തുല്യദുഃഖിതരായ പിണറായിയും വി ഡി സതീശനും കൈകോർത്തുകൊണ്ട് ഉച്ചത്തിൽ പറയുന്നു, “ഇ ഡി വേണ്ട”. എന്തുകൊണ്ട്?:ഡോ.കെ എസ് രാധാകൃഷ്ണൻ

തിരുവനന്തപുരം: കള്ളപ്പണക്കാരെല്ലാം ഇ ഡിക്ക് എതിരാണെന്നും അതിനാലാണ് പിണറായിയും വി ഡി സതീശനും ഒറ്റക്കെട്ടായി ഇഡിയെ എതിർക്കുന്നതെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ.കെ എസ് രാധാകൃഷ്ണൻ.
സോണിയ കുടുംബത്തിലേക്ക് ഇഡി എത്തുന്നത് കോൺഗ്രസ്സുകാർക്ക് സഹിക്കാനാവില്ല. മുഖ്യമന്ത്രിയുടെ കുടുംബം സ്വർണക്കടത്ത് കേസിൽ അന്വേഷണം നേരിടുന്നതിനാൽ സിപിഎമ്മിനും ഇഡിയെ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഡോ.കെ. എസ് രാധാകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
തുല്യദുഃഖിതരായ പിണറായിയും വി ഡി സതീശനും കൈകോർത്തുകൊണ്ട് ഉച്ചത്തിൽ പറയുന്നു, “ഇ ഡി വേണ്ട”. എന്തുകൊണ്ട്?
കള്ളപ്പണക്കാരെല്ലാം ഇ ഡിക്ക് എതിരാണ്. അവരെല്ലാം ഇ ഡിയെ പേടിക്കുന്നു; അവരെല്ലാം ഇ ഡിക്ക് എതിരെ സംഘം ചേരുന്നു. മമതാ ബാനർജി, ശരത് പവാർ, അരവിന്ദ് കെജരിവാൾ, വാദ്രാ കോൺഗ്രസ്സ് എന്ന പേരിൽ കുപ്രസിദ്ധിയാർജ്ജിച്ച പഴയ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്, സിപിഎം എന്നു തുടങ്ങി മുസ്ലിം ലീഗും കേരള കോൺഗ്രസ്സ് വരെയുള്ളവരെ എല്ലാം ഒന്നിപ്പിക്കുന്ന ഘടകം ഇ ഡി പേടിയാണ്.
മമതയുടെ വലംകൈ പാർത്ഥാചാറ്റർജിയാണ് ഇ ഡി അറസ്റ്റ് ചെയ്ത പുതിയ നേതാവ്. പാർത്ഥ ബംഗാൾ വാണിജ്യ – വ്യവസായ മന്ത്രി മാത്രമല്ല മമതയ്ക്ക് വേണ്ടി കടുംവെട്ടു നടത്തി പണം കയ്യാക്കുന്ന പിരിവുകാരൻ കൂടിയാണ്. അദ്ദേഹത്തിന്റെ പെൺ സുഹൃത്തിന്റെ രഹസ്യ സങ്കേതത്തിൽ സൂക്ഷിച്ചിരുന്ന 22 കോടി രൂപയുടെ ഇന്ത്യൻ കറൻസി കഴിഞ്ഞദിവസം ഇ ഡി കണ്ടെടുത്തു. അഴിമതി പണം പൂഴ്ത്തി വെച്ചതിന്റെ പേരിൽ അജിത് പവാറിനെതിരെ നടപടി വന്നതോടെയാണ് ആദർശധീരൻ എന്നു പിസി ചാക്കോ വിശേഷിപ്പിക്കുന്ന ശരത് പവാർ പ്രതിപക്ഷ ഐക്യത്തിന്റെ കേന്ദ്രബിന്ദുവായി പ്രത്യക്ഷപ്പെട്ടത്. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാർക്കറുമായി നവീൻ മാലിക്ക് നടത്തിയ ഇടപാടുകളുടെ പേരിൽ ആ പുണ്യപുരുഷനെ അറസ്റ്റ് ചെയ്തതോടെ ശരത്ജിയുടെ ആദർശ ബോധം ഇളകിയാടി.
അഴിമതിക്ക് എതിരെ പടവാളെടുക്കുന്ന കെജരിവാൾ അദ്ദേഹത്തിന്റെ ആരോഗ്യവകുപ്പ് മന്ത്രി സത്യേന്ദ്ര ജയിന് അറസ്റ്റ് ചെയ്യപ്പെട്ടതോടെ ഉറഞ്ഞുതുള്ളി. കോൺഗ്രസിനാണെങ്കിൽ അനേകം നേതാക്കളെ ഇ ഡി ഭീഷണിയിൽ നിന്നും സംരക്ഷിക്കേണ്ടതുണ്ട്. പി ചിദംബരം, കാർത്തി. ചിദംബരം, നളിനി ചിദംബരം എന്നിവർ തമിഴ്നാട്ടിൽ നിന്നും ഇ ഡിക്ക് എതിരെ പൊരുതുന്നു. കർണാടകയിൽ നിന്നും ഡി. കെ. ശിവകുമാർ എന്ന പാവങ്ങളുടെ പടത്തലവനെ ഇ ഡി പിടികൂടി. ഇതൊക്കെ സഹിക്കാവുന്നതാണ്.
എന്നാൽ സോണിയ ജി, രാഹുൽ ജി , പ്രിയങ്ക ജി, വാദ്രാ ജി എന്ന് തുടങ്ങിയ മഹത് വ്യക്തികളിലേക്ക് ഇ ഡി എത്തുന്നത് കോൺഗ്രസ്സുകാർക്ക് സഹിക്കാനാവില്ല. നെഹ്റു കുടുംബത്തിന് രാജ്യത്തെ നിയമം ബാധകമല്ല എന്നാണ് കോൺഗ്രസ്സുകാർ വിശ്വസിക്കുന്നത്. ഭരണഘടനാ അനുച്ഛേദം 13 നിയമവാഴ്ചയെ കുറിച്ചും 14 നിയമത്തിന്റെ മുന്നിലെ തുല്യതയെ കുറിച്ചും ഉദ്ഘോഷിക്കുന്നു. പക്ഷേ, സോണിയ പരിവാർ ഭരണഘടനയ്ക്കും മുകളിലാണെന്ന് ഓരോ കോൺഗ്രസ്സുകാരനും വിശ്വസിക്കുന്നു. അതുകൊണ്ട് കോടതി നിർദ്ദേശപ്രകാരമാണെങ്കിലും ഇ ഡി അന്വേഷിക്കരുത്.
സി പി എമ്മിന് കേരളത്തിൽ മാത്രമാണ് ഭരണമുള്ളത്. പാർട്ടി അഖിലേന്ത്യമാണെങ്കിലും വോട്ട് വിഹിതം രണ്ട് ശതമാനം മാത്രമാണുള്ളത്. എന്നാൽ അവശേഷിക്കുന്ന ഏക മുഖ്യമന്ത്രി കേരളത്തിലാണുള്ളത്. ആ മുഖ്യമന്ത്രിയുടെ കുടുംബം സ്വപ്നാ സ്വർണക്കടത്ത് കേസിൽ അന്വേഷണം നേരിടുകയാണ്. അതുകൊണ്ട്, തുല്യദുഃഖിതരായ പിണറായിയും വി ഡി സതീശനും കൈകോർത്തുകൊണ്ട് ഉച്ചത്തിൽ പറയുന്നത് “ഇ ഡി വേണ്ട” എന്നാണ്.
ഒരു കാരണവശാലും കള്ളപ്പണക്കാരായ പ്രതിപക്ഷ നേതാക്കളെ ആരും ചോദ്യം ചെയ്യരുത്. അങ്ങനെ ചോദ്യം ചെയ്താൽ ജനാധിപത്യം തകരും. ജനാധിപത്യം തകരാതിരിക്കാനായി കള്ളപ്പണം വാരിക്കൂട്ടുന്ന മുഴുവൻ പ്രതിപക്ഷ നേതാക്കളെയും സംരക്ഷിച്ചു നിലനിർത്തണം. ഇതാണ് പ്രതിപക്ഷങ്ങളുടെ പൊതു മിനിമം പരിപാടി. (ഡോ.കെ. എസ്. രാധാകൃഷ്ണൻ )