ഭഗവത്ഗീത പറയുന്ന സാധുവിന്റെ പ്രതിനിധിയാണ് ദ്രൗപതി മുർമു ജി: ഡോ.കെ. എസ് രാധാകൃഷ്ണൻ

Share

തിരുവനന്തപുരം: ദ്രൗപതി മുർമു ഇന്ത്യയുടെ രാഷ്ട്രപതിയാകുന്നതിലൂടെ മഹാത്മാഗാന്ധിയുടെ ഒരു സ്വപ്നം കൂടി സഫലമായതായി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ.കെ. എസ് രാധാകൃഷ്ണൻ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ലോകോത്തര മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

നാം കണ്ടുമുട്ടുന്ന ഏറ്റവും നിരാലംബനും നിസ്സഹായനുമായ മനുഷ്യൻ സാധുവിന്റെ പ്രതീകമാണെന്ന് ഗാന്ധിജി തന്റെ ഗീതാവ്യാഖ്യാനത്തിൽ പറഞ്ഞിട്ടുണ്ട്. ഗീത പറയുന്ന സാധുവിന്റെ പ്രതിനിധിയാണ് മുർമു ജി. അവർ ഈ മഹാരാജ്യത്തിന്റെ പരമോന്നത പദവിയിൽ എത്തുന്നു എന്നതാണ് സ്വാതന്ത്ര്യത്തിന്റെ അമൃത വർഷം നൽകുന്ന മഹത്തായ സന്ദേശമെന്നും ഡോ.കെ. എസ് രാധാകൃഷ്ണൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഡോ. കെ. എസ് രാധാകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഭഗവത്ഗീത പറയുന്ന സാധുവിന്റെ പ്രതിനിധിയാണ് ദ്രൗപതി മുർമു ജി

ശ്രീമതി ദ്രൗപതി മുർമു ഇന്ത്യയുടെ രാഷ്ട്രപതിയായി. മഹാത്മാഗാന്ധിയുടെ ഒരു സ്വപ്നം കൂടി സഫലമായി. പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗങ്ങളുടെ രക്ഷകനായിരുന്നു ഗാന്ധിജി. ഗാന്ധിജിയുടെ സ്വപ്നങ്ങൾക്ക് ഭരണപരമായ ജീവൻ നൽകുന്ന നരേന്ദ്രമോദി ജിക്കും ഭാരതീയ ജനതാ പാർട്ടിക്കും അഭിവാദ്യങ്ങൾ.

ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ലോകോത്തര മാതൃക സൃഷ്ടിച്ചിരിക്കുന്നു. അധികാരം, ധനശേഷി, ജാതി, സംഘടനാബലം എന്നിങ്ങനെ ഉന്നത പദവിയിലെത്താനുതകുന്ന യാതൊരു ഘടനയും സഹായത്തിനില്ലാത്തവരെ സഹായിക്കുന്നതാണ് ധർമ്മപരിരക്ഷ എന്ന കാര്യം പ്രാവർത്തികമാണെന്നു നമുക്ക് ബോധ്യമാകുന്നതും ഇത്തരം വിജയങ്ങൾ കാണുമ്പോഴാണ്.

ധർമ്മ സംരക്ഷണ ലക്ഷ്യം സാധു പരിരക്ഷയാണെന്ന് ശ്രീമദ് ഭഗവത്ഗീത സുവ്യക്തമായി പറഞ്ഞിരിക്കുന്നു. നാം കണ്ടുമുട്ടുന്ന ഏറ്റവും നിരാലംബനും നിസ്സഹായനുമായ മനുഷ്യൻ സാധുവിന്റെ പ്രതീകമാണെന്ന് ഗാന്ധിജി തന്റെ ഗീതാവ്യാഖ്യാനത്തിൽ പറഞ്ഞിട്ടുണ്ട്. ഗീത പറയുന്ന സാധുവിന്റെ പ്രതിനിധിയാണ് മുർമു ജി. അവർ ഈ മഹാരാജ്യത്തിന്റെ പരമോന്നത പദവിയിൽ എത്തുന്നു എന്നതാണ് സ്വാതന്ത്ര്യത്തിന്റെ അമൃത വർഷം നൽകുന്ന മഹത്തായ സന്ദേശം.

ബി ജെ പിയും കേന്ദ്രസർക്കാരും ആദിവാസി സംരക്ഷണത്തിനായി സ്വയം സമർപ്പിക്കുമ്പോൾ കേരളത്തിലെ അവസ്ഥ നാം കാണാതിരിക്കരുത്. ആഹാരമെടുത്ത് ഭക്ഷിച്ചതിന് മധു എന്ന ആദിവാസി യുവാവിനെ മോഷ്ടാവായി കരുതി തല്ലിക്കൊന്നവരെ സംരക്ഷിക്കുന്നതിന് വേണ്ടി സാക്ഷികളെ കൂറുമാറ്റാൻ സഹായിക്കുന്ന സർക്കാരാണ് ഇവിടെയുള്ളത്. ഓരോ ദിവസവും ഓരോ സാക്ഷികൾ കൂറുമാറിക്കൊണ്ട് ആദിവാസിയുടെ നിർദോഷമായ രക്തത്തിൽ, അവർ ഓരോരുത്തരായി ജ്ഞാനസ്നാനം ചെയ്യുന്നു. അവരുടെ മേൽ നീതിമാന്റെ ചോര വീഴുന്നു.

(ഡോ.കെ. എസ്. രാധാകൃഷ്ണൻ )

Leave a Reply

Your email address will not be published. Required fields are marked *