മാർക്സിസ്റ്റ് പാർട്ടി പൊന്മാനാണോ മാരീചനാണോ ???: ഡോ കെ. എസ് രാധാകൃഷ്ണൻ

തിരുവനന്തപുരം: മാർക്സിസ്റ്റ് പാർട്ടി പൊന്മാനാണോ അതോ മാരീചനാണോയെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ കെ. എസ് രാധാകൃഷ്ണൻ. ബലിയിടുന്ന ഹൈന്ദവർക്ക് സഹായവും സംരക്ഷണവും ഒരുക്കാൻ മാർക്സിസ്റ്റുകാർ മുന്നിട്ടിറങ്ങണമെന്ന് പി. ജയരാജന്റെ ആഹ്വാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വൈരുദ്ധ്യാധിഷ്ഠതവും ചരിത്രപരവുമായ ഭൗതിക വാദത്തിൽ മാർക്സിസ്റ്റ് പാർട്ടി വിശ്വസിക്കുന്നുണ്ടോയെന്നും അങ്ങനെ വിശ്വസിക്കുന്നുണ്ട് എങ്കിൽ മതപരമായ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും പാർട്ടി വിശ്വാസം അനുസരിച്ച് അംഗീകാരം നൽകാൻ കഴിയുമോയെന്നും ഡോ കെ. എസ് രാധാകൃഷ്ണൻ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
ഡോ കെ. എസ് രാധാകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
മാർക്സിസ്റ്റ് പാർട്ടി പൊന്മാനാണോ മാരീചനാണോ ???
മാനായും മാരീചനായും മാർക്സിസ്റ്റ് പാർട്ടി പകർന്നാടുന്നു. രാമായണ മാസമായ കർക്കിടകത്തിലെ അമാവാസിക്ക് പിതൃക്കൾക്ക് ബലിയിടുന്ന ഹൈന്ദവർക്ക് സഹായവും സംരക്ഷണവും ഒരുക്കാൻ മാർക്സിസ്റ്റുകാർ മുന്നിട്ടിറങ്ങണമെന്ന് പി. ജയരാജൻ ആഹ്വാനം ചെയ്തിരിക്കുന്നു. സഹായികളുടെ രൂപത്തിൽ തീവ്രവാദികൾ ഹിന്ദുക്കളെ സ്വാധീനിക്കാതിരിക്കുന്നതിന് വേണ്ടിയാണ് താൻ ഈ ആഹ്വാനം ചെയ്യുന്നതെന്നും മഹാനായ ജയരാജൻ വിശദീകരിക്കുന്നു.
കണ്ണൂരിൽ ജീവിച്ചിരിക്കുന്ന ഏക അഹിംസാവാദിയാണ് ജയരാജൻ എന്നാണ് അദ്ദേഹത്തിന്റെ ഫാൻസ് അസോസിയേഷൻ അഥവാ പിജെ ആർമി അഥവാ പാണസംഘം പാടി നടന്നു പ്രചരിപ്പിക്കുന്നത്. യഥാർത്ഥത്തിൽ അദ്ദേഹം വിപ്ലവത്തിന്റെ ശുക്രനക്ഷത്രമാണ്. വിപ്ലവം വരുവാൻ അല്പം കാലതാമസം വരുന്നതു മൂലമാണ് പൊന്മാന്റെ വേഷത്തിൽ അദ്ദേഹം സേവനത്തിനിറങ്ങുന്നത്.
ഈ സാഹചര്യത്തിൽ ചില അടിസ്ഥാന ചോദ്യങ്ങൾക്ക് മാർക്സിസ്റ്റ് പാർട്ടിയിലെ ജയരാജൻമാരോ ഗോവിന്ദൻ മാഷോ ഉത്തരം നൽകുമെന്ന് പ്രതീക്ഷിക്കാം. എം എ ബേബിയും തോമസ് ഐസക്കുമാണ് ഇവരെക്കാളൊക്കെ വലിയ പണ്ഡിതർ എന്നറിയാതെ അല്ല ഇത് പറയുന്നത്. ബേബിയും ഐസക്കും ഉത്തരം പറഞ്ഞാൽ മഹാപണ്ഡിതന്മാർക്കേ മനസ്സിലാക്കാൻ കഴിയൂ എന്നതുകൊണ്ടാണെന്നും ഓർക്കണം.
(1) വൈരുദ്ധ്യാധിഷ്ഠതവും ചരിത്രപരവുമായ ഭൗതിക വാദത്തിൽ മാർക്സിസ്റ്റ് പാർട്ടി വിശ്വസിക്കുന്നുണ്ടോ?
(2) അങ്ങനെ വിശ്വസിക്കുന്നുണ്ട് എങ്കിൽ ഈശ്വരൻ, മതം, പിതൃക്കളുടെ ആത്മമോക്ഷം, ബലിതർപ്പണം എന്നു തുടങ്ങിയ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും പാർട്ടി വിശ്വാസം അനുസരിച്ച് അംഗീകാരം നൽകാൻ കഴിയുമോ?
(3) പാർട്ടി പ്രചരിപ്പിച്ചിരുന്ന വർഗ്ഗ സമൂഹം, വർഗ്ഗ വികാരം, വർഗ്ഗ വൈരം, വർഗ്ഗ സമരം, ധനിക/അധികാരി വർഗ്ഗത്തെ തൊഴിലാളി വർഗ്ഗം ആയുധ സമരത്തിലൂടെ സംഹരിച്ചു തൊഴിലാളി വർഗ്ഗ സര്‍വാധിപത്യം സ്ഥാപിക്കണമെന്നതിൽ ഇപ്പോഴും പാർട്ടി വിശ്വസിക്കുന്നുണ്ടോ?
(4) അങ്ങനെ വിശ്വസിക്കുന്നുണ്ട് എങ്കിൽ തൊഴിലാളിവർഗ്ഗം മുതലാളി വർഗ്ഗത്തെ കഴുത്തറുത്തു കൊല്ലുന്നതിനെയാണോ നിങ്ങൾ അഹിംസ എന്നും സമാധാനം എന്നും പറയുമ്പോൾ അർത്ഥമാക്കുന്നത്.
(5) വർഗ്ഗസമരവും മാനവികതയും ഒരുമിച്ചു പോകുമെന്നാണ് മാർക്സിസ്റ്റുകാർ വിശ്വസിക്കുന്നത് എന്ന് കരുതാമോ?
(6) വർഗ്ഗ സമരത്തിലൂടെ കമ്മ്യൂണിസ്റ്റുകാർ അധികാരത്തിലേറിയ എല്ലാ രാജ്യങ്ങളിലേയും എല്ലാ ഭരണാധികാരികളും എന്തുകൊണ്ടാണ് ദൈവനിഷേധം, മതനിഷേധം, ആചാരനുഷ്ഠാന നിഷേധം എന്നിവയെല്ലാം നടപ്പിലാക്കിയത്?
(7) എല്ലാ കമ്മ്യൂണിസ്റ്റ് ഭരണാധികാരികളും എന്തുകൊണ്ടാണ് മനസ്സിൽ പക സൂക്ഷിച്ചുകൊണ്ട് ഇഷ്ടമില്ലാത്തവരെ മുഴുവൻ കൊന്നൊടുക്കിയത്?
(8) ലെനിൻ പാർട്ടിയിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ ശത്രുക്കളെ വകവരുത്തി. ലെനിൻ തുടങ്ങിവെച്ച വൈരനിര്യാതന ദൗത്യം സ്റ്റാലിൻ ശാസ്ത്രീയമായി നടപ്പിലാക്കി മാതൃക സൃഷ്ടിച്ചു. ക്രൂഷ് ചേവ് സ്റ്റാലിനെയും അനുയായികളേയും പകയോടെ ഒതുക്കി. മാവോ സേതുങ് ശത്രുക്കളെ ഒതുക്കി. തുടർന്നു വന്നവർ മാവോയെ ഒതുക്കി. ഫിഡൽ കാസ്ട്രോ അധികാരം സ്വന്തം കുടുംബത്തിലൊതുക്കി പകയിൽ നിന്നുയരുന്ന പ്രതികാരത്തിൽ നിന്നും തടിയൂരി. കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരിലും പകയും കൊലയും കുടിയിരിക്കുന്നില്ലേ?
ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചാൽ മാത്രമെ മാർക്സിസ്റ്റ് പാർട്ടി പൊന്മാനാണോ മാരീചനാണോ എന്ന് തിരിച്ചറിയാൻ കഴിയൂ. മാർക്സിസത്തിൽ വിശ്വസിക്കുന്നുണ്ട് എങ്കിൽ നിങ്ങൾക്ക് മാരീചനാകാനേ കഴിയൂ. പൊന്മാനാകണമെങ്കിൽ മായാ വേഷം ധരിക്കേണ്ടിവരും. നിങ്ങൾ യഥാർത്ഥത്തിൽ ആരാണ്? മാനോ മാരീചനോ?
(ഡോ. കെ. എസ്. രാധാകൃഷ്ണൻ )