ഏറ്റവും വലിയ നൊമ്പരം: റവ. ഫാ ജെൻസൺ ലാസലെറ്റ്

Share

അനുദിന ചിന്തകളിൽ റവ. ഫാ ജെൻസൺ ലാസലെറ്റ് എഴുതുന്നു

ഏറ്റവും വലിയ നൊമ്പരം

ജീവിതത്തിൽ ഏറ്റവും വലിയ
നൊമ്പരം ഏതാണെന്ന ചോദ്യത്തിന് ഉത്തരങ്ങൾ പലതായിരുന്നു.

കുഞ്ഞുങ്ങൾ ഇല്ലാത്തത്,
മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ
മക്കൾ മരണപ്പെടുന്നത്,
ജീവിത പങ്കാളി സംശയിക്കുന്നത്,
സ്വന്തമായൊരു ഭവനമില്ലാത്തത്,
വീട്ടാൻ പറ്റാത്ത കടങ്ങൾ,
അപ്രതീക്ഷിതമായ രോഗങ്ങൾ, അപകടങ്ങൾ…..

ചോദ്യം മാതാപിതാക്കളോട് ആയിരുന്നതുകൊണ്ട് ഓരോരുത്തരും അവരവരുടെ ജീവിത സാഹചര്യങ്ങൾ വച്ച് ഉത്തരം നൽകി.

എന്നാൽ എൻ്റെ മനസിനെ
വല്ലാതെ പിടിച്ചുലച്ച ഉത്തരം
ഒരു അപ്പൻ്റേതായിരുന്നു:

“അച്ചാ,
ഒരു പ്രത്യേക അളവുകോൽ
കൊണ്ട് അളക്കാൻ പറ്റുന്നതല്ല ദു:ഖം.
എങ്കിലും എൻ്റെ അഭിപ്രായത്തിൽ
ഏറ്റവും വലിയ ദു:ഖമെന്നത്
മക്കൾ വഴിതെറ്റി പോകുന്നതാണ്.
എത്ര പ്രതീക്ഷയോടെയാണ്
നാം അവരെ വളർത്തിക്കൊണ്ടു വരുന്നത്. പക്ഷേ,
അവർക്ക് ഉപേക്ഷിക്കാൻ കഴിയാത്ത ദു:ശീലങ്ങളും നമ്മിൽ നിന്നും മറച്ചുപിടിച്ച ബന്ധങ്ങളും സൗഹൃദങ്ങളും ഇടപാടുകളുമൊക്കെ ഉണ്ടെന്ന് നാമറിയുന്നതാണ് ഏറ്റവും വലിയ ദുഃഖം..”

തുടർന്നു സംസാരിക്കാൻ അയാൾ ബുദ്ധിമുട്ടുന്നതു കണ്ടപ്പോൾ
കസേരയിൽ അല്പനേരം ഇരുത്തി.
കുറച്ച് വെള്ളം കുടിച്ച ശേഷം ഇരുന്നു കൊണ്ട്തന്നെ അയാൾ തുടർന്നു:

“എൻ്റെ മൂന്നു മക്കളിൽ ഇളയവൾ
ഒരു സുപ്രഭാതത്തിൽ മറ്റൊരുത്തൻ്റെ
കൂടെ ഇറങ്ങിപ്പോയി.
ഞങ്ങൾ ആവുന്നതും അവളെ
വിളിച്ചു നോക്കി; ഒന്നു തിരിഞ്ഞു പോലും നോക്കാതെ അവൾ വീടുവിട്ടിറങ്ങി.
അന്ന് താഴ്ന്നതാണ് ഞങ്ങളുടെ ശിരസ്.
അന്നാണ് ഞങ്ങൾ ശരിക്കും
തോറ്റുപോയത്….

അച്ചാ,
മക്കൾ മരിച്ചു പോയാലുള്ള ദു:ഖം
എതാനും മാസങ്ങൾ കഴിയുമ്പോൾ തീരും. എന്നാൽ നമ്മളെ വേണ്ടായെന്നു പറഞ്ഞ് ഇറങ്ങിപ്പോകുമ്പോഴുള്ള നൊമ്പരം
എന്നുമൊരു നീറ്റലാണ്.
ഒരുപക്ഷേ ഭാവിയിൽ ഞാനവളെ സ്വീകരിക്കുമായിരിക്കും…
എന്നാലും അതിൽ എന്തുമാത്രം ആത്മാർത്ഥതയുണ്ടാകും
എന്ന് പറയാനാകില്ല.”

മകളോട് പൊറുക്കണമെന്നും
അവൾക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും പറഞ്ഞ് ഞാനയാളെ ആശ്വസിപ്പിച്ചു.

ഇക്കാലഘട്ടത്തിൽ മക്കൾക്കു വേണ്ടി ത്യാഗങ്ങൾ അനുഷ്ഠിച്ച് പ്രാർത്ഥിക്കുന്ന മാതാപിതാക്കൾ ഉദയം ചെയ്യണം.
മക്കൾ ദൈവത്തോട് ചേർന്ന്‌ നിൽക്കാനും
വിശ്വാസത്തിൽ നിലകൊള്ളാനും
തെറ്റിൻ്റെ വഴിക്ക് സഞ്ചരിക്കാതിരിക്കാനും പ്രാർത്ഥിക്കണം. അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം അവരുടെ സുഹൃത്തുക്കൾക്കും ഗുരുഭൂതർക്കും സഹപ്രവർത്തകർക്കും വേണ്ടിയെല്ലാം പ്രാർത്ഥിക്കേണ്ടതുണ്ട്.

തൻ്റെ ശിഷ്യഗണത്തെ മുഴുവനും
പിതാവിന് സമർപ്പിച്ച്,
അവർ ഐക്യത്തിൽ ആയിരിക്കാനും
വചനത്തിനധിഷ്ഠിതമായ് ജീവിക്കാനും
തിന്മകളിൽ അകപ്പെടാതിരിക്കാനുമെല്ലാം
ക്രിസ്തുവും പ്രാർത്ഥിക്കുന്നുണ്ട്
(Ref യോഹ17:6-10).
കൂടെ നടന്ന ശിഷ്യർക്കു വേണ്ടി
ഇത്രമാത്രം ആത്മാർത്ഥതയോടെ
ക്രിസ്തു പ്രാർത്ഥിച്ചെങ്കിൽ,
നമ്മുടെ തലമുറയ്ക്കു വേണ്ടി
എത്ര തീക്ഷ്ണമായി നമ്മൾ പ്രാർത്ഥിക്കേണ്ടതുണ്ട്?

പ്രാർത്ഥനയും പരിത്യാഗവും
വർദ്ധിക്കുന്നിടത്തു മാത്രമേ
വിശുദ്ധിയ്ക്ക് നിലനില്പുള്ളൂ
എന്ന വസ്തുത മറക്കാതിരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *