാക്കണം എന്നാണ് പാർട്ടിയുടെ സുചിന്തിതമായ അഭിപ്രായം. പക്ഷെ, അതിനു ഭരണഘടന തടസ്സം നിൽക്കുന്നു. ഈ ഭരണഘടന എന്ന സങ്കൽപം ഒരുതരം പാരയാണെന്ന് പൂർവ സൂരികളായ സഖാക്കൾക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ്, ഭരണഘടന നിർമിച്ചപ്പോൾ, സഖാക്കളായ നമ്മൾ അതിനെ അംഗീകരിക്കാതിരുന്നത്. പലതരം ആശയങ്ങൾക്കും പാർട്ടികൾക്കും പ്രാമുഖ്യം നൽകുന്ന ഭരണഘടന നമ്മുടേതല്ല എന്ന് നമ്മൾ അന്നേ പറഞ്ഞതാണ്. സോവിയറ്റ് യൂണിയന്റെ ഭരണഘടനയാണ് ഉത്തമം എന്നാണ് അന്ന് പാർട്ടി കണ്ടെത്തിയത്. അതാകുമ്പോൾ ഒരു കക്ഷി മാത്രമേ തെരഞ്ഞടുപ്പിൽ മത്സരിക്കുകയുള്ളു. ജനാധിപത്യത്തിന്റേതായ യാതൊരു ശല്യവുമില്ല. വിയോജിക്കാനുള്ള അവകാശം, മാധ്യമ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം അങ്ങിനെയുള്ള കാര്യങ്ങൾ എല്ലാം വിപ്ലവ വിരുദ്ധമാണ്. അതുകൊണ്ട് മധുര മനോഹര സോവിയറ്റ് രാജ്യത്തു അതൊന്നുമില്ല. അങ്ങിനെ കമ്മ്യൂണിസ്റ്റു പാർട്ടിക്ക് ആ ചന്ദ്രതാരം ഭരിക്കാനുള്ള അവസരം കൈവരികയും ചെയ്യും. ഈ മഹത്തായ വിപ്ലവാശയത്തെയാണ് ബൂർഷ്വാ പാർട്ടികൾ നശിപ്പിച്ചത്. അന്ന് തന്നെ സായുധ സമരത്തിലൂടെ ഈ ഭരണഘടനയെ തകർക്കാനുള്ള ശ്രമം നമ്മൾ നടത്തി. പക്ഷെ, പോലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് അവർ, അതായത്, നെഹ്‌റു സർക്കാർ, നമ്മെ അടിച്ചമർത്തി.

അതിനു ശേഷമാണ്, മറ്റു വഴികൾ ഇല്ലാതെയായപ്പോൾ, ഒരു തന്ത്രം എന്ന നിലയിൽ, നമ്മൾ ജനാധിപത്യത്തെ അംഗീകരിച്ചത്. ഇപ്പോഴും നമ്മുടെ ആത്യന്തിക ലക്‌ഷ്യം വിപ്ലവം തന്നെയാണ്. വിപ്ലവം വരുത്തുന്നതിന് വേണ്ടിയാണ് സഹകരണ സ്ഥാപനങ്ങൾ, സാംസ്കാരിക സംഘങ്ങൾ, സർവ്വകലാശാലകൾ എന്ന് തുടങ്ങിയ സംവിധാനങ്ങളിലെ നിയമനങ്ങൾ പാർട്ടി നേതാക്കൾക്കും അവരുടെ ഭാര്യമാർക്കും വേണ്ടി സംവരണം ചെയ്തു സൂക്ഷിക്കുന്നത്‌. അതൊരു അടവ് നയ വിപ്ലവപ്രവർത്തനമാണെന്നു പാർട്ടിക്കറിയാം. പാർട്ടി വിരുദ്ധർ അതിനെ പലതായി വ്യാഖ്യാനിക്കും. ഗവർണർ പറയുന്നത് മികവായിരിക്കണം പദവികൾ ലഭിക്കാനുള്ള യോഗ്യത എന്നാണ്. നമ്മുടെ നേതാവിന്റെ ഭാര്യയായിരിക്കുന്നതാണ് മഹത്തായ മികവ് എന്ന് പാർട്ടി പണ്ടേ കണ്ടെത്തിയിട്ടുണ്ട്. അക്കാര്യം പക്ഷെ ഗവർണർക്കറിയില്ല. കമ്മ്യൂണിസം മനസ്സിലാക്കാനുള്ള ബുദ്ധി ഗവർണർക്കില്ല. മനസ്സിലായിരുന്നു എങ്കിൽ നമ്മൾ നിയമിക്കുന്ന വി സിമാർക്കു യോഗ്യതയില്ല എന്ന് ഗവർണർ പറയുമായിരുന്നില്ല. പാർട്ടി പറയുന്നത് അക്ഷരംപ്രതി അനുസരിച്ചുകൊണ്ട് വിപ്ലവത്തിനുവേണ്ടി പ്രവർത്തിക്കുന്ന വി സിമാരെ പുറത്താക്കുക എന്നത് പാർട്ടിവിരുദ്ധ നിലപാടാണ്, പൊറുക്കാൻ കഴിയാത്ത അപരാധവുമാണ്. ചൈനയിൽ ആയിരുന്നു എങ്കിൽ ഗവർണറെ വധിച്ചുകൊണ്ടു പ്രശ്നം പരിഹരിക്കാമായിരുന്നു.

അതിനു പകരമായിട്ടാണ് നിയമ നിർമ്മാണത്തിലൂടെ ഗവർണറെ ഉന്മൂലനം ചെയ്യാൻ പാർട്ടി തീരുമാനിച്ചത്. പക്ഷെ, നിലവിലുള്ള നിയമമനുസരിച് നിയമസഭ പാസ്സാക്കുന്ന ബില്ല് ഗവർണർ ഒപ്പുവെച്ചാലേ അത് നിയമമാകൂ. അതിനു വഴങ്ങാത്ത ഗവർണറെ മെരുക്കാനായിട്ടാണ് ഗവർണറെ പുലയാട്ടുന്നതും പുലഭ്യം പറയുന്നതും. അതും ഒരു തന്ത്രമാണ്. ഈ തന്ത്രത്തിലും ഗവർണർ വീണില്ലെങ്കിൽ സമരത്തിന്റെ സ്വഭാവം മാറുമെന്ന് പാർട്ടി പറഞ്ഞു കഴിഞ്ഞു. ഗവർണറെ വഴിയിൽ തടയുക, രാജ്ഭവന് ചുറ്റും മലമൂത്ര വിസർജനം ചെയ്തു നാറ്റിക്കുക എന്ന് തുടങ്ങിയ സമരപരിപാടികളും പാർട്ടി വിഭാവനം ചെയ്യുന്നുണ്ട്. മാത്രവുമല്ല, ഉന്നത വിദ്യാഭ്യാസത്തെ സംസ്ഥാനത്തിന്റെ സമ്പൂർണ അധികാരത്തിൽ കൊണ്ടുവരാനും പാർട്ടി ശ്രമിക്കുന്നുണ്ട്. വിദ്യാഭ്യാസം സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും പരിഗണന വിഷയമായതുകൊണ്ട് സംസ്ഥാന നിയമസഭയ്ക്ക് നിയമം പാസ്സാക്കാൻ സമ്പൂർണാധികാരം ഉണ്ട് എന്നാണ് പാർട്ടിയുടെ വാദം. പക്ഷേ, ഉന്നത വിദ്യാഭ്യാസരംഗത്തെ അധ്യാപനം, ഗവേഷണം അവയുടെ ഗുണനിലവാരം എന്നിവ നിശ്ചയിക്കാനുള്ള അവകാശം സമ്പൂർണമായും കേന്ദ്രസർക്കാരിന്റെ അധികാര പരിധിയിൽ വരുന്ന കാര്യമാണ് എന്നാണ് ഭരണഘടന പറയുന്നത്. മാത്രമല്ല ഉഭയ പട്ടികയിൽ ഉൾപ്പെടുന്ന കാര്യത്തിൽ നിയമം മാറ്റണമെന്നുണ്ടെങ്കിൽ കേന്ദ്രത്തിന്റെ മുൻ‌കൂർ അനുമതി തേടണം എന്നും വ്യവസ്ഥയുണ്ട്. കൂടാതെ, ,ഉഭയ പട്ടികയിൽ ഉൾപ്പെടുന്ന വിഷയത്തിൽ കേന്ദ്രനിയമം ഉണ്ടെങ്കിൽ അതിനായിരിക്കും സാധുത എന്നാണ് ഭരണഘടന വ്യവസ്ഥ ചെയ്യുന്നത്. അതൊന്നും പാർട്ടി കാര്യമാക്കുന്നില്ല.

ഇതെല്ലാം ബൂർഷാ വ്യവസ്ഥയുടെ ഭാഗമാണെന്നു പാർട്ടി വിലയിരുത്തുന്നു. അന്തിമ വിപ്ലവം വന്നു ബൂർഷ്വാസിയുടെ തലയറുക്കുന്നത് വരെ ഇത്തരം ശല്യങ്ങളെ നേരിടാൻ അതിഥി സഖാവ് കവി സച്ചിദാനന്ദൻ അടക്കമുള്ള നമ്മുടെ പാർട്ടി സഖാക്കൾ സദാ സന്നദ്ധരായിരിക്കും എന്നും പാർട്ടിക്കറിയാം. ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് മാറ്റാനുള്ള നിയമം കോടതി കടന്നു കിട്ടില്ല എന്ന് ചിലർ പറയുന്നുണ്ട്. പാർട്ടിക്ക് കോടതിയുണ്ട് എന്ന കാര്യം ഇക്കൂട്ടർ മറക്കുന്നു. പാർട്ടി പോലീസും പാർട്ടി കോടതിയും പാർട്ടി സാഹിത്യകാരന്മാരും ചേർന്ന് നിന്നാൽ ഗവർണറെയും ബൂർഷ്വാ കോടതിയെയും മുട്ടുകുത്തിക്കാൻ കഴിയും എന്നാണ് പാർട്ടി കരുതുന്നത്. അങ്ങിനെ പാർട്ടി ചാൻസലർമാർ ഭരിക്കുന്ന സർവ്വകലാശാലകൾ നിലവിൽ വരുന്നതോടെ വിദ്യാഭ്യാസ വിപ്ലവം കേരളത്തിൽ നടമാടും എന്നും പാർട്ടിക്കറിയാം . അതോടെ, ‘നമ്മൾ നോക്കും സർവ്വകലാശാലകൾ എല്ലാം നമ്മുടെതാകും പ്രിയമാരെ’ എന്ന കവനം ചമയ്ക്കാൻ ഇപ്പോഴത്തെ ഒ എൻ വിയായ പ്രഭാവർമ്മ തയ്യാറാകും എന്നും പാർട്ടി കരുതുന്നു.

(ഡോ. കെ. എസ്. രാധാകൃഷ്ണൻ)

Leave a Reply

Your email address will not be published. Required fields are marked *