മുഖ്യമന്ത്രി പിണറായി വിജയനെ ഭയം മൂടിയിരിക്കുന്നു: ഡോ.കെ. എസ് രാധാകൃഷ്ണൻ

Share

തിരുവനന്തപുരം: ഇഡിയുടെ അന്വേഷണത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഭയക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ.കെ. എസ് രാധാകൃഷ്ണൻ. ഇ ഡിക്ക് എതിരെ അന്വേഷണ കമ്മീഷനെ നിയമിക്കുക എന്ന വിചിത്രമായ കാര്യം ചെയ്ത ആളാണ് പിണറായിയെന്നും, അതിന്റെ പേരിൽ ഒരു ജഡ്ജിക്ക് ഇപ്പോഴും പണം നൽകിക്കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഇഡിയുടെ അന്വേഷണം തനിക്കും തന്റെ മകൾക്കും മകനും ഭാര്യക്കും എതിരെയാകുമ്പോൾ മടിയിൽ കനമുള്ള മുഖ്യമന്ത്രി ഭയക്കാതെ എന്തുചെയ്യാനെന്നും ഡോ.കെ. എസ് രാധാകൃഷ്ണൻ ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു.

ഡോ.കെ. എസ് രാധാകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മുഖ്യമന്ത്രി പിണറായി വിജയനെ ഭയം മൂടിയിരിക്കുന്നു

സ്വർണ്ണ കള്ളക്കടത്ത് കേസ് കേരളത്തിൽ വിചാരണ ചെയ്താൽ പ്രബലരായ പ്രതികൾ വിചാരണയെ സ്വാധീനിക്കുമെന്നും അതുകൊണ്ട് മറ്റൊരു സംസ്ഥാനത്തേക്ക് വിചാരണ മാറ്റണമെന്നും ഇ ഡി സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. പ്രബലരായ പ്രതികൾ എന്ന പ്രയോഗം വളരെ ശ്രദ്ധേയമാണ്. ആ പ്രബലരിൽ, പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബക്കാരും വരെ ഉൾപ്പെടാവുന്നതാണ്.

ഇ ഡിയുടെ അന്വേഷണത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഭയക്കുന്നുണ്ട് എന്ന കാര്യം നിഷേധിക്കാനാകില്ല. ഇ ഡിക്ക് എതിരെ അന്വേഷണ കമ്മീഷനെ നിയമിക്കുക എന്ന വിചിത്രമായ കാര്യം ചെയ്യാൻ പിണറായിക്ക് മടിയുണ്ടായില്ല. ഇപ്പോഴും അതിന്റെ പേരിൽ പാർട്ടിയോട് നിർവ്യാജം കൂറ് തെളിയിച്ചിട്ടുള്ള ഒരു ജഡ്ജിക്ക് പണവും നൽകിക്കൊണ്ടിരിക്കുന്നു. ഈ ഓലപ്പാമ്പിന്റെ ലക്ഷ്യം ഇ ഡിയെ പേടിപ്പിച്ചു വരുതിയിൽ നിർത്തലായിരുന്നു.

എന്നാൽ ഇ ഡി അതിന്റെ അന്വേഷണം തുടരുകയായിരുന്നു. ഏറ്റവും പുതിയ സംഭവ വികാസം ഡോ. തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ വിളിച്ചു എന്നതാണ്. താൻ ഇ ഡിക്ക് മുൻപിൽ ഹാജരാകില്ല എന്നും താൻ ആരാണെന്ന് ഇ ഡിയെ ബോധ്യപ്പെടുത്തുമെന്നുമാണ് ഡോ. ഐസക്ക് ഭീഷണി മുഴക്കുന്നത്. ഇ ഡിക്ക് മുൻപിൽ ഹാജരായില്ല എങ്കിൽ നിയമപ്രകാരം കോടതി അറസ്റ്റ് ചെയ്ത് ഹാജരാക്കുന്ന അവസ്ഥ വരുമെന്ന കാര്യം മറക്കാതിരുന്നാൽ ഐസക്കിന് കൊള്ളാം.

ലൈഫ് മിഷൻ അഴിമതി, സഹകരണ സംഘങ്ങളിലെ പകൽക്കൊള്ള, വിദേശ നാണയ വിനിമയ ചട്ടലംഘനം, എന്നു തുടങ്ങി എത്രയോ കേസുകൾക്ക് നടുവിലാണ് ഇവിടത്തെ സർക്കാർ. അതിൽ സഹകരണ സംഘങ്ങളിലെ പകൽക്കൊള്ള എൽ ഡി എഫ്, യു ഡി എഫ് സഹകരണത്തോടെയാണ് നടക്കുന്നത്. സഹകരണ സംഘങ്ങളിലെ പകൽക്കൊള്ള ക്രിമിനൽ കുറ്റമാണെന്നതുകൊണ്ടും ഇരു മുന്നണികളും മത്സരിച്ചു കട്ടുമുടിക്കുന്നതു കൊണ്ടും അതിൽ നടക്കുന്ന അന്വേഷണത്തെ രണ്ടു കൂട്ടരും ഒരുപോലെ ഭയക്കുന്നുണ്ട്.

മുഖ്യമന്ത്രിയെ ഭയം മൂടിയിരിക്കുന്നു. ആരോപണം തനിക്കും തന്റെ മകൾക്കും മകനും ഭാര്യക്കും എതിരെയാകുമ്പോൾ മടിയിൽ കനമുള്ള മുഖ്യമന്ത്രി ഭയക്കാതെ എന്തുചെയ്യാൻ?

(ഡോ. കെ. എസ്. രാധാകൃഷ്ണൻ )

Leave a Reply

Your email address will not be published. Required fields are marked *