ഗവർണറുടെ ‘സന്തുഷ്ടി’യിൽ പിണറായിയ്ക്ക് പേടി: ഡോ.കെ. എസ് രാധാകൃഷ്ണൻ

Share

തിരുവനന്തപുരം: അരിയെത്ര എന്ന് ചോദിച്ചപ്പോൾ പയറ് അഞ്ഞാഴി എന്ന് പറഞ്ഞതു പോലെയാണ് ഗവർണറുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകിയത്തെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ.കെ. എസ് രാധാകൃഷ്ണൻ.

ഗവർണറുടെ സന്തുഷ്ടി പിൻവലിക്കപെട്ട ഒരു മന്ത്രിക്ക് മന്ത്രിയായി തുടരാൻ അവകാശമുണ്ടോ? അത്തരം ഒരു മന്ത്രിയെടുക്കുന്ന തീരുമാനങ്ങളുടെ നിയമ സാധുത എന്ത്? എന്നിങ്ങനെ ഉള്ള ഒട്ടനവധി ചോദ്യങ്ങൾക്കു ഉത്തരം ലഭിക്കേണ്ടതുണ്ട്. ഈ ചോദ്യങ്ങൾക്കെല്ലാം പാർട്ടി ഉത്തരമല്ല നിയമപരമായ വ്യക്തത വരുത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഡോ.കെ. എസ് രാധാകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം.

ഗവർണറുടെ ‘സന്തുഷ്ടി’യിൽ
പിണറായിയ്ക്ക് പേടി

ചാനൽ അഭിഭാഷകരും മാർക്സിസ്റ്റുകാരും അവരുടെ ആരാധകരായ വാർത്താവതാരകരും ഒന്നിച്ചു നിന്ന് ഗവർണറെ ഇന്നലെ ശരിപ്പെടുത്തി. അന്തിചർച്ച കഴിഞ്ഞു. ഇന്ന് വീണ്ടും വരാം എന്ന ഭീഷണിയോടെ അവരെല്ലാം സന്തോഷത്തോടെ പിരിഞ്ഞു പോകുകയും ചെയ്തു.
എന്താണ് ഗവർണർ ചെയ്തത്?
നമ്മുടെ ഭരണഘടന അനുച്ഛേദം 163 (1) (2) (3) പ്രകാരം ഗവർണർക്ക് വിവേചനാധികാരം നൽകിയിട്ടുണ്ട്; ആ അധികാരം എങ്ങനെ വിനിയോഗിക്കണം എന്നും പറഞ്ഞിട്ടുണ്ട്. അനുച്ഛേദം 164 പ്രകാരം ഗവർണർ നിയമിക്കുന്ന മന്ത്രിമാർക്ക് ഗവർണറുടെ സന്തുഷ്ടി നിലനിൽക്കുവോളം തൽസ്ഥാനത്തു തുടരാം എന്നും പറഞ്ഞിരിക്കുന്നു. ഗവർണർ എപ്പോൾ എങ്ങിനെ സന്തുഷ്ടി പിൻവലിക്കണം എന്ന് പറഞ്ഞിട്ടില്ല. അതുകൊണ്ട് അക്കാര്യം ഗവർണറുടെ വിവേചനാധികാരത്തിൽപ്പടും എന്ന് കരുതാം. മന്ത്രി ബാലഗോപാലനുള്ള സന്തുഷ്ടി പിൻവലിച്ചതായി മുഖ്യമന്ത്രിയെ ഗവർണർ അറിയിച്ചു. ഭരണഘടന അനുസരിച്ചു തുടർ നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ഗവർണർ ആവശ്യപ്പെടുകയും ചെയ്തു.

മന്ത്രി ബാലഗോപാൽ എന്ത് ചെയ്തതുകൊണ്ടാണ് ഗവർണർ സന്തുഷ്ടി പിൻവലിച്ചത് ?
‘യു പി പോലുള്ള സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് കേരളത്തിലെ സർവകലാശാലകളിലെ ജനാധിപത്യ സ്വഭാവം മനസ്സിലാകണമെന്നില്ല’ എന്ന് ഒരു പൊതുയോഗത്തിൽ മന്ത്രി പ്രസ്താവിച്ചു. ഈ പ്രസ്താവന അനുസരിച്ചു്, യു പിക്കാർക്ക് കേരളത്തിലെ സർവകലാശാലാ ജനാധിപത്യം മനസ്സിലാകില്ല. ഗവർണർ യു പിക്കാരനാണ്. അതുകൊണ്ടു അദ്ദേഹത്തിന് ജനാധിപത്യം മനസ്സിലാകില്ല എന്ന അർഥം ധ്വനിക്കും. യു പി യെ അപേക്ഷിച്ചു കേരളത്തിന് ഉന്നതമായ ജനാധിപത്യ ബോധമുണ്ട്. യു പിയെ ഇകഴ്ത്തുകയും കേരളത്തെ പുകഴ്ത്തുകയും ചെയ്യുന്ന ഈ പ്രസ്താവന സംസ്ഥാനങ്ങൾ തമ്മിലുള്ള ഭിന്നത വർധിപ്പിക്കും. അത് ദേശീയഐക്യത്തെ തകർക്കുന്ന രാജ്യദ്രോഹ നടപടിയാണ്. അതുകൊണ്ട് അദ്ദേഹത്തിലുള്ള സന്തുഷ്ടി താൻ പിൻവലിക്കുന്നുവെന്നും മന്ത്രിക്കെതിരെ ഭരണഘടനാനുസൃതമായ നടപടി സ്വീകരിക്കണമെന്നും ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചു.

ഏതെങ്കിലും ഒരു മന്ത്രി രാജ്യദ്രോഹം ചെയ്തു എന്ന് ഒറ്റനോട്ടത്തിൽ തന്നെ ഗവർണർക്കു ബോധ്യമായാൽ ആ മന്ത്രിയിലുള്ള സന്തുഷ്ടി പിൻവലിക്കാൻ ഗവർണർക്കു അധികാരമുണ്ടോ?
അങ്ങിനെയുള്ള അധികാരം ഗവർണർക്കില്ല എന്നാണ് മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ പാർട്ടിക്കാർ, അദ്ദേഹത്തിന് വേണ്ടി വാദിക്കുന്ന അഭിഭാഷകർ, ഇടതുപക്ഷ ചാനൽ അവതാരകർ എന്നിവരെല്ലാം പറയുന്നത്. ഭരണഘടന അനുച്ഛേദം 164ൽ പറയുന്ന സന്തുഷ്ടി യഥാർത്ഥത്തിൽ ഗവർണറുടെ സന്തുഷ്ടിയല്ല മുഖ്യമന്ത്രിയുടെ സന്തുഷ്ടിയാണ് എന്നാണ് ഇവരുടെ വാദം. അപ്പോൾ ഒരു ചോദ്യം സ്വാഭാവികമായി വരും. എന്തുകൊണ്ടാണ് ഭരണഘടനയിൽ മുഖ്യമന്ത്രിയുടെ സന്തുഷ്ടി എന്ന് എഴുതാതെ ഗവർണറുടെ സന്തുഷ്ടി എന്ന് രേഖപ്പെടുത്തിയത്? ഭരണഘടനാ നിർമാതാക്കൾ ഇതുസംബന്ധിച്ചു സുദീർഘമായ ചർച്ച നടത്തിയതിനു ശേഷമാണ് ഗവർണറുടെ സന്തുഷ്ടി എന്ന പ്രയോഗം ഭരണഘടനയിൽ ഉൾപെടുത്തിയത് എന്ന് ഭരണഘടന നിർമാണസഭയിലെ ചർച്ചകൾ വായിച്ചാൽ ആർക്കും ബോധ്യപ്പെടും.

എന്നാൽ, യുക്തിപൂർവം സംസാരിക്കാതെ ഉത്തമമായ ജനാധിപത്യബോധം, ഫെഡറൽ സംവിധാനം എന്നൊക്കെ പറഞ്ഞുകൊണ്ട് പരമാവധി അവ്യക്തമാക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുക.
മുഖ്യമന്ത്രി ഈ കത്തിന് ഗവർണർക്കു നൽകിയ മറുപടിയിൽ പറഞ്ഞത് തനിക്കു തന്റെ മന്ത്രിയിൽ പൂർണ്ണ വിശ്വാസമുണ്ട് എന്നാണ്. ചോദ്യം മുഖ്യമന്ത്രിക്ക് തന്റെ മന്ത്രിയിൽ വിശ്വാസമുണ്ടോ എന്നായിരുന്നില്ല. അരിയെത്ര എന്ന് ചോദിച്ചപ്പോൾ പയറ് അഞ്ഞാഴി എന്ന് പറഞ്ഞതു പോലെയാണ് മുഖ്യമന്ത്രിയുടെ മറുപടി. പ്രശ്നം അതല്ലല്ലോ. ഗവർണർക്ക് സന്തുഷ്ടി പിൻവലിക്കാൻ അവകാശമുണ്ടോ? ഗവർണറുടെ സന്തുഷ്ടി പിൻവലിക്കപെട്ട ഒരു മന്ത്രിക്ക് മന്ത്രിയായി തുടരാൻ അവകാശമുണ്ടോ? അത്തരം ഒരു മന്ത്രിയെടുക്കുന്ന തീരുമാനങ്ങളുടെ നിയമ സാധുത എന്ത്? സന്തുഷ്ടിയുടെ നിർവചനം എന്ത്? സന്തുഷ്ടി നൽകാനും പിൻവലിക്കാനും ഗവർണർക്ക് മുഖ്യമന്ത്രിയുടെ ഉപദേശം ആവശ്യമാണോ? ഗവർണർ ഒരു മന്ത്രിയുടെ സന്തുഷ്ടി പിൻവലിച്ചുകഴിഞ്ഞാൽ ആ മന്ത്രിയെ മന്ത്രിസഭയിൽ നിലനിർത്താൻ മുഖ്യമന്ത്രിക്ക് അവകാശമുണ്ടോ? എന്നിങ്ങനെ ഉള്ള ഒട്ടനവധി ചോദ്യങ്ങൾക്കു ഉത്തരം ലഭിക്കേണ്ടതുണ്ട്.
ഈ ചോദ്യങ്ങൾക്കെല്ലാം പാർട്ടി ഉത്തരം നൽകിയാൽ പോര. നിയമപരമായ വ്യക്തത വരുത്തുക തന്നെ വേണം. (ഡോ. കെ. എസ്. രാധാകൃഷ്ണൻ)

Leave a Reply

Your email address will not be published. Required fields are marked *