പുരാണത്തിലെ വേന ചക്രവർത്തിയും മുഖ്യമന്ത്രി പിണറായിയും; പാർട്ടി പി എസ് സി ചെയർമാൻ ആനാവൂർ നാഗപ്പനും പിന്നെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരി മേയറൂട്ടിയും: ഡോ. കെ. എസ് രാധാകൃഷ്ണൻ

Share

കൊച്ചി: പിണറായി ഭരണത്തിൽ സംസ്ഥാനത്തെ നിയമവും നീതിയും ലംഘിക്കപ്പെടുന്നുവെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ. എസ് രാധാകൃഷ്ണൻ. അതിന്റെ ഏറ്റവും പതിയ ഉദാഹരണമാണ് മേയറുടെ ജോലിദാന യജ്ഞമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കോർപറേഷനിലെ 255 തൊഴിലുകൾക്കുള്ള റാങ്ക് പട്ടിക തയ്യാറാക്കാൻ പാർട്ടി പി എസ് സി ചെയർമാനായ ആനാവൂർ നാഗപ്പനെ മേയർ ചുമതലപ്പെടുത്തിയെന്നും അതിനെക്കുറിച്ച് ഒന്നും ചോദിക്കേണ്ടതില്ല എന്നാണ് പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാഷ് പറയുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടികാട്ടി.

കത്തിലെ ഒപ്പ് തന്റേതല്ല എന്ന് മേയർ ഇതുവരെ പറഞ്ഞിട്ടില്ല. കത്തെഴുതിയ ലെറ്റർ ഹെഡ് അസലാണോ വ്യാജമാണോ, കത്തിലെ വിവരങ്ങൾ വസ്തുതാപരമായി ശരിയാണോ
തുടങ്ങിയ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ള ബാധ്യത മേയർ, മുഖ്യമന്ത്രി, പാർട്ടി സെക്രട്ടറി എന്നിവർക്കെല്ലാം ഉണ്ടെന്നും ഡോ. കെ. എസ് രാധാകൃഷ്ണൻ പറഞ്ഞു.

ഡോ. കെ. എസ് രാധാകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പുരാണത്തിലെ വേന ചക്രവർത്തിയും മുഖ്യമന്ത്രി പിണറായിയും; പാർട്ടി പി എസ് സി ചെയർമാൻ ആനാവൂർ നാഗപ്പനും പിന്നെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരി മേയറൂട്ടിയും

താൻ മാത്രമാണ് സർവ്വദേവസ്വരൂപൻ, തന്നെ പ്രകീർത്തിച്ചാൽ സർവ്വദേവപ്രകീർത്തനമാകും. അതുകൊണ്ട് തന്നെയല്ലാതെ മറ്റാരേയും പ്രകീർത്തിക്കേണ്ടതില്ല എന്ന് വിളംബരം ചെയ്ത വേന ചക്രവർത്തിയുടെ കഥ ഭാഗവതത്തിൽ ഉണ്ട്. മനു പദവിയിൽ എത്തിയ ചക്ഷുസ്സ് എന്ന ചക്രവർത്തിയുടെ മകൻ അംഗരാജൻ. അംഗരാജന്റെ ഭാര്യ സുനീതി. മക്കളില്ലാത്ത ദുഃഖം അനുഭവിച്ച ഇവർക്ക് പുത്രകാമേഷ്ടി യജ്ഞം നടത്തിയതിന്റെ ഫലമായി ജനിച്ച മക്കളിൽ ഒരുവനാണ് വേനൻ. വേനൻ ജന്മനാ അതിശക്തിമാനും പാപിയും ക്രൂരനും എന്തും ചെയ്യാൻ മടിയില്ലാത്തവനുമായിരുന്നു. ആജന്മമുക്തനായ ധ്രുവ ചക്രവർത്തിയുടെ പരമ്പരയിലാണ് വേനചക്രവർത്തിയും ജനിച്ചത്.

ചക്രവർത്തിപദവിയിലെത്തിയ ഉടൻ അയാൾ തന്റെ പിതാവിനെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തുകൊണ്ടിരുന്നു. ആദ്യമൊക്കെ മകനല്ലേ എന്ന് കരുതി സഹിച്ചുകൊണ്ടിരുന്നു. ഒടുവിൽ ചക്ഷുസ്സ് ആരോടും ഒന്നും പറയാതെ ഒരുദിവസം കൊട്ടാരം വിട്ടു കാടുകയറി. ചക്രവർത്തിയായതോടെ വേനന് അഹന്ത മുഴുത്തു. ബ്രാഹ്മണരെ അവഹേളിച്ചു; പ്രജകളെ ഭയപ്പെടുത്തി അനിസരിപ്പിച്ചു. തന്റെ ഇഷ്ടം മാത്രമാണ് രാജധർമ്മമെന്നും രാജ്യനിയമം എന്നും അവരെകൊണ്ട് അംഗീകരിപ്പിച്ചു. വേദാധ്യയനവും ബ്രാഹ്മണർ നടത്തുന്ന യജ്ഞങ്ങളും നിരോധിച്ചു. ഇത്രയുമായപ്പോൾ ഋഷി കുലം ഒന്നിച്ചു ഒരു തീരുമാനമെടുത്തു. ചക്രവർത്തിയെ ഉപദേശിച്ചു നന്നാക്കുക എന്നതായിരുന്നു ആ തീരുമാനം. ഉപദേശം വേനചക്രവർത്തി പുച്ഛിച്ചു തള്ളി എന്ന് മാത്രമല്ല ‘കടക്കു പുറത്തെന്ന് ‘ പറഞ്ഞു അവരെ ആട്ടിയോടിക്കുകയും ചെയ്തു.

അവസാനം ഋഷിമാർ അവരുടെ തപസിദ്ധി ഉപയോഗിച്ച് ചക്രവർത്തിയെ ശപിച്ചു നിർവീര്യനാക്കി. സുനീതി ഒഴികെ വേറെ ആരും പിന്നീട് ചക്രവർത്തിയെ തിരിഞ്ഞു നോക്കിയില്ല. എന്തും ചെയ്യാം എന്ന് കരുതി രാജ്യഭരണം നടത്തുന്ന എല്ലാ ഏകാധിതികൾക്കും വേനചക്രവർത്തിയുടെ വിധി തന്നെ നേരിടേണ്ടി വരും. രജനീതിയും രാജ്യനീതിയും ലംഘിക്കുന്ന ഏതു ഭരണാധികാരിയും ഒടുവിൽ വേനനെ പോലെ സർവ്വരാലും അവഹേളിക്കപെട്ടും അപമാനിക്കപ്പെട്ടും ചരിത്രത്തിൽ അവശേഷിക്കേണ്ടിവരും. പിണറായി ഭരണത്തിൽ ലംഘിക്കപ്പെടുന്നത് രാജ്യനിയമവും നിഷേധിക്കപ്പെടുന്നത് രജനീതിയുമാണ്. അതിന്റെ ഏറ്റവും പതിയ ഉദാഹരണമാണ് മേയറുടെ ജോലിദാന യജ്ഞം. കോർപറേഷനിലെ 255 തൊഴിലുകൾക്കുള്ള റാങ്ക് പട്ടിക തയ്യാറാക്കാനാണ് പാർട്ടി പി എസ് സി ചെയർമാനായ ആനാവൂർ നാഗപ്പനെ മേയർ ചുമതലപ്പെടുത്തിയത്. അതിനെക്കുറിച്ച് ഒന്നും ചോദിക്കേണ്ടതില്ല എന്നാണ് പാർട്ടിയുടെ ഇപ്പോഴത്തെ സർവാധികാരിയായ ഗോവിന്ദൻ മാഷ് പറയുന്നത്. മാധ്യമ പ്രവർത്തകർ കേട്ടെഴുത്തുകാരായതുകൊണ്ട് തിരിച്ചു ഒന്നും ചോദിച്ചില്ല. അവർക്കു ഗോവിന്ദൻ മാഷിനേയും ഭയമാണ്.

കത്തെഴുതിയ ലെറ്റർ ഹെഡ് അസലാണോ വ്യാജമാണോ? കത്തിലെ വിവരങ്ങൾ വസ്തുതാപരമായി ശരിയാണോ? കത്തിലെ ഒപ്പു മേയറുടേതു തന്നെയാണോ? തന്റേതല്ല ഒപ്പു എന്ന് മേയർ ഇതുവരെ പറഞ്ഞിട്ടില്ല. ഒപ്പിട്ട ലെറ്റർ ഹെഡ് മേയർ പാർട്ടിക്കാരെ ഏല്പിച്ചിട്ടുണ്ടോ? അങ്ങിനെയുണ്ടെങ്കിൽ ആരെയാണ് ഈ ഉത്തരവാദിത്വം ഏല്പിച്ചിട്ടുള്ളത്? പാർട്ടി നിർദ്ദേശപ്രകാരമായിരുന്നോ അങ്ങിനെ ചെയ്തത്? അങ്ങിനെ ചെയ്യുന്നത് നിയമപരമായി തെറ്റാണ് എന്ന് അറിയാമായിരുന്നോ? അറിഞ്ഞിട്ടും തെറ്റ് മനപൂർവം ചെയ്തതാണോ? ഈ കത്ത് വ്യാജമാണെങ്കിൽ എന്തുകൊണ്ടാണ് പോലീസിൽ പരാതിപ്പെടാത്തത്? ഇത്തരം ഒരുപാട് ചോദ്യങ്ങൾക്കു ഉത്തരം കിട്ടണം. ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ള ബാധ്യത മേയർ, മുഖ്യമന്ത്രി, പാർട്ടി സെക്രട്ടറി എന്നിവർക്കെല്ലാം ഉണ്ട്. ഏറ്റവും പ്രായം കുറഞ്ഞ മേയർ മാർക്സിസ്റ്റുകാരിയാണ് എന്നാണ് പാർട്ടി പറഞ്ഞിരുന്നത്. അവർ ഇന്ന് പൊതു സമൂഹത്തിൽ ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരിയായിട്ടാണ് നിൽക്കുന്നത്.

ഹേ മാർക്സിസ്റ്റ് പാർട്ടിക്കാരാ, നിങ്ങൾ നിർദേശിച്ച മുഖ്യമന്ത്രി പുരാണത്തിലെ വേനനെ പോലെ ദുശ്ശാഠ്യക്കാരനായ ഏകാധിപതി മാത്രമല്ല, കള്ളക്കടത്തു വരെ നടത്താൻ മടിയില്ലാത്ത അഴിമതിക്കാരനുമാണ് എന്ന് നിങ്ങൾക്കു സമ്മതിക്കേണ്ടിവരും. ആ കുറ്റസമ്മതം രാജ്യദ്രോഹമാണ് എന്ന് മറക്കരുത്. അത്തരം ഒരു മുഖ്യമന്ത്രിയുടെ കീഴിൽ ഇങ്ങനെ അല്ലാതെ പ്രവർത്തിക്കുന്ന ഒരു മേയറെ കിട്ടുമോ? (ഡോ. കെ. എസ്. രാധാകൃഷ്ണൻ)

Leave a Reply

Your email address will not be published. Required fields are marked *