ക്ഷണിക്കാത്ത കല്യാണത്തിനെത്തി ഭക്ഷണം കഴിച്ചു, മണ്ഡപത്തില്‍ കൂട്ടത്തല്ല്; വധുവിന്റെ അച്ഛന്റെ തലയ്ക്കടിച്ചു, രണ്ടുപേര്‍ പിടിയില്‍

Share

തിരുവനന്തപുരം: വിളിക്കാത്ത കല്യാണത്തിനെത്തി ഭക്ഷണം കഴിച്ച ശേഷം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ കേസില്‍ രണ്ടുപേര്‍ പിടിയില്‍. കല്യാണ മണ്ഡപത്തില്‍ സംഘം ചേര്‍ന്ന് അക്രമം നടത്തുകയും വധുവിന്റെ അച്ഛനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത എന്നതാണ് കേസ്. കല്യാണമണ്ഡപത്തിന് സമീപം താമസക്കാരായ ആര്‍സി സ്ട്രീറ്റില്‍ അയണിമൂട് കുരിശടിക്ക് സമീപം തോട്ടത്തുവിളാകം മോളി ഭവനില്‍ ബാബാജി(24), ഷൈന്‍ലി ദാസ്(19) എന്നിവരെയാണ് രണ്ടാഴ്ചയ്ക്ക് ശേഷം ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

ബാലരാമപുരത്താണ് ദിവസങ്ങള്‍ക്ക് മുന്‍പ് കേസിനാസ്പദമായ സംഭവം നടന്നത്.കേസിലെ ആറും ഏഴും പ്രതികളാണ് പിടിയിലായവര്‍. സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷം 20 പേരെ പ്രതിചേര്‍ത്താണ് പൊലീസ് കേസെടുത്തത്. അക്രമത്തിന് കാരണക്കാരനായ ആള്‍ ഉള്‍പ്പെടെയുള്ളവരെ ഇനിയും പിടികൂടിയിട്ടില്ല.

12 ന് രാത്രി ബാലരാമപുരം സെന്റ് സെബാസ്റ്റ്യന്‍ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ സല്‍ക്കാരത്തിനിടെയാണ് ഒരു സംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിക്കുകയും ചെയ്തത്.ആദ്യം പൊലീസ് എത്തി നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും അടി തുടര്‍ന്നതോടെ കൂടുതല്‍ പൊലീസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.

പൊലീസിന്റെ മുന്നില്‍ വരെ അക്രമം നടത്തിയവരെ തിരിച്ചറിഞ്ഞെങ്കിലും അവരെ പിടികൂടാത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. നാലുപേരെയാണ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ രണ്ടുപേര്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് കണ്ട് വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *