പാർട്ടിപരമായ അനിവാര്യത X നിയമപരമായ അനിവാര്യത; മുഖ്യമന്ത്രീ ഇത് ചട്ടമ്പിത്തരമാണ്: ഡോ. കെ. എസ് രാധാകൃഷ്ണൻ

Share

തിരുവനന്തപുരം: നിയമപരമായ അനിവാര്യതയില്ലാത്ത ഒരു ഓർഡിനൻസിൽ ഒപ്പുവെക്കാനുള്ള ഒരു ബാദ്ധ്യതയും ഗവർണർക്കില്ലെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ. എസ് രാധാകൃഷ്ണൻ. അത്തരം ഒരു സാഹചര്യത്തിൽ ഗവർണറെ ഭീഷണിപ്പെടുത്തി ഓർഡിനൻസിൽ ഒപ്പിടീക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമായ രീതിയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഭരണബലം ഉപയോഗിച്ച് പോലീസിനെ നിർവീര്യരാക്കുകയും സംഘശക്തി ഉപയോഗിച്ച് രാജ്ഭവൻ വളയുകയും ചെയ്യുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ ചട്ടമ്പിത്തരമാണ്. പാർട്ടിക്കും പിണറായി വിജയനും അത് ഭൂഷണമായേക്കാം. ജനാധിപത്യ ഭരണ സമ്പ്രദായത്തിന് അത് അപമാനമാണെന്നും ഡോ.കെ. എസ് രാധാകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.

ഡോ. കെ. എസ് രാധാകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പാർട്ടിപരമായ അനിവാര്യത X നിയമപരമായ അനിവാര്യത; മുഖ്യമന്ത്രീ ഇത് ചട്ടമ്പിത്തരമാണ്

ഗവർണർ മര്യാദാ രാമനാകണമെന്ന് മന്ത്രി ബിന്ദു ടീച്ചർ ഓർമിപ്പിച്ചു; നിയമ മന്ത്രി പി. രാജീവ് ഗവർണർക്ക് നിയമോപദേശം നൽകി; മദ്യവകുപ്പു മന്ത്രി എം ബി രാജേഷ് ഗവർണർക്ക് സാരോപദേശം നൽകി. എല്ലാവരും ഒരുമിച്ചു ആവശ്യപ്പെടുന്നത് ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് നീക്കാനുള്ള ഓർഡിനൻസിൽ ഗവർണർ ഉടൻ ഒപ്പിട്ടു നൽകണം എന്നാണ്. ഒരു ഓർഡിനൻസ് ഇറക്കണമെങ്കിൽ അതിനു നിയമപരമായ അനിവാര്യത ഉണ്ടായിരിക്കണം. ഭരണഘടന, അനുച്ഛേദം 213 (1) അനുസരിച്ചു് നിയമപരമായ അനിവാര്യതയിൽ ഗവർണർക്ക് സംതൃപ്തിയുണ്ടെങ്കിൽ അതിൽ ഒപ്പുവെക്കാം. ഇല്ലെങ്കിൽ, രാഷ്ട്രപതിയുടെ അംഗീകാരം വേണ്ട നിയമപരമായ കാര്യങ്ങൾ അതിലുണ്ട് എന്ന് ഗവർണർക്ക് ബോധ്യമായാൽ അത് രാഷ്ട്രപതിക്ക് അയച്ചു കൊടുക്കാം. രാഷ്ട്രപതി ചട്ടപ്രകാരം പരിശോധിച്ച് തീരുമാനം എടുക്കും. ഇതാണ് നിലവിലുള്ള നിയമം. ഈ അനുച്ഛേദത്തിൽ ഗവർണറുടെ സംതൃപ്തിയെ കുറിച്ചു പറയുന്നുണ്ട്. അത് വ്യക്തിപരമായ സംതൃപ്‌തിയല്ല ഭരണഘടന അനുശാസിയ്ക്കുന്ന നിയമവും ചാട്ടവും അനുസരിച്ചുള്ള സംതൃപ്‌തി എന്നാണ് അർത്ഥമെന്നു എല്ലാവർക്കും അറിയാം. അതുകൊണ്ടു അക്കാര്യത്തിൽ തർക്കത്തിന് സ്ഥാനമില്ല.

എന്നാൽ, നിയമപരമായ എന്ത് അനിവാര്യതയാണ് സർവകലാശാല ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റുന്നതിനുള്ള ഒരു ഓർഡിനൻസ് കൊണ്ടുവരാൻ ഇപ്പോഴുള്ളത് എന്ന് വ്യക്തമല്ല. ഈ ഓർഡിനൻസ് ഇല്ലെങ്കിൽ സർവകലാശാലാ ഭരണം സ്തംഭിക്കുന്ന അവസ്ഥ കേരളത്തിൽ ഉണ്ടാകും എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് സംബന്ധിച്ചു ഈയിടെ ഒരു സുപ്രീം കോടതി വിധി ഉണ്ടായി. സർവകലാശാല വൈസ് ചാൻസലർമാരെ യു ജി സി നിയമവും ചട്ടവും അനുസരിച്ചു മാത്രമേ നിയമിക്കാവു എന്ന് ഇത് സംബന്ധിച്ചു് ഉണ്ടായ സാങ്കേതിക സർവകലാശാല കേസിൽ കോടതി പറഞ്ഞു. അപ്രകാരമല്ല വി സി മാരെ നിയമിച്ചിരിക്കുന്നത് എങ്കിൽ അത്തരം നിയമനം നിയമവിരുദ്ധമായതുകൊണ്ട് തന്നെ അസാധുവാണ് എന്നും കോടതി പറഞ്ഞു. കേരളത്തിലെ 11 സർവകലാശാലകളിൽ യു ജി സി നിയമവും ചട്ടവും പാലിച്ചിട്ടല്ല വി സിമാരെ നിയമിച്ചിരുന്നത്. സ്വാഭാവികമായും ആ നിയമനങ്ങൾ അസാധുവാക്കപ്പെടുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ ചാൻസലർ 11 വി സി മാർക്കും പിരിച്ചുവിടാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസ് നൽകി.

ഇതാണ് വസ്തുത. ഈ സാഹചര്യത്തിൽ നിയമവാഴ്ചയിൽ വിശ്വാസമുള്ള ഒരു സർക്കാർ ചെയ്യേണ്ടത് 11 വി സി മാരെയും യു ജി സി ചട്ടപ്രകാരം കോടതി നിർദേശിച്ച പോലെ നിയമിക്കുക എന്നതാണ്. അങ്ങിനെ നിയമിക്കപ്പെട്ടാൽ മാർക്സിസ്റ്റ് പാർട്ടിയുടെ അടിമകൾ വി സിമാരായി വരില്ല. കാരണം, ചുരുങ്ങിയത് മൂന്നുപേരെങ്കിലും ഉള്ള ഒരു പട്ടികയിൽ നിന്ന് ഒരാളെ വി സി യായി നിയമിക്കേണ്ടത് ചാൻസലർ ആണ്. അങ്ങിനെ വരുമ്പോൾ, പാർട്ടി ആഗ്രഹിക്കുന്ന ആൾ വി സി യായി വരണമെന്നില്ല. അതിനുള്ള പരിഹാരം ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്നും മാറ്റുകയൂം പാർട്ടിക്ക് താത്പര്യമുള്ളവരെ ചാൻസലർ ആയി നിയമിക്കുകയും ചെയ്യുക എന്നതാണ്. അതുകൊണ്ട് ഈ ഓർഡിനൻസിൽ നിയമപരമായ അനിവാര്യതയല്ല പാർട്ടി പരമായ അനിവാര്യതയാണ് ഉള്ളതെന്ന് നിസംശ്ശയം പറയാം. ഈ സാഹചര്യത്തിലാണ് നിയമപരമായ അനിവാര്യത ഇക്കാര്യത്തിൽ ഉള്ളതായി തനിക്കറിയില്ല എന്ന് ഗവർണർ പറഞ്ഞത്.

അങ്ങിനെ ഒരു അനിവാര്യത ഉള്ളതായി മുഖ്യമന്ത്രിയും പറഞ്ഞട്ടില്ല. മുഖ്യമന്ത്രി പറയുന്നത് സർവകലാശാലകളുടെ ഭരണം ആകെ അവതാളത്തിലായിരിക്കുന്നു എന്ന് മാത്രമാണ്. മുഖ്യമന്ത്രിയും ഗോവിന്ദൻ മാഷും പറഞ്ഞിരുന്നത് നല്ല തങ്കപ്പെട്ട, വിദഗ്ധരായ അക്കാദമിക്കുകളെയാണ് വി സി മാരായി നിയമിച്ചിരുന്നത് എന്നാണ്. അവരാകട്ടെ മികച്ച രീതിയിൽ ഭരണം നടത്തുകയും ആയിരുന്നു എന്നും അവർ അവകാശപ്പെട്ടിരുന്നു. രണ്ടാഴ്ച മുൻപ് വന്ന കോടതി വിധി മാത്രമാണ് ഈ അവസ്ഥയിൽ ഉണ്ടായ ഏക സാഹചര്യമാറ്റം. അപ്പോൾ, ഈ കോടതിവിധിയാണ് ഭരണ തകർച്ചയുടെ കാരണം എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. അങ്ങിനെ ഒരു ആരോപണം മുഖ്യമന്ത്രിക്കുമില്ല. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും ആകെ പറയാവുന്ന കാര്യം, മുഖ്യമന്ത്രിക്ക് ഗവർണറെ ഇഷ്ടമല്ല എന്ന് മാത്രമാണ്. അതിനു കാരണവുമുണ്ട്. വീരശൂരപരാക്രമിയായി സ്വയം അവതരിച്ച മുഖ്യമന്ത്രി വെറും ഭീരുവാണെന്നു ഗവർണർ തുറന്നു പറഞ്ഞു. മുഖ്യമന്ത്രിക്കും പാർട്ടിക്കും ഇത് മതിയായ കാരണമാണെങ്കിലും നിയമത്തിന്റെ മുന്നിൽ അത് മതിയായ കാരണമല്ല.

നിയമപരമായ അനിവാര്യതയില്ലാത്ത ഒരു ഓർഡിനൻസിൽ ഒപ്പുവെക്കാനുള്ള ഒരു ബാദ്ധ്യതയും ഗവർണർക്കില്ല. അത്തരം ഒരു സാഹചര്യത്തിൽ ഗവർണറെ ഭീഷണിപ്പെടുത്തി ഓർഡിനൻസിൽ ഒപ്പിടീക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമായ രീതിയാണ്. ഭരണബലം ഉപയോഗിച്ച് പോലീസിനെ നിർവീര്യരാക്കുകയും സംഘശക്തി ഉപയോഗിച്ച് രാജ്ഭവൻ വളയുകയും ചെയ്യുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ ചട്ടമ്പിത്തരമാണ്. പാർട്ടിക്കും പിണറായി വിജയനും അത് ഭൂഷണമായേക്കാം. ജനാധിപത്യ ഭരണ സമ്പ്രദായത്തിന് അത് അപമാനമാണ്. പതിനായിരം പേരുണ്ടെങ്കിൽ ക്ലിഫ് ഹൗസ് വളയാൻ ഏതു പാർട്ടിക്കും കഴിയും. അത്രയും പേരെ തല്ലിയോടിച്ചുകൊണ്ട് സുരക്ഷിതനായി ഇരിക്കേണ്ടിവരുന്നത് ഒരു മുഖ്യമന്ത്രിക്കും ഭൂഷണമല്ല. . അതുകൊണ്ട് ചട്ടമ്പിത്തരം ചെയ്യുന്നത് പെരുമയായും മഹത്വമായും കരുതുന്നത് അല്പത്തമാണ്. അത് കണ്ണൂർ മോഡൽ പേക്കൂത്താണ്. ഗവർണർ ഇല്ലാത്തപ്പോൾ രാജ് ഭവൻ വളഞ്ഞു വമ്പ് കാണിക്കണോ? (ഡോ. കെ. എസ്. രാധാകൃഷ്ണൻ)

Leave a Reply

Your email address will not be published. Required fields are marked *