കൊലപാതകശേഷം ഗ്യാസ് തുറന്നുവിട്ട് തീ കൊളുത്തി?; ഇടുക്കിയിലെ വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹത

Share

തൊടുപുഴ: ഇടുക്കി നാരകക്കാനത്തെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് നിഗമനം. കുമ്പിടിയമാക്കല്‍ ചിന്നമ്മയുടെ മൃതദേഹം വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. അന്വേഷണത്തിനായി കട്ടനപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.

അടുക്കളയിലാണ് മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തുടക്കം മുതല്‍ പൊലീസ് ദുരൂഹത സംശയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. എന്നാല്‍ പ്രതി ആരെന്നതിനെ കുറിച്ച് പൊലീസ് വ്യക്തമാക്കിയിട്ടില്ല. നിലവില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടം ലഭിച്ച ശേഷം മാത്രമെ കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ പറയാനാവൂ എന്നാണ് പൊലീസ് പറയുന്നത്.

കൊലപാതകശേഷം ഗ്യാസ് തുറന്നുവിട്ട് തീകൊളുത്തിയതെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് കുടുംബാംഗങ്ങള്‍ ആരും വീട്ടില്‍ ഉണ്ടായിരുന്നില്ല. മകന്റെ മകള്‍ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഗ്യാസ് സിലിണ്ടര്‍ നിലത്ത് മറിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു. ഗ്യാസ് സിലിണ്ടര്‍ മറിഞ്ഞ് അപകടമുണ്ടായതെന്നായിരുന്നു ആദ്യം കരുതിയത്. ബന്ധുക്കള്‍ ദുരൂഹത സംശയിച്ചതോടെ പൊലീസ് വിശദമായി അന്വേഷിക്കുകയായിരുന്നു. തങ്കമണി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *