10 മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഹൈപ്പവര്‍ ലിഥീയം അയോണ്‍ ബാറ്ററിയുമായി കൊച്ചി അമൃത സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗം

Share

കൊച്ചി: നിമിഷങ്ങള്‍ക്കുള്ളില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ലിഥീയം-അയോണ്‍ ബാറ്ററിയുമായി കൊച്ചി അമൃത സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗം. 10 മിനിറ്റില്‍ താഴെ ചാര്‍ജിംഗ് സമയമെടുത്ത് പതിനായിരം തവണ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഈ കണ്ടുപിടുത്തം ലോകത്തില്‍ ആദ്യമായാണ്.
പ്രധാനമായും ഇലട്രിക് കാറുകളിലാണ് ഇവ ഉപയോഗിക്കാന്‍ കഴിയുന്നത്.

പ്രൊഫ ഡോ. ശാന്തികുമാര്‍ വി.നായര്‍

നാനോ ടെക്നോളജിയുടെ സഹായത്തോടെ രണ്ടര വര്‍ഷം നീണ്ട ഗവേഷണത്തിനൊടുവിലാണ് വളരെ വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന പുതിയ ഹൈപ്പവര്‍ ബാറ്ററി നിര്‍മിച്ചിരിക്കുന്നതെന്ന് ഇതിന് നേതൃത്വം നല്‍കിയ കൊച്ചി അമൃത സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗം ഡയറക്ടര്‍ പ്രൊഫ. ശാന്തികുമാര്‍ വി.നായര്‍, നാനോ എനര്‍ജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ദാമോദരന്‍ സന്താനഗോപാലന്‍ എന്നിവര്‍ പറഞ്ഞു.

പ്രൊഫസര്‍ ഡോ. ദാമോദരന്‍ സന്താനഗോപാലന്‍

അതിനൂതനമായ നാനോ ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ 10 മിനിറ്റ് കൊണ്ട് ഒരു സെല്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന വിധത്തിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. പുതിയ ബാറ്ററി പതിനായിരം തവണ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞതായി പ്രൊഫ. ശാന്തികുമാര്‍ വി.നായര്‍ പറഞ്ഞു.

ഹൈപ്പവര്‍ ലിഥീയം അയോണ്‍ സെല്ലുകള്‍കൊണ്ട് നിര്‍മിക്കുന്ന ബാറ്ററി പാക്കിന്റെ ഉപയോഗം മൂലം കുറഞ്ഞ സമയത്തിനുള്ളില്‍ സെല്ലുകള്‍ ചാര്‍ജ് ചെയ്യുന്നതിനാല്‍ സമയലാഭമുണ്ടാകും. അതിനാല്‍ തന്നെ ഇലട്രിക് വാഹനങ്ങളില്‍ ഇത്തരം ബാറ്ററി പാക്കിന്റെ ഉപയോഗം വളരെ ഫലപ്രദമായിരിക്കും. മുന്നോട്ടുള്ള കാലഘട്ടത്തില്‍ ഇത്തരം ഹൈപ്പവര്‍ ബാറ്ററികള്‍ക്ക് വലിയ സാധ്യതയാണുള്ളതെന്ന് പ്രൊഫ. ശാന്തികുമാര്‍ വി.നായര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *