ഷഷ്ഠാഷ്ടമ ദോഷം പരിഗണിക്കണം

Share

ഹരിജ്യോതിഷം പംക്തിയിൽ പ്രശസ്ത ജ്യോതിഷിയും വാസ്തു വിദഗ്ദ്ധനുമായ ശ്രീ കെ. എസ്. ഹരിബാബു എഴുതുന്നു

വിവാഹ പൊരുത്തം നോക്കുമ്പോഴാണ് ഷഷ്ഠാഷ്ടമ ദോഷം പരിഗണിക്കപ്പെടുന്നത്. എന്താണ് ഷഷ്ഠാഷ്ടമ ദോഷം എന്നു പരിശോധിക്കാം. ഷഷ്ഠം എന്നാൽ ആറ്, അഷ്ടമം എന്നാൽ എട്ട്.  ഷഷ്ഠാഷ്ടമം എന്നാൽ ആറും എട്ടും എന്നാണർത്ഥം. പത്തു പൊരുത്തങ്ങളെ മാത്രം അടിസ്ഥാനമാക്കി ജാതക പൊരുത്തം നിർണയിക്കപ്പെടാൻ പാടില്ല. ഏഴോ എട്ടോ പൊരുത്തമുണ്ടെങ്കിൽ പോലും ഷഷ്ഠാഷ്ടമ ദോഷമുണ്ടെങ്കിൽ ആ ജാതകങ്ങൾ വിവാഹത്തിനായി യോജിപ്പിക്കുവാൻ പാടില്ല.

പെൺകുട്ടി ജനിച്ച നക്ഷത്ര പ്രകാരമുള്ള രാശിയുടെ ആറാം രാശിയിൽ വരുന്ന പുരുഷനെ വർജിക്കണം എന്നാണ് ജ്യോതിശാസ്ത്രം പറയുന്നത്. ഉദാഹരണമായി ഭരണി നക്ഷത്രത്തിൽ ജനിച്ച സ്ത്രീയും അത്തം നക്ഷത്രത്തിൽ ജനിച്ച പുരുഷനും തമ്മിൽ വിവാഹ പൊരുത്തം നോക്കുകയാണെങ്കിൽ പത്തു പൊരുത്തത്തിൽ  ആറോ ഏഴോ പൊരുത്തമുണ്ടെങ്കിലും ഷഷ്ഠാഷ്ടമ ദോഷം പരിഗണിക്കുമ്പോൾ ചേർക്കാൻ പാടില്ലാത്ത നക്ഷത്രങ്ങളായി മാറുന്നു. അതിന്നു കാരണമെന്തന്നാൽ പെൺകുട്ടിയുടെ നക്ഷത്രമായ ഭരണി മേടം രാശിയിലും പുരുഷ നക്ഷത്രമായ അത്തം മേടം രാശിയുടെ ആറാം രാശിയായ കന്നിയിലുമാണ് നിലകൊള്ളുന്നത് എന്നതാണ്.

പുരുഷൻ ജനിച്ച നക്ഷത്ര രാശിയിൽ  നിന്നും എട്ടാംരാശിയിൽ  സ്ത്രീ  നക്ഷത്രം   വരുന്നതാണ് അഷ്ടമം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണമായി കന്നി രാശിയിൽ പിറന്ന പുരുഷനെ സംബന്ധിച്ചിടത്തോളം അതിൻറെ എട്ടാം രാശിയായ മേടം രാശിയിൽ പിറന്ന സ്ത്രീ വർജ്യയാണ്.

ഇത് പൊതുവായ ഗണനയാണ്. എന്നാൽ കന്യക ജനിച്ച രാശിയുടെയും പുരുഷൻ ജനിച്ച രാശിയുടെയും അധിപനായി വരുന്നതു ഒരേ ഗ്രഹം തന്നെയാണെങ്കിൽ  ഷഷ്ഠാഷ്ടമ ദോഷം വിധിക്കപ്പെടാനും പാടില്ല.  ഉദാഹരണമായി അനിഴം നക്ഷത്രത്തിൽ പിറന്ന സ്ത്രീയും  അശ്വതി നക്ഷത്രത്തിൽ പിറന്ന പുരുഷനും തമ്മിൽ രാശിപ്രകാരം ഷഷ്ഠാഷ്ടമ ദോഷം പൊതുവിൽ പറയാമെങ്കിലും രണ്ടു രാശിയുടെയും അധിപനായി വരുന്ന ഗ്രഹം ഒന്നുതന്നെ ആയതുകൊണ്ട് ദോഷം വിധിക്കാൻ പാടില്ല. രണ്ടു രാശിയുടെയും അധിപൻ കുജൻ അഥവാ ചൊവ്വയാണ്.  ഷഷ്ഠാഷ്ടമ ദോഷം വിധിക്കപ്പെടുന്ന നക്ഷത്രജാതർ തമ്മിൽ വിവാഹിതരായാൽ സ്വസ്ഥമായ കുടും ബജീവിതവും ദാമ്പത്യ ജീവിതവും പലവിധ കാരണങ്ങളാൽ ലഭ്യമാകാതെ പോകുന്നു. ആയതിനാൽ ജാതക പൊരുത്ത നിർണയത്തിൽ ഷഷ്ഠാഷ്ടമ ദോഷംകൂടി പരിഗണിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *