നെടുമ്പാശേരിയിലെ അപകട മരണം: പൂര്‍ണ ഉത്തരവാദി കരാറുകാരാണെന്ന് മന്ത്രി റിയാസ്

തിരുവനന്തപുരം: ദേശീയപാതയിലെ കുഴികള്‍ക്ക് പൂര്‍ണ ഉത്തരവാദി കരാറുകാരാണെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഭയക്കുകയാണെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്.
കേരളത്തില്‍ പൊതുമരാമത്ത് വകുപ്പ് വീഴ്ച വരുത്തുന്ന കരാറുകാര്‍ക്കെതിരെ ശക്തമായ നടപടിയെടുത്തിട്ടുണ്ട്. ദേശീയ പാതാ അതോറിറ്റി എന്തിനാണ് കരാറുകാരെ ഭയക്കുന്നതെന്ന് മുഹമ്മദ് റിയാസ് ചോദിച്ചു.
ദേശീയപാതയിലെ പ്രശ്നത്തില്‍ പൊതുമരാമത്ത് വകുപ്പിന് ഇടപെടാനാവില്ല. അങ്ങനെ ചെയ്താല്‍ അത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാവും. ഇത്തരം കരാറുകാരെ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തണം. നമ്ബറും പേരും സഹിതം പുറത്തുവിടാന്‍ തയ്യാറാവണം. ഇത്തരക്കാരെ എന്തിനാണ് കേന്ദ്രം മറച്ചുവയ്ക്കുന്നതെന്ന് റിയാസ് ചോദിച്ചു. ദേശീയ പാതയിലെ കുഴികള്‍ അടയ്ക്കാത്ത കരാറുകാര്‍ക്കും അവര്‍ക്കെതിരെ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കുമെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കണം. കുഴികള്‍ ഇല്ലാതാക്കാന്‍ സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാര്‍ മുന്‍കൈ എടുക്കണം.
നെടുമ്ബാശ്ശേരിയില്‍ ദേശീയപാതയിലെ കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രികന് മരിച്ചതില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി മുഹമ്മദ് റിയാസ്. കഴക്കൂട്ടം ഫ്ലൈ ഓവര്‍ കേരള പിറവി ദിനമായ നവംബര്‍ ഒന്നിനു തുറക്കുമെന്നും മന്ത്രി പറഞ്ഞു.