തലശേരി ഇരട്ടക്കൊലപാതകം; മുഖ്യപ്രതി പാറായി ബാബു പിടിയില്‍

Share

കണ്ണൂര്‍: തലശേരി ഇരട്ടക്കൊലപാതകത്തില്‍ മുഖ്യപ്രതി പാറായി ബാബു പിടിയില്‍. പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട ബാബുവിനെ ഇരിട്ടിയില്‍ നിന്നാണ് പിടികൂടിയത്. ബാബുവിനെ രക്ഷപ്പെടാന്‍ സഹായിച്ച തലശേരി സ്വദേശികളായ മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനവും പിടികൂടി.

കേസില്‍ നേരത്തെ മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ജാക്‌സണ്‍, ഫര്‍ഹാന്‍ നവീന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. തശേരി നിട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ ഖാലിദ്, ഖാലിദിന്റെ സഹോദരി ഭര്‍ത്താവും സിപിഎം നെട്ടൂര്‍ ബ്രാഞ്ചംഗവുമായ പൂവനാഴി ഷമീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തിനിടെ ഇവര്‍ക്ക് കുത്തേല്‍ക്കുകയായിരുന്നു. ലഹരി വില്‍പ്പന ചോദ്യം ചെയ്യുകയും ചില സാമ്പത്തിക തര്‍ക്കങ്ങളുമാണ് കൊലയില്‍ കലാശിച്ചത്.

ഇന്നലെ വൈകിട്ട് നാല് മണിയോടെ തലശേരി സിറ്റി സെന്ററിനടുത്തുവച്ചാണ് സംഭവം. ഖാലിദ് തലശേരി സഹകരണ ആശുപത്രിയിലും ഷമീര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും വെച്ചാണ് മരിച്ചത്.ഷമീറിന്റെ സുഹൃത്ത് നെട്ടൂര്‍ സാറാസില്‍ ഷാനിബിനും സംഘര്‍ഷത്തിനിടെ കുത്തേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല എന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. ലഹരി വില്‍പ്പന സംഘത്തില്‍പ്പെട്ട ജാക്സണും പാറായി ബാബുവും അടങ്ങുന്ന സംഘമാണ് കുത്തിയതെന്ന് ഷമീര്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

ലഹരി വില്‍പ്പന ചൊദ്യം ചെയ്ത ഷമീറിന്റെ മകനെ ബുധനാഴ്ച ഉച്ചക്ക് നെട്ടൂര്‍ ചിറക്കക്കാവിനടുത്ത് വച്ച് ജാക്‌സണ്‍ മര്‍ദിച്ചിരുന്നു. ഇവര്‍ തമ്മില്‍ വാഹനം വിറ്റ പണം സംബന്ധിച്ച തര്‍ക്കവുമുണ്ടായിരുന്നു. മകനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് എത്തിയ ഖാലിദിനേയും മറ്റും ഒത്തുതീര്‍പ്പിന് എന്ന് പറഞ്ഞ് ജാക്സണും സംഘവും റോഡിലേക്ക് വിളിച്ചിറക്കി. സംസാരത്തിനിടയില്‍ കൈയില്‍ കരുതിയ കത്തിയെടുത്ത് ജാക്സണ്‍ ഖാലിദിനെ കുത്തി. തടയാന്‍ ശ്രമിച്ച ഷമീറിനും ഷാനിബിനും കുത്തേറ്റു. ഖാലിദിനും ഷമീറിനും കഴുത്തിലും വയറിലുമാണ് കുത്തേറ്റതെന്ന് പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *