കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ചത് ജനദ്രോഹം: കെ.സുധാകരന്‍ എംപി

Share

തിരുവനന്തപുരം: ഡീസല്‍ പ്രതിസന്ധി ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി 50 ശതമാനം ഓര്‍ഡിനറി സര്‍വീസുകള്‍ വെട്ടിക്കുറച്ച നടപടി പ്രതിഷേധാര്‍ഹവും പൊതുജനങ്ങളെ ദ്രോഹിക്കുന്നതുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന കെഎസ്ആര്‍ടിസിയെ ഘട്ടംഘട്ടമായി അടച്ചുപൂട്ടാനും സ്വകാര്യ ബസ്സുടമകളെ സഹായിക്കുന്നതുമായ നടപടിയാണ് സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും ഭാഗത്ത് നിന്നും ഉണ്ടായത്. വെട്ടിക്കുറച്ച സര്‍വീസുകള്‍ പുനഃസ്ഥാപിച്ച് യാത്രാക്ലേശം പരിഹരിക്കാനും ഇന്ധനക്ഷാമം പരിഹരിക്കാനും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. തൊഴിലാളികളോടുള്ള പ്രതികാര നടപടിയാണ് കൃത്രിമ ഡീസല്‍ ക്ഷാമമെന്ന് ആക്ഷേപം തൊഴിലാളി യൂണിയനുകള്‍ തന്നെ ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞമാസം മാത്രം 190 കോടി രൂപ കെഎസ്ആര്‍ടിസിക്ക് വരുമാനം ഉണ്ടായിരുന്നു. ഡീസലിനും ശമ്പളത്തിനുമായി 172 കോടി മതി. എന്നിട്ടും ഡീസല്‍ ക്ഷാമത്തിന്റെ പേരില്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന വിധം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയും നിര്‍ത്തലാക്കിയതിന്റെയും പിന്നില്‍ മാനേജ്‌മെന്റിന്റെ കള്ളക്കളിയാണ്. എണ്ണക്കമ്പനികളുടെ കുടിശിക 13 കോടി രൂപ നല്‍കിയാല്‍ ഇന്ധനക്ഷാമം പരിഹരിക്കാവുന്നതേയുള്ളു. താല്‍ക്കാലിക പ്രശ്‌നപരിഹാരത്തിന് മാനേജ്‌മെന്റും സര്‍ക്കാരും ശ്രമിക്കാതെ തൊഴിലാളികളെ പഴിക്കാനാണ് തുനിയുന്നത്.

പ്രതിമാസം കെഎസ്ആര്‍ടിസി വരുമാനം ഉണ്ടാക്കിയിട്ടും മാനേജ്‌മെന്റ് തലത്തിലെ കെടുകാര്യസ്ഥതയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കെഎസ്ആര്‍ടിസിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരും മുഖ്യമന്ത്രിയും ഒരു ആത്മാര്‍ത്ഥയും കാട്ടുന്നില്ല. അധികാരത്തിലെത്തിയത് മുതല്‍ കെഎസ്ആര്‍ടിസിയെ വെറും കറവപ്പശുവിനെപ്പോലെ മാത്രമാണ് സര്‍ക്കാര്‍ കാണുന്നത്.തൊഴിലാളികളെ പ്രതിസ്ഥാനത്ത് നിര്‍ത്തി സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും കഴിവേട് മറയ്ക്കാന്‍ ശ്രമിക്കുന്നത് കടുത്ത തൊഴിലാളി വഞ്ചനയാണെന്നും സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *