താങ്ങിയെടുത്ത കരങ്ങൾ: റവ. ഫാ ജെൻസൺ ലാസലെറ്റ്

Share

അനുദിന ചിന്തകളിൽ റവ. ഫാ ജെൻസൺ ലാസലെറ്റ് എഴുതുന്നു

താങ്ങിയെടുത്ത കരങ്ങൾ

1981 മെയ് 13 ഒരു ബുധനാഴ്ചയായിരുന്നു. ആയിരക്കണക്കിന് വിശ്വാസികൾ തിങ്ങിക്കൂടിയ സെൻ്റ് പീറ്റേഴ്സ് ചത്വരം.

ലോകം മുഴുവനുമുള്ള കത്തോലിക്കരുടെ അധ്യത്മിക പിതാവായ പാപ്പ….
അതാ പുഞ്ചിരി തൂകി,
കരങ്ങൾ ഉയർത്തി ഏവരെയും അനുഗ്രഹിച്ചുകൊണ്ട് കടന്നു വരുന്നു.

പോപ്പിനെ ഒന്നു സ്പർശിക്കാൻ,
മിഴിനിറയെ ഒരുനോക്കു കാണാൻ
ജനം തിക്കും തിരക്കും കൂട്ടുകയായിരുന്നു.

അനുഗ്രഹപൂരിതമായ
ആ നിമിഷങ്ങളിൽ ഏവരെയും ഭീതിയിലാഴ്ത്തികൊണ്ട് അന്തരീക്ഷത്തിൽ വെടിയൊച്ചകളുയർന്നു.

വേടൻ്റെ അമ്പേറ്റ് വീഴുന്ന പക്ഷിപോലെ….
വിശ്വാസികൾക്കു മധ്യേ
ആ മനുഷ്യൻ കുഴഞ്ഞു വീണു…
ജോൺ പോൾ രണ്ടാമൻ പാപ്പ.

ജനത്തിൻ്റെ നിലവിളികളുയർന്നു.
വിവിധ ഭാഷകളിൽ അവർ
ഒന്നടങ്കം പ്രാർത്ഥിച്ചു….
”ദൈവമേ… രക്ഷിക്കണേ….. “

ആശുപത്രിയിലേക്കുള്ള യാത്ര മധ്യേ ആംബുലൻസിൽ കുഴഞ്ഞു വീണ
പാപ്പയ്ക്ക് കർദിനാൾ ദിവിസ്ക്കി
അന്ത്യകൂദാശ നൽകി.

മുഹമ്മദ് അലി അഗ്കയുടെ വെടിയേറ്റ്
വീണ ആ ദിവസത്തിന്
ഒരു പ്രത്യേകതയുണ്ടായിരുന്നു;
ഫാത്തിമ മാതാവിൻ്റെ പ്രത്യക്ഷ തിരുന്നാൾ.

അടിവയറ്റിൽ പതിച്ച ആ വെടിയുണ്ടകൾ പാപ്പയുടെ ആന്തരിക അവയവങ്ങളെ കാര്യമായ ക്ഷതമേൽപിച്ചില്ല.
“വെടിയേറ്റ് കുഴഞ്ഞു വീണ എന്നെ
ഒരു അദൃശ്യകരം താങ്ങുന്നതായ് അനുഭവപ്പെട്ടു” എന്നാണ് പാപ്പ പറഞ്ഞത്.
ആ അദൃശ്യകരം മാതാവിൻ്റേതാണെന്ന് അദ്ദേഹം ലോകത്തോട് വിളിച്ചു പറഞ്ഞു.

”എൻ്റെ സഹോദരനോട് ഞാൻ ക്ഷമിച്ചിരിക്കുന്നു. അവനുവേണ്ടി നിങ്ങൾ പ്രാർത്ഥിക്കണം.” എന്നായിരുന്നു നിറയൊഴിച്ചവനുവേണ്ടിയുള്ള
അദ്ദേഹത്തിൻ്റെ അപേക്ഷ.

പിറ്റേവർഷം,
തനിക്ക് വെടിയേറ്റ അതേ ദിവസം
1982 മെയ് 13ന്
ജോൺ പോൾ രണ്ടാമൻ പാപ്പ ഫാത്തിമായിലെത്തി. മാതാവിൻ്റെ തിരുസ്വരൂപത്തിനു മുമ്പിൽ മുട്ടുകൾ മടക്കി
ജിവൻ രക്ഷിച്ചതിന് നന്ദിയർപ്പിച്ചു.

തൻ്റെ ഉദരത്തിൽ പതിച്ച വെടിയുണ്ടകളിൽ ഒന്ന് ഫാത്തിമ മാതാവിൻ്റെ
തിരുസ്വരൂപത്തിലെ കിരീടത്തിൽ
നന്ദിസൂചകമായ് അദ്ദേഹം പ്രതിഷ്ഠിച്ചു.

രണ്ടു വർഷങ്ങൾക്കു ശേഷം,
തന്നെ കൊലപ്പെടുത്താൻ ശ്രമിച്ച വ്യക്തിയെ സന്ദർശിക്കാൾ പാപ്പ ജയിലിലെത്തി.
അവൻ്റെ മിഴികളിലേക്ക് നോക്കി പറഞ്ഞു:
“സഹോദരാ…. ഞാൻ നിങ്ങളോട് ക്ഷമിക്കുന്നു. ദൈവം നിന്നോട് കരുണ കാണിക്കട്ടെ….”
അയാൾ പാപ്പയുടെ കരം ചുംബിച്ചു.
പാപ്പ അയാൾക്ക് സമ്മാനം നൽകി;
ഒരു ജപമാല!

ഈ വർഷം ഫാത്തിമ്മാ ദർശനത്തിൻ്റെ വാർഷിക ദിനത്തിലാണ്
(2021 മെയ് 13) കർത്താവിൻ്റെ സ്വർഗാരോഹണ തിരുനാളും.

“ഇതാ, എന്റെ പിതാവിന്റെ വാഗ്‌ദാനം നിങ്ങളുടെമേല്‍ ഞാന്‍ അയയ്‌ക്കുന്നു”
(ലൂക്കാ 24 : 49) എന്ന സ്വർഗാരോഹിതനായ ക്രിസ്തുവിൻ്റെ വാക്കുകൾ നമുക്ക് കരുത്തേകട്ടെ.

അവിടുത്തെ വാഗ്ദാനമായ പരിശുദ്ധാത്മാവിനുവേണ്ടി ഉണർവോടെ നമുക്ക് പ്രാർത്ഥിക്കാം.

ജപമണികളിലൂടെ മാതാവിൻ്റെ
മാധ്യസ്ഥം തേടാം.
വി.ജോൺപോൾ രണ്ടാമൻ പാപ്പയെ
താങ്ങിയ ആ അദൃശ്യകരം
ഈ മഹാമാരിയുടെ മധ്യേ
ലോകം മുഴുവനെയും താങ്ങി നിർത്തട്ടെ!

എല്ലാവർക്കും കർത്താവിൻ്റെ
സ്വർഗാരോഹണ തിരുനാൾ
മംഗളങ്ങൾ ആശംസിക്കുന്നു!

ഫാദർ ജെൻസൺ ലാസലെറ്റ്
മെയ് 13-2021.

Leave a Reply

Your email address will not be published. Required fields are marked *