ബാലഗോപാലന്‍റെ കപടനാടകം; വിയോജിപ്പ്‌ രേഖപ്പെടുത്താതെ തോമസ്‌ ഐസക്ക്: ഡോ കെ എസ് രാധാകൃഷ്ണൻ

Share

തിരുവനന്തപുരം: ഇന്ധന നികുതിയിൽ ധനമന്ത്രി കെ ബാലഗോപാൽ കപടനാടകം കളിക്കുന്നുവെന്നും മുൻ ധനമന്ത്രി തോമസ് ഐസക്ക് അത് കണ്ട് മിണ്ടാതിരിക്കുന്നുവെന്നും ആരോപണവുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ എസ് രാധാക്യഷണൻ .

ഒരു ലിറ്റർ പെട്രോളിന് 32.23 രൂപയാണ് സംസ്ഥാന സർക്കാർ നികുതിയായി ഈടാക്കുന്നത്. അതിൽ കുറവ് വരുത്തണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. അത് പറ്റില്ല എന്നാണ് മന്ത്രി ബാലഗോപാലൻ പറയുന്നത്. മന്ത്രിയുടെ നിലപാടിനെ ന്യായീകരിക്കാനായി ബാലഗോപാലൻ സത്യം പറയാതെ അസത്യം പറയുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ ആരോപിച്ചു.

കേരളത്തിന്റെ ധനകാര്യവകുപ്പു മന്ത്രിയായിരുന്ന തോമസ് ഐസക്ക് പത്രമാധ്യമങ്ങളിലൂടെ സമിതി തീരുമാനങ്ങളിൽ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നതിന്റെ സാംഗത്യം എന്തായിരുന്നു? വിയോജിപ്പുണ്ടായിരുന്നു എങ്കിൽ അത് സമിതിയോഗത്തിൽ രേഖപ്പെടുത്താമായിരിന്നു. അത് ചെയ്യാതെ, ജി എസ് ടി കൗൺസിൽ യോഗത്തിൽ തീരുമാനത്തിനൊപ്പം നിന്നതിനു ശേഷം പുറത്തിറങ്ങി മറിച്ചു പറയുന്നത് രണ്ടാംതരമാണ്. സത്യസന്ധനായ ഒരാൾക്കും അത് യോഗ്യമല്ലയെന്നും ഡോ. കെ. എസ് രാധാകൃഷ്ണൻ ഫേസ്ബുക്കിലൂടെ കുറ്റപ്പെടുത്തി.

പോസ്റ്റിൻ്റെ പൂർണ്ണ രൂപം ചുവടെ വായിക്കാം

ബാലഗോപാലന്‍റെ കപടനാടകം;
വിയോജിപ്പ്‌ രേഖപ്പെടുത്താതെ തോമസ്‌ ഐസക്ക്

ഒരു ലിറ്റർ പെട്രോളിന് 32.23 രൂപയാണ് സംസ്ഥാന സർക്കാർ നികുതിയായി ഈടാക്കുന്നത്. അതിൽ കുറവ് വരുത്തണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. അത് പറ്റില്ല എന്നാണ് മന്ത്രി ബാലഗോപാലൻ പറയുന്നത്. മന്ത്രിയുടെ നിലപാടിനെ ന്യായീകരിക്കാനായി ബാലഗോപാലൻ സത്യം പറയാതെ അസത്യം പറയുന്നു.

ചരക്ക് സേവന നികുതി സംവിധാനം ഒരു ദിവസം മുളച്ചുപൊന്തിയതല്ല. 2004ൽ നിയമിതമായ കേൽകർ കമ്മിറ്റിയാണ് ചരക്ക് സേവന നികുതിയിൽ ഏകീകരണം വേണമെന്ന് നിർദേശിച്ചത്. 2006 ഫെബ്രുവരി 28നാണ് പാർലമെന്റിലെ ബജറ്റ് പ്രസംഗത്തിൽ ജി എസ് ടി കൗൺസിൽ രൂപീകരിക്കാനുള്ള തീരുമാനം ധനകാര്യ മന്ത്രി പി. ചിദംബരം പറഞ്ഞത്. 2010 ഏപ്രിൽ മുതൽ ഈ സംവിധാനം നിലവിൽ വരുമെന്നും മന്ത്രി പറഞ്ഞു. പല കാരണങ്ങളാൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും യോജിപ്പിൽ എത്താൻ കഴിയാതിരുന്നത് കൊണ്ട് തീരുമാനം നടപ്പിലായില്ല.

ഭരണഘടന ഭേദഗതി നിയമത്തിലൂടെ അനുച്ഛേദം 279A കൂട്ടിച്ചേർത്തുകൊണ്ട്, 2016 ൽ ധനകാര്യ വകുപ്പ് മന്ത്രി അവതരിപ്പിച്ച ബിൽ പാർലമെന്‍റ് നിയമമാക്കി. 2016 സെപ്റ്റംബർ 12 നു നിയമം പ്രാബല്യത്തിൽ വന്നു. സെപ്റ്റംബർ 22ന് ആദ്യയോഗം ചേർന്നു. അതിനെ തുടർന്ന് 2017 ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവരവർ പാസാക്കേണ്ട നിയമങ്ങളും പാസാക്കി. സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും നികുതി പിരിവിലും വിനിയോഗത്തിലും തീരുമാനമെടുക്കാവുന്ന വിധം ഉഭയ സംവിധാനമാണ് നിലവിൽ വന്നത്.

ഭരണഘടന അനുഛേദം 366 12A പ്രകാരം പെട്രോൾ, മദ്യം, വൈദ്യുതി എന്നിവയുടെ നികുതി നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങളിൽ നിലനിർത്തി. ധനകാര്യമന്ത്രിയായിരുന്ന അരുൺ ജെയ്റ്റിലിയുടെ നിരന്തരമായ ശ്രമത്തിന്‍റെ ഫലമായിട്ടാണ് കേന്ദ്രവും സംസ്ഥാനവും തമ്മിൽ ഇവ്വിധമൊരു ധാരണയിലെത്തിയത്. ഈ മൂന്ന് കാര്യങ്ങളിൽ ഏകീകൃത നികുതി എന്നത് അംഗീകരിക്കാൻ ഒരു സംസ്ഥാനവും തയ്യാറായിരുന്നില്ല എന്നതാണ് വസ്തുത. ഇതിന്റെ ഫലമായിട്ടാണ്പെട്രോളിന് 32.23 രൂപ നികുതിയായി കേരളം മേടിക്കുന്നത്.

ചരക്ക് സേവന സമിതി രൂപീകൃതമായതിനു ശേഷം 42 യോഗങ്ങൾ നടന്നു. ഭരണഘടനാ അനുച്ഛേദം 279A(4) അനുസരിച്ച് സമിതിക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദേശങ്ങൾ സമർപ്പിക്കാം. സമിതിയുടെ സെക്രട്ടറി കേന്ദ്ര റവന്യൂ സെക്രട്ടറിയായിരിക്കും. സിബിഇസി ചെയർമാൻ സ്ഥിരം ക്ഷണിതാവാണ്. യോഗം ചേരാനുള്ള ചട്ടങ്ങളും ഈ നിയമപ്രകാരം രൂപീകരിച്ചിട്ടുണ്ട്. കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിയാണ് സമിതി ചെയർമാൻ, റവന്യുവിന്റെ ചുമതല വഹിക്കുന്ന കേന്ദ്ര മന്ത്രി, എല്ലാ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിമാർ എന്നിവർ സമിതി അംഗങ്ങളാണ്. ആകെ 33 അംഗങ്ങളാണുള്ളത്.

സമ്പൂർണ്ണ സമിതിയുടെ ആദ്യ യോഗം 2017 മെയ്‌ 18,19 തീയ്യതികളിൽ ചേർന്നു. 1211 ഇനങ്ങൾ വരുന്ന അജണ്ട പാസാക്കി. അതിനുശേഷം നടന്ന 41 യോഗങ്ങളിലായി പതിനായിരക്കണക്കിന് ഇനങ്ങൾ അജണ്ടയിൽ ഉൾപ്പെടുത്തി പാസാക്കിയിട്ടുണ്ട്. എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായിട്ടാണ് എടുത്തത്. ഒരു ആൾപോലും ഇന്നുവരെ സമിതിയോഗത്തിൽ വിയോജിപ്പ് രേഖപെടുത്തിയിട്ടില്ല. എല്ലാ തീരുമാനങ്ങളും എല്ലാവരും അംഗീകരിച്ചവയുമാണ്.

കാര്യങ്ങൾ ഇവ്വിധമായിരിക്കെ, കേരളത്തിന്റെ ധനകാര്യവകുപ്പു മന്ത്രിയായിരുന്ന തോമസ് ഐസക്ക് പത്രമാധ്യമങ്ങളിലൂടെ സമിതി തീരുമാനങ്ങളിൽ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നതിന്റെ സാംഗത്യം എന്തായിരുന്നു? വിയോജിപ്പുണ്ടായിരുന്നു എങ്കിൽ അത് സമിതിയോഗത്തിൽ രേഖപ്പെടുത്താമായിരിന്നു. അത് ചെയ്യാതെ, ജി എസ് ടി കൗൺസിൽ യോഗത്തിൽ തീരുമാനത്തിനൊപ്പം നിന്നതിനു ശേഷം പുറത്തിറങ്ങി മറിച്ചു പറയുന്നത് രണ്ടാംതരമാണ്. സത്യസന്ധനായ ഒരാൾക്കും അത് യോഗ്യമല്ല.

മന്ത്രി ബാലഗോപാലനും അതേ പാതയിലൂടെയാണ് സഞ്ചാരം. അതുകൊണ്ടാണല്ലോ, നികുതിയിളവു നൽകാൻ സംസ്ഥാനത്തിന് അധികാരം ഉള്ളപ്പോൾ അത് നൽകാതെ ഭരണഘടന അനുഛേദം, കേന്ദ്രസർക്കാർ ഫെഡറലിസം എന്നു തുടങ്ങിയ ഉഡായിപ്പുകളാണ് ബാലഗോപാലൻ പറയുന്നത്. മിതമായ ഭാഷയിൽ അങ്ങ് കപട നാടകമാടുന്നു എന്നു പറയാതെ വയ്യ.

Leave a Reply

Your email address will not be published. Required fields are marked *