ചാകര: റവ. ഫാ ജെൻസൺ ലാസലെറ്റ്

Share

അനുദിന ചിന്തകളിൽ റവ. ഫാ ജെൻസൺ ലാസലെറ്റ് എഴുതുന്നു

ചാകര

മൂന്നു വർഷങ്ങൾക്കു മുമ്പ്
ആശ്രമത്തിൽ ധ്യാനം നടക്കുന്നു.
നൂറിലധികം ആളുകൾ പങ്കെടുക്കുന്നുണ്ട്.
അപ്പോഴാണ് ശുദ്ധജലത്തിന് ക്ഷാമം.
കിണറിൽ വെള്ളമില്ലാത്തതു കൊണ്ടാകാം
ടാങ്കിൽ വെള്ളമെത്തുന്നില്ല.
അതുകൊണ്ട്
ധ്യാനത്തിന് സംബന്ധിക്കാൻ എത്തിയവർക്കായി വില കൊടുത്ത്
ടാങ്കർ വെള്ളം വാങ്ങേണ്ടി വന്നു.
ധ്യാനത്തിനു ശേഷം നടത്തിയ അന്വേഷണത്തിലാണ് ടാങ്കിൽ വെള്ളം നിറയാത്തതിൻ്റെ യഥാർത്ഥ്യം മനസിലായത്.

കിണറിൽ നിന്നും ടാങ്കിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പിന് പൊട്ടലുണ്ടായിരുന്നു.
ഒരു പ്രദേശത്തെ മണ്ണ് നനഞ്ഞ് ഉറവ പോലെ വെള്ളം മുകളിലേക്ക് വരുന്നത് ശ്രദ്ധയിൽ പെട്ടപ്പോഴാണ് ഞങ്ങൾക്ക് കാര്യം മനസിലായത്.

കിണർ നിറയെ വെള്ളമുണ്ടായിട്ടും
മോട്ടോർ പ്രവർത്തിച്ചിട്ടും ടാങ്കിൽ വെള്ളമെത്താത്തതുപോലെയല്ലെ
നമ്മുടെ ആധ്യാത്മിക ജീവിതവും?
കൃപയൊഴുകുന്ന പൈപ്പുകളിൽ
വിള്ളൽ വീണാൽ എത്ര അധ്വാനിച്ചാലും പ്രാർത്ഥിച്ചാലും ചിലപ്പോൾ
ഫലം ലഭിച്ചെന്ന് വരില്ല.

ഇതു തന്നെയാണ് അന്ന് പത്രോസിനും കൂട്ടർക്കും സംഭവിച്ചത്.
ഉത്ഥിതനായ ക്രിസ്തുവിലുള്ള വിശ്വാസമുപേക്ഷിച്ച് ഒരു രാത്രി മുഴുവനും തിബേരിയസ് കടലിൽ വലയെറിഞ്ഞിട്ടും അവർക്ക് മീനൊന്നും കിട്ടിയില്ല.
അവസാനം ക്രിസ്തുവിൻ്റെ ആജ്ഞ പ്രകാരം വലതു വശത്ത് വലയെറിഞ്ഞപ്പോൾ വലക്കണ്ണികൾ പൊട്ടുമാറ് മീനിൻ്റെ ചാകരയായിരുന്നു (Ref യോഹ 21:1-14).

ആധ്യാത്മിക ജീവിതത്തിൽ
കൃപയുടെ ചാകര വേണമെങ്കിൽ ക്രിസ്തുവിനോട് ചേർന്നു നിൽക്കണം.
അവൻ്റെ ആജ്ഞകൾക്കായ് കാതോർക്കണം. അവൻ പറയുന്നത് അനുസരിക്കണം.

ഫാദർ ജെൻസൺ ലാസലെറ്റ്
മെയ് 2-2021

Leave a Reply

Your email address will not be published. Required fields are marked *