നടിയെ ആക്രമിച്ച കേസ്: വിചാരണ തീര്‍ക്കാന്‍ ആറു മാസം കൂടി അനുവദിച്ചു

ന്യൂഡല്‍ഹി: നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി സമയം അനുവദിച്ചു. പ്രത്യേക കോടതി ജഡ്ജിയുടെ കത്തു പരിഗണിച്ച് സുപ്രീം കോടതിയാണ് സമയം നീട്ടി നല്‍കിയത്.
കോടതി മാറ്റം ആവശ്യപ്പെട്ടു പ്രോസിക്യൂഷന് നല്കിയ ഹര്‍ജി മൂലവും പ്രോസിക്യുട്ടര്‍ ഹാജര്‍ ആകാത്തതിനാലുമാണ് സുപ്രീം കോടതി നിര്‍ദേശിച്ച സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്ന് പ്രത്യേക കോടതി ജഡ്ജി ഹണി എം വര്‍ഗീസ് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീം കോടതി പുറത്തിറക്കിയ ഉത്തരവ് പ്രകാരം വിചാരണ കോടതിയിലെ നടപടികള്‍ ഫെബ്രുവരി ആദ്യ വാരം പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. ഈ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു.
ഇതിനിടയില്‍ കേസിലെ പബ്ലിക് പ്രോസിക്യുട്ടര്‍ എ. സുരേശന് രാജി വയ്ക്കുകയും വി.എന്‍ അനില്‍കുമാറിനെ പബ്ലിക് പ്രോസിക്യുട്ടര്‍ ആയി സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തു.
നടന് ദിലീപ് പ്രതിയായ കേസ് സംസ്ഥാനത്ത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.