നടിയെ ആക്രമിച്ച കേസ്: സെഷന്‍സ് കോടതിക്ക് പരിഗണിക്കാന്‍ അധികാരമില്ലെന്ന് പ്രോസിക്യൂഷന്

കൊച്ചി: നടിയെ ആക്രമിച്ച കേസ് സെഷന്‍സ് കോടതിക്ക് പരിഗണിക്കാന്‍ അധികാരമില്ലെന്ന് പ്രോസിക്യൂഷന്. കേസ് സെഷന്‍സ് കോടതി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് അതിജീവിതയും കോടതിയെ സമീപിച്ചു.
തുടര്‍ വിസ്താര നടപടികള്‍ക്കായി കേസ് ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ എത്തിയപ്പോഴാണ് അതിജീവിതയും പ്രോസിക്യൂഷനും ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സെഷന്‍സ് കോടതി ജഡ്ജി ഹണി എം.വര്‍ഗീസിന് മുന്നില്‍ ഇരുകൂട്ടരും ഇതുസംബന്ധിച്ച അപേക്ഷ സമര്‍പ്പിച്ചു.
കേസില്‍ വാദം കേള്‍ക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത് എറണാകുളം സിബിഐ കോടതിക്കാണ്. ഇത് ഇപ്പോള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കൈമാറിയിരിക്കുന്ന നടപടി നിയമപരമായി ശരിയല്ലെന്നു ഹര്‍ജിയില്‍ പറയുന്നു.
ജോലിഭാരം കാരണം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കേസ് കൈമാറാന്‍ കഴിയില്ലെന്ന് ഹൈക്കോടതി നേരത്തെ നിലപാടെടുത്തതും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. കേസ് ഫയല്‍ ഏത് കോടതിയുടെ അധികാരപരിധിയിലെന്ന് തീരുമാനിക്കണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പ്രതികളുടെ നിലപാടറിയിക്കാന്‍ സമയം നല്കിയ കോടതി കേസ് 11-ലേക്ക് മാറ്റി.
നിലവില്‍ വിചാരണ നടത്തിയ സിബിഐ പ്രത്യേക ജഡ്ജിയായിരുന്ന ഹണി എം. വര്‍ഗീസ് സ്ഥാനക്കയറ്റം ലഭിച്ച് സെഷന്‍സ് ജഡ്ജിയായതിനെ തുടര്‍ന്നാണ് കേസിന്റെ വിചാരണയും കോടതി മാറ്റം. അതേസമയം സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റരുതെന്നാവശ്യപ്പെട്ട് നടി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും അനുവദിച്ചിരുന്നില്ല.