പ്രിയ വർഗീസ് നിയമനം; അറിയാം, ആരാണ് കോളേജ് / സർവ്വകലാശാല അദ്ധ്യാപകൻ? അറിയുക, എൻ എസ് എസ് എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റിയാണ്: ഡോ. കെ. എസ്. രാധാകൃഷ്ണൻ

Share

ഡോ.കെ. എസ് രാധാകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പ്രിയ വർഗീസ് നിയമനം;അറിയാം, ആരാണ് കോളേജ് / സർവ്വകലാശാല അദ്ധ്യാപകൻ? അറിയുക, എൻ എസ് എസ് എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റിയാണ്.

അദ്ധ്യാപനം ഒരു ചർച്ചാവിഷയം ആയതുകൊണ്ട് യു ജി സി സർവകലാശാല / കോളേജ് അദ്ധ്യാപകരിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് അറിയുന്നത് നന്നായിരിക്കും. ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന അദ്ധ്യാപകർ നാല് കാര്യങ്ങൾ ചെയ്യണം എന്നാണ് യു ജി സി നിഷ്കർഷിക്കുന്നത്.

1. ടീച്ചിങ്‌ അഥവ അദ്ധ്യാപനം

2. റിസേർച് അഥവ ഗവേഷണം

3, പ്ലാനിങ് അതായത് ആസൂത്രണം

4. എക്സ്റ്റൻഷൻ, അഥവാ ബാഹ്യലോക വിജ്ഞാന വ്യാപനം.

ഇവയിൽ ടീച്ചിങ്‌ അഥവ അദ്ധ്യാപനത്തിനു നാല് ഘടകങ്ങൾ ഉണ്ട്. 1. പാഠ്യവിഷയ വിജ്ഞാന നിർമിതിയിലെ സജീവ പങ്കാളിത്തം. അതായത്, ആരെങ്കിലും ഉണ്ടാക്കിത്തരുന്ന പാഠ്യവിഷയ വിജ്ഞാനം അത് പോലെ ഉരുവിടുന്നതല്ല അദ്ധ്യാപനം എന്നതുകൊണ്ട് യൂ ജി സി വിവക്ഷിക്കുന്നത്. താൻ പഠിപ്പിക്കേണ്ട വിഷയ വിജ്ഞാനത്തിൽ തന്റെ കൂടി പങ്കാളിത്തം ഉണ്ടായിരിക്കണം എന്ന് സാരം. ഒരുവൻ അയാൾ പഠിപ്പിക്കുന്ന വിഷയത്തിൽ അയാളുടെ പഠനം / ഗവേഷണം / അദ്ധ്യാപന പരിചയം എന്നിവയുടെ അടിസ്ഥാനത്തിൽ പുതുവിജ്ഞാനം നിർമിക്കണം എന്ന് സാരം.

2. വിജ്ഞാന വിനിമയ രീതിയിലെ ക്രിയാത്മകമായ പങ്കാളിത്തം. പാഠ്യ വിഷയ വിജ്ഞാനത്തെ വിദ്യാർത്ഥികൾക്ക് എങ്ങിനെ കാര്യക്ഷമമായി മനസിലാക്കികൊടുക്കാം എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അദ്ധ്യാപക കേന്ദ്രീകൃതം /വിദ്യാർത്ഥി കേന്ദ്രീകൃതം /പാഠ്യവിഷയ പാഠ കേന്ദ്രീകൃതം/ അധ്യാപകൻ, വിദ്യാർത്ഥി, പാഠം, ഇവരെല്ലാം സ്ഥിതിചെയ്യുന്ന സ്ഥല-കാലം എന്നിവയെ കേന്ദ്രമാക്കിയും പഠന രീതികൾ വിഭാവനം ചെയ്യാവുന്നതാണ്. പഠനരീതി എന്ത് തന്നെ ആയാലും പഠിപ്പിക്കുന്നത് കുട്ടികൾക്ക് മനസ്സിലാകണം എന്നതാണ് അടിസ്ഥാന തത്ത്വം.

3. അദ്ധ്യാപകൻ തന്റെ അദ്ധ്യാപന മികവിനെയും വിദ്യാർത്ഥിയുടെ ഗ്രാഹ്യ ശേഷിയേയും നിരന്തരമായി നിരീക്ഷിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തുകയും ചെയ്യുക. അദ്ധ്യാപകൻ, വിദ്യാർത്ഥി, അവരുടെ പഠന രീതി എന്നിവയെല്ലാം നിരന്തരമായ മാറ്റത്തിനും പരിഷ്കരണത്തിനും വിധേയമാക്കണം എന്ന് സാരം.

4. വിദ്യാർത്ഥിയെ നിരന്തരമായ വിലയിരുത്തലിന് വിധേയമാക്കി അവരുടെ നിലവാരത്തിന് അർഹമായ മാർക്ക് / ഗ്രേഡ് നൽകുക. ഈ നാല് കാര്യങ്ങൾ നിരന്തരമായി ചെയ്യുന്നതാണ് അധ്യാപനപരിചയം എന്നതുകൊണ്ട് യു ജി സി അർത്ഥമാക്കുന്നത്. ഇക്കാര്യങ്ങൾ ചെയ്യുന്നവർക്ക് മാത്രമെ അധ്യാപന പരിചയം അവകാശപ്പെടാനും കഴിയൂ.

2. ഗവേഷണം വളരെ പ്രധാനപ്പെട്ട കാര്യമാണ്. പഠിച്ചകാര്യങ്ങളിൽ നിന്നും പഠിക്കേണ്ട കാര്യങ്ങളിലേയ്ക്കുള്ള വിജ്ഞാനനിർമിതി യാത്രയാണ് ഗവേഷണം. ഗവേഷണം സർഗാത്മകമായിരിക്കണം. അതായത്, ഗവേഷകൻ പുതിയതും ഉപയോഗപ്രദവും താൻ ജീവിക്കുന്ന സന്ദർഭത്തിനും സമൂഹത്തിന്റെ ക്ഷേമത്തിനും ഉതകുന്ന വിജ്ഞാനം നിർമ്മിക്കണം. അതിനുവേണ്ടി സ്വയം പരിശ്രമിക്കുകയും വിദ്യാർത്ഥികളെ അതിനായി പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് ഗവേഷണം. സർവകലാശാലകളും കോളേജുകളും ഇക്കാര്യത്തിനാണ് മുൻഗണന നൽകേണ്ടതും. അതുകൊണ്ടാണ് ഈ രംഗത്തെ അദ്ധ്യാപനം ഗവേഷണ കേന്ദ്രീകൃതമാകണം എന്ന് പറയുന്നത്. ഒരു അദ്ധ്യാപകൻ നേടുന്ന ഗവേഷണ ബിരുദം ഗവേഷണം തുടരുന്നതിനുള്ള ലൈസൻസ് മാത്രമാണ്.

3. ആസൂത്രണം.

വർത്തമാനകാല വിജ്ഞാനത്തെ ഭാവിയിൽ ഉണ്ടാകാവുന്ന വൈജ്ഞാനിക ആവശ്യങ്ങളുമായി ബന്ധിപ്പിച്ചു പുതിയ വിജ്ഞാന നിർമ്മിതിക്ക് നേതൃത്വം നൽകുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. വിജ്ഞാനത്തിന്റെ നിരന്തര പ്രവാഹത്തിന് തടസ്സം ഉണ്ടാകരുത് എന്ന് മാത്രമല്ല വിജ്ഞാനശൂന്യതയും ഉണ്ടാകാൻ പാടില്ല എന്ന മുൻകരുതലും ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട്, സർവകലാശാല / കോളേജ് അധ്യാപകർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും യു ജി സി നിഷ്കർഷിക്കുന്നു.

4. എക്സ്റ്റൻഷൻ. സർവ്വകലാശാലകൾ നിർമ്മിക്കുന്ന വിജ്ഞാനം നേരിട്ട് സർവ്വകലാശാലകളിൽ നിന്നും നേടാൻ അവസരമില്ലാത്തവരും എന്നാൽ അതുനേടണമെന്ന് ആഗ്രഹമുള്ളവരിലേക്കും ആ വിജ്ഞാനം നേടിയാൽ അതുകൊണ്ട് പ്രയോജനം ഉണ്ടാകാവുന്നവരിലേക്കും ഈ വിജ്ഞാനത്തെ എത്തിക്കുന്നതിനെയാണ് എക്സ്റ്റൻഷൻ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. സർവകലാശാലകളും സമൂഹവുമായുള്ള നിരന്തര സംവാദമാണ് ഇതിനുള്ള മാർഗം. സർവ്വകലാശാലകൾ ദന്തഗോപുരങ്ങൾ അല്ല എന്നാണ് യു ജി സി ഇതുകൊണ്ടു സർവകലാശാല സമൂഹത്തെ ഓർമ്മിപ്പിക്കുന്നത്. നാഷണൽ സർവീസ് സ്‌കീം പ്രവർത്തനമല്ല എക്സ്റ്റൻഷൻ. എൻ എസ് എസ് എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റിയാണ്. അതുകൊണ്ടാണ് എൻ എസ് എസ് പ്രവർത്തനം അധ്യാപന പരിചയമാകില്ല എന്ന് പറയുന്നത്. എൻ എസ് എസ് ഡയക്ടർ പദവി ഭരണപരമായ പരിചയത്തിനു പരിഗണിക്കുകയും ചെയ്യും.

ഈ കാര്യങ്ങൾ ശുംഭൻ ജയരാജൻ അഥവ പ്രകാശം പരത്തുന്ന ജയരാജൻ അറിയണമെന്നില്ല. കേരള വർമ്മ എന്ന എയ്ഡഡ് കോളേജിൽ, രാഷ്ട്രീയ സ്വാധീനത്തിന്റെ പേരിൽ ജോലി കിട്ടിയതാണ് എങ്കിലും, യു ജി സി ശമ്പളം പറ്റുന്ന ഒരു അദ്ധ്യാപിക അതെല്ലാം അറിയേണ്ടതായിരുന്നു.

(ഡോ. കെ. എസ്. രാധാകൃഷ്ണൻ)

Leave a Reply

Your email address will not be published. Required fields are marked *