കച്ചവടക്കാരൻ കബളിപ്പിക്കുമോ?: റവ. ഫാ ജെൻസൺ ലാസലെറ്റ്

Share

അനുദിന ചിന്തകളിൽ റവ. ഫാ ജെൻസൺ ലാസലെറ്റ് എഴുതുന്നു

കച്ചവടക്കാരൻ
കബളിപ്പിക്കുമോ?

ടൗണിൽ പുതിയ മീൻ കട
തുടങ്ങിയപ്പോൾ പ്രൊക്യുറേറ്റർ അച്ചന് സന്തോഷമായി.

അധികദൂരം പോകാതെ
നല്ല മത്സ്യം ലഭിക്കുമല്ലോ?

കടക്കാരുമായി അച്ചൻ പരിചയപ്പെട്ടു.
അച്ചൻ പതിവായി കടയിൽ നിന്നും
മീൻ വാങ്ങും എന്നറിഞ്ഞപ്പോൾ
അവർക്കും സന്തോഷമായി.

എന്നാൽ ആദ്യ ദിവസം തന്നെ
അച്ചൻ കബളിപ്പിക്കപ്പെട്ടു.
ഫ്രഷ് മീൻ ആണെന്നും പറഞ്ഞ്
കൊണ്ടുവന്ന മത്സ്യം കേടുവന്നതായിരുന്നു.

അച്ചന് അരിശവും സങ്കടവും വന്നു.
കുറച്ച് മീൻ കറിയുമായി അച്ചൻ കടയിലെത്തി.
കടക്കാരോട് അത് രുചിച്ചു നോക്കാൻ ആവശ്യപ്പെട്ടു. തെറ്റ് ബോധ്യപ്പെട്ട അവർ അച്ചനോട് ക്ഷമാപണം നടത്തിയെങ്കിലും
പിന്നീട് ആ കടയിൽ നിന്ന് മത്സ്യം വാങ്ങിക്കുന്നത് അച്ചൻ ഒഴിവാക്കി.

”മുഖത്തു നോക്കി കള്ളത്തരം
പറയുന്നവൻ്റെ കടയിൽ നിന്ന്
നമുക്ക് സാധനങ്ങൾ വേണ്ട.
കള്ളത്തരം കൊണ്ട് എല്ലാ കാലവും
മറ്റുള്ളവരെ കബളിപ്പിക്കാനാകില്ലെന്ന്
അവർ തിരിച്ചറിയട്ടെ ”
ഇതായിരുന്നു അച്ചൻ്റെ നിലപാട്.

നല്ലതും ചീത്തയും വേർതിരിക്കാൻ ബുദ്ധിമുട്ടുള്ള കാലമാണിത്.
ഭക്ഷണ സാധനങ്ങളും, വസ്ത്രങ്ങളും
എന്നു വേണ്ട എന്തിലും ഏതിലും മായവും കള്ളത്തരവും ഏറി വരുന്നു.
ഒറിജിനലിനെ വെല്ലുന്ന
ഡ്യൂപ്ലിക്കേറ്റുകളാണ് വിപണിയിൽ.

ഇവിടെയാണ് നിറയെ ഇലകളുമായി, മറ്റുള്ളവരെ കബളിപ്പിച്ച്,
വഴിയോരത്ത് നിലകൊണ്ട
അത്തി വൃക്ഷത്തിൻ്റെ കഥയ്ക്ക്
പ്രാധാന്യമേറുന്നത്.

“ഇനി ഒരിക്കലും നിന്നില്‍ ഫലങ്ങളുണ്ടാകാതിരിക്കട്ടെ”
(മത്തായി 21 : 19) എന്നു പറഞ്ഞാണ്
ക്രിസ്തു അതിനെ ശപിക്കുന്നത്.

എത്ര മറയ്ക്കാൻ ശ്രമിച്ചാലും
കാപട്യത്തിൻ്റെ മുഖംമൂടി
ഒരുനാൾ വലിച്ചെറിയപ്പെടുമെന്ന
അവബോധം ഇനിയെങ്കിലും
നമ്മെ വഴി നടത്തട്ടെ.

ഫാദർ ജെൻസൺ ലാസലെറ്റ്
മെയ് 4-2021

Leave a Reply

Your email address will not be published. Required fields are marked *