നിര്‍ബന്ധിത മത പരിവര്‍ത്തനം ഭരണഘടനയ്ക്ക് എതിര്; ഗൗരവമേറിയ വിഷയമെന്ന് സുപ്രീം കോടതി

Share

ന്യൂഡല്‍ഹി: നിര്‍ബന്ധിത മത പരിവര്‍ത്തനം ഭരണഘടനയ്ക്ക് എതിരെന്ന് സുപ്രീം കോടതി. ഇതു ഗൗരവമേറിയ വിഷയമെന്ന് ജസ്റ്റിസുമാരായ എംആര്‍ ഷായും സിടി രവികുമാറും അഭിപ്രായപ്പെട്ടു.

നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചുമുള്ള മത പരിവര്‍ത്തനം തടയാന്‍ നടപടികളെക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ്, കോടതിയുടെ പരാമര്‍ശം. മത പരിവര്‍ത്തനത്തിന്റെ വിവരങ്ങള്‍ സംസ്ഥാനങ്ങളില്‍നിന്ന് തേടിക്കൊണ്ടിരിക്കുകയാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. വിശദമായ സത്യവാങ്മൂലം നല്‍കുന്നതിനു കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെട്ടു.

നിര്‍ബന്ധിത മതപരിവര്‍ത്തനം ഗുരുതരമായ വിഷയമെന്ന് കോടതി ആവര്‍ത്തിച്ചു. ഇത്തരമൊരു ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത്തരം സാങ്കേതികതയിലേക്കു പോവേണ്ടതില്ലെന്ന് കോടതി പറഞ്ഞു. ഇതൊരു ഗൗരവമേറിയ വിഷയമാണ്, ഭരണഘടനയ്ക്ക് എതിരാണത്. പ്രശ്‌നത്തിന് പരിഹാരം കാണാനാണ് കോടതി ശ്രമിക്കുന്നതെന്നും ബെഞ്ച് പറഞ്ഞു. ഇന്ത്യയില്‍ താമസിക്കുന്നവര്‍ ഇന്ത്യന്‍ സംസ്‌കാരം അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.

സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന് കേന്ദ്രത്തിന് കോടതി സമയം അനുവദിച്ചു. ഹര്‍ജി വീണ്ടും ഈ മാസം 12ന് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *