സാഹചര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ അറിയണം: കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ അനുപം ഖേര്‍

Share

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ അനുപം ഖേര്‍. പ്രതിച്ഛായ കെട്ടിപ്പെടുക്കുന്നതിനേക്കാള്‍ വലിയ കാര്യങ്ങള്‍ ജീവിതത്തിലുണ്ടെന്ന് സര്‍ക്കാര്‍ തിരിച്ചറിയണമെന്നും അനുപം ഖേര്‍ പറഞ്ഞു.

കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ സർക്കാരിന് വീഴ്ച പറ്റി. സമൂഹത്തില്‍ നിന്ന് ഉയര്‍ന്നു വരുന്ന വിമര്‍ശനങ്ങള്‍ പ്രസക്തിയുള്ളതാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിന് സാഹചര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ അറിയണമെന്നും അനുപം ഖേര്‍ ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കുറ്റപ്പെടുത്തി.

നദികളില്‍ മനുഷ്യരുടെ മൃതദേഹം ഒഴുകുന്ന കാഴ്ചകള്‍ മനുഷ്യത്വരഹിതമായ വ്യക്തിയെ മാത്രമേ ബാധിക്കാതിരിക്കുകയുള്ളൂ. കോവിഡ് ബാധിച്ചവരുടെ കുടുംബാംഗങ്ങള്‍ ഹോസ്പിറ്റല്‍ ബെഡിനുവേണ്ടി യാചിക്കുന്ന കാഴ്ച ഹൃദയഭേദകമാണ്. അനുപം ഖേര്‍ കൂട്ടിച്ചേര്‍ത്തു.

മോദി സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചു വന്ന നടനാണ് അനുപം ഖേര്‍. ഇദ്ദേഹത്തിന്‍റെ പ്രതികരണം സര്‍ക്കാറിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. നടിയായ കിരണ്‍ ഖേര്‍ ബി.ജെ.പി ലോക്സഭ അംഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *