മാളിയേക്കല്‍ മറിയുമ്മ അന്തരിച്ചു

കണ്ണൂര്‍: മലബാറില്‍ മുസ്ലിം സമുദായത്തില്‍ ആദ്യമായി ഇംഗ്ലിഷ് വിദ്യാഭ്യാസം നേടിയ വനിത മാളിയേക്കല്‍ മറിയുമ്മ അന്തരിച്ചു. 97 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
മാളിയേക്കലിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം രാത്രി പതിനൊന്നിന് അയ്യലത്തെ പള്ളിയില്‍ ഖബറടക്കം.
മുസ്ലിം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന കാലത്താണ് കോണ്‍വന്റ് സ്കൂളില്‍ ചേര്‍ന്ന് മറിയുന്ന ഇംഗ്ലീഷ് പഠിച്ചത്. മതപണ്ഡിതനായ ബാപ്പ ഒ.വി അബ്ദുല്ലയായിരുന്നു മറിയമ്മയുടെ ശക്തി. സമുദായത്തിൽനിന്ന് വലിയ എതിർപ്പ് നേരിട്ടപ്പോഴും മറിയുമ്മയെയും സഹോദരങ്ങളെയും അബ്ദുള്ള വിദ്യാഭ്യാസം ചെയ്യിച്ചു.
സ്വാതന്ത്ര്യത്തിനുമുമ്പ് 1938 ലാണ് മറിയുമ്മ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി ചരിത്രത്തിന്റെ ഭാഗമാകാൻ സ്കൂളിൽ പോയിത്തുടങ്ങിയത്. മാംഗ്ലൂര്‍ നണ്‍സ് നടത്തുന്ന തലശേരി സേക്രഡ് ഹാര്‍ട്ട് കോണ്വെന്റിണ് ഇന്നത്തെ പത്താം ക്ലാസിനു തുല്ല്യമായ ഫിഫ്ത് ഫോറം വരെ മറിയുമ്മ പഠിച്ചത്. ദി ഹിന്ദു പത്രം വായിച്ച് ദിവസം തുടങ്ങുന്നതായിരുന്നു മറിയുമ്മയുടെ ശീലം.
1943ലാണ് വിവാഹിതയായത്. വിവാഹശേഷം ഉമ്മാമ്മ ബീഗം കുഞ്ഞാച്ചുമ്മ സ്ഥാപിച്ച മഹിളാസമാജത്തിന്റെ പ്രവർത്തനത്തിൽ മുഴുകി. സ്ത്രീകൾക്കുവേണ്ടി തയ്യൽ ക്ലാസുകളും സാക്ഷരതാ ക്ലാസുകളും നടത്തിയിട്ടുണ്ട്.
തലശേരി കലാപകാലത്ത് നിരവധി കുടുംബങ്ങൾക്ക് മാളിയേക്കലിൽ അഭയം നൽകാൻ മുൻകൈയെടുത്തു. 1957ലെ തെരഞ്ഞെടുപ്പിൽ വി.ആർ. കൃഷ്ണയ്യർക്കുവേണ്ടി പ്രവർത്തിച്ചു. ഇടതുപക്ഷ പുരോഗമന ആശയങ്ങളുമായി സഹകരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയവരുമായി അടുത്ത ബന്ധമായിരുന്നു.
ഖിലാഫത്ത് പ്രസ്ഥാനത്തിൽ പങ്കെടുത്ത ഒ.വി. അബ്ദുള്ള സീനിയർ-മാഞ്ഞുമ്മ ദന്പതികളുടെ മകളാണ്. ഭർത്താവ്: പരേതനായ വി.ആർ. മാഹിനലി (റിട്ട. മിലിട്ടറി റിക്രൂട്ട്മെന്റ് ഓഫീസർ). മക്കൾ: മാളിയേക്കൽ ആയിഷ, അബ്ദുള്ള (അബ്ബാസ്, വ്യാപാരി), പരേതരായ മഷൂദ്, സാറ. മരുമക്കൾ: മമ്മൂട്ടി (പെരുമ്പാവൂർ), മാണിക്കോത്ത് സാഹിദ, മഹിജ, പരേതനായ ഇ.കെ. കാദർ (പാനൂർ). സഹോദരങ്ങൾ: പരേതരായ കുട്ട്യാമു, നഫീസ, മഹമ്മൂദ്, മാഹിനലി.