കഥകളി ഗായകൻ മുദാക്കൽ ഗോപിനാഥൻ നായർ അന്തരിച്ചു

Share

തിരുവനന്തപുരം: ആദ്യകാല കഥകളി ഗായകന്‍ മുദാക്കല്‍ ഗോപിനാഥന്‍ നായര്‍ അന്തരിച്ചു. 90 വയസ്സായിരുന്നു.

കഥകളി സം​ഗീതത്തിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ട് പാടുന്ന ചുരുക്കം ചില ഗായകരിലൊരാളാണ് മുദാക്കല്‍ ഗോപിനാഥന്‍നായര്‍. സംസ്കാരം വൈകിട്ട് ആറിന് വെഞ്ഞാറമൂടിലെ വീട്ടുവളപ്പിൽ നടക്കും.

പതിനാറാമത്തെ വയസ്സുമുതല്‍ പ്രഗത്ഭ നടന്മാരായ ഗുരു ചെങ്ങന്നുര്‍ രാമന്‍പിളളയാശാന്‍ പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍ നായര്‍, പത്മഭൂഷന്‍ ഡോ കലാമണ്ഡലം രാമന്‍ കുട്ടി നായര്‍, കുടമാളുര്‍ കരുണാകരന്‍ നായര്‍, മാങ്കുളം വിഷ്ണുനബുതിരി, വാഴേങ്കട കുഞ്ചുനായര്‍ എന്നിവരോടൊപ്പവും മേളവിദഗ്ധരായ കലാമണ്ഡലം കൃഷ്ണകുട്ടി പൊതുവാള്‍, കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാള്‍, ചാലക്കുടി നമ്ബീശന്‍ തുടങ്ങിയവര്‍ക്കൊപ്പവും നിരവധി സ്‌റ്റേജുകളില്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ നൊടുമങ്ങാട് താലുക്കിലെ വെഞ്ഞാറമൂട് നെല്ലനാട് പഞ്ചായത്തില്‍ മുദാക്കല്‍ എന്ന സ്ഥലത്താണ് ഗോപിനാഥന്‍ നായരുടെ ജനനം. കഥകളി നടനും ഗായകനും ആയ മുദാക്കല്‍ ചെല്ലപ്പന്‍പിളളയാണ് അച്ഛന്‍. അമ്മ ഭവാനിയമ്മ. സംഗീതത്തില്‍ ആകൃഷ്ടനായ അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പ്രസിദ്ധ വയലിനിസ്റ്റ് കിളിമാനുര്‍ രാമചന്ദ്രഭാഗവതരില്‍ നിന്നും ശാസ്ത്രീയ സംഗീതവും, കഥകളി ഗായകന്‍ തകഴി കുട്ടപിളള ആശാനില്‍ നിന്നും കഥകളി സംഗീതവും ഗുരുകുല വിദ്യാഭ്യാസ രീതിയില്‍ അഭ്യസിച്ചു.

ഗോപിനാഥന്‍ നായര്‍ക്ക് നിരവധി ബഹുമതികളും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട് 1953 ല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവില്‍ നിന്നും കീര്‍ത്തിമുദ്ര ലഭിച്ചിട്ടുണ്ട്. 2002 ലെ കേരള കലാമണ്ഡലം അവാര്‍ഡും കീര്‍ത്തിപത്രവും, 2005ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, 2001 ല്‍ നാവായിക്കുളം കഥകളി ആസ്വാദക സംഘത്തിന്റെ കലാമണ്ഡലം കൃഷ്ണനായര്‍ സ്മാരക ഫെല്ലോഷിപ്പും കീര്‍ത്തിപത്രവും തുടങ്ങിയവ അദ്ദേഹത്തിന് ലഭിച്ച ബഹുമതികളാണ്.

Leave a Reply

Your email address will not be published. Required fields are marked *