ഡൽഹിയിൽ സംഘർഷം: രാഹുൽ ഗാന്ധി അറസ്റ്റിൽ, പ്രിയങ്കയെ വലിച്ചിഴച്ച് പോലീസ്

Share

ന്യൂഡല്‍ഹി: അവശ്യസാധനങ്ങളുടെ വിലവര്‍ധനവ് തൊഴിലില്ലായ്മ ജിഎസ്ടി എന്നിവയ്‌ക്കെതിരെ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടയില്‍ രാഹുല്‍ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഏറെ നേരം നീണ്ട സംഘര്‍ഷത്തിനൊടുവില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കമുള്ളവരെ അറസ്റ്റ് ചെയ്തു നീക്കുകയായുരന്നു. നിരോധനാജ്ഞ ലംഘിച്ചതിനാണ് അറസ്റ്റ്.

രാജ്യത്ത് ജനാധിപത്യമെന്നത് ഓര്‍മ മാത്രമായി മാറിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സമാധാനപരമായി രാഷ്ട്രപതി ഭവനിലേക്ക് പോകാനാണ് ശ്രമിച്ചത്. പൊലീസിന് ഞങ്ങളെ ബലം പ്രയോഗിച്ച് നീക്കാം. ഭയമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എഐസിസി ആസ്ഥാനത്തു നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്കു പ്രകടനം നടത്തുന്നതിനിടയില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് വലിച്ചിഴയ്ക്കുകയും ചെയ്തു. പൊലീസ് ബാരിക്കേഡ് ചാടിക്കടന്നുമുന്നോട്ട് പോയപ്പോഴാണ് പൊലീസിന്റെ നടപടി.

കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളും മുതിര്‍ന്ന നേതാക്കളും പ്രധാനമന്ത്രിയുടെ വസതിയിലേക്കും ലോക്സഭാ, രാജ്യസഭാ എംപിമാര്‍ പാര്‍ലമെന്റില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്കുമാണ് പ്രതിഷേധ പ്രകടനം നടത്താന്‍ തീരുമാനിച്ചിരുന്നത്.

പ്രതിഷേധത്തിന് മുന്നോടിയായി എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് എഐസിസി ആസ്ഥാനം കേന്ദ്രസേനയും ഡല്‍ഹി പൊലീസും വളഞ്ഞു. ജന്തര്‍മന്തര്‍ ഒഴികെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി പൊലീസ് പ്രതിഷേധം നടത്താന്‍ അനുമതി നിഷേധിച്ചത്

Leave a Reply

Your email address will not be published. Required fields are marked *