ക്രിസ്തു എനിക്കാരാണ്?: റവ. ഫാ ജെൻസൺ ലാസലെറ്റ്

Share

അനുദിന ചിന്തകളിൽ റവ. ഫാ ജെൻസൺ ലാസലെറ്റ് എഴുതുന്നു

ക്രിസ്തു എനിക്കാരാണ്?

വാഹനാപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കിടക്കുന്ന
സുഹൃത്തിനെ കാണാനാണ്
സഹപാഠിയായ വൈദികനെത്തിയത്.
മദ്യപിച്ച് വാഹനമോടിച്ചതിനാലാണ്
അപകടമെന്ന് ആ വൈദികന്
ആശുപത്രിയിലെത്തിയപ്പോൾ മനസിലായി.

സുഹൃത്തിൻ്റെ അരികിലിരുന്ന്
വൈദികൾ അയാളുടെ
കണ്ണുകളിലേക്ക് നോക്കികൊണ്ട്
ചോദിച്ചു:

“നമ്മൾ ഒരുമിച്ച് അൾത്താര
ബാലന്മാരായി കുർബാനയ്ക്ക്
കൂടിയത് ഓർക്കുന്നുണ്ടോ?”

”ഓർക്കുന്നു”
അയാളുടെ മിഴികളിൽ നനവ്.

“പണ്ടൊക്കെ എന്നേക്കാൾ മുമ്പ് പള്ളിയിലെത്തിയിരുന്നത് നീയായിരുന്നു.
പിന്നീട് യുവജന പ്രസ്ഥാനത്തിൽ
ഉള്ളപ്പോൾ പള്ളിയിലിരുന്ന്
മണിക്കൂറുകളോളം പ്രാർത്ഥിച്ചിരുന്നതും അനേകരെ ധ്യാനത്തിൽ പങ്കെടുപ്പിക്കാൻ കൊണ്ടുപോയതും ഓർമ്മയില്ലേ?

ധ്യാനത്തിന് പോയി വരുന്നവർ
മദ്യപാനവും മറ്റു ദു:ശീലങ്ങളുമെല്ലാം നിർത്തിയെന്ന് സാക്ഷ്യപ്പെടുത്തിയപ്പോൾ നിനക്കുണ്ടായിരുന്ന ആനന്ദത്തിന് അതിരില്ലായിരുന്നു.
പിന്നീട് പ്രാർത്ഥനാ കൂട്ടായ്മയിൽ നിന്ന്
ഞാൻ അച്ചനാകാൻ പോയപ്പോൾ
നിനക്കെന്തൊരു സന്തോഷമായിരുന്നു.

സെമിനാരിയിൽ എന്നെ കാണാൻ വരുമ്പോൾ ‘ക്രിസ്തുവിനു വേണ്ടി മരിക്കണം,
അതാണ് ഓരോ ക്രിസ്ത്യാനിയുടെയും വിളി’
എന്ന നിൻ്റെ വാക്കുകൾ
എത്രയോ തവണ എന്നെ കോരിത്തരിപ്പിച്ചിരിക്കുന്നു?
ആ നീയാണോ ഇന്ന് മദ്യത്തിന് അടിമയായിരിക്കുന്നത്?”

അവൻ്റെ കരം പിടിച്ചുകൊണ്ട്
ആ വൈദിക സുഹൃത്ത് ചോദിച്ചു:
“നീ ഇന്നും ക്രിസ്തുവിനെ സ്നേഹിക്കുന്നുണ്ടോ?”

നിശബ്ദനായി കരഞ്ഞുകൊണ്ടിരുന്ന
അവനുവേണ്ടി പ്രാർത്ഥിച്ച ശേഷം
ആശുപത്രിയിൽ നിന്ന്
ഇറങ്ങുന്നതിനു മുമ്പ്
അവൻ്റെ കാതുകളിൽ പറഞ്ഞു:

”സ്നേഹിതാ,
ഈശോ ഇന്നും നിന്നെ സ്നേഹിക്കുന്നുണ്ട്..
നീ ഒന്നു മനസു വെച്ചാൽ
നീയും നിൻ്റെ കുടുംബം രക്ഷപ്പെടും.”
അയാളുടെ നോട്ടം പ്രതീക്ഷയുടേതായിരുന്നു.

വിശ്വാസ ജീവിതത്തിൽ വ്യതിചലനം സംഭവിച്ചവരുടെ ധാരാളം കഥകൾ
നമുക്കു ചുറ്റും കേൾക്കുമ്പോൾ
സത്യത്തിൽ നമ്മുടെ ഹൃദയത്തിലും നൊമ്പരപ്പൂക്കൾ വിടരുന്നില്ലേ?

ഒരു കാലത്ത് സ്ഥിരമായ്
പള്ളിയിൽ വന്നവരും
പ്രാർത്ഥനാ കൂട്ടായ്മയിൽ
ഉണ്ടായിരുന്നവരും അൾത്താര ശുശ്രൂഷികളായിരുന്നവരും
യുവജനപ്രസ്ഥാനങ്ങളിൽ
പ്രവർത്തിച്ചവരുമൊക്കെ
വിശ്വാസം ഉപേക്ഷിച്ചു എന്നു
കേൾക്കുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നില്ലേ?

അതിനാൽ തന്നെ ക്രിസ്തുവിൻ്റെ
ആ ചോദ്യം നമ്മെയെല്ലാം ഇന്നും
വെല്ലുവിളിക്കട്ടെ!

“ഞാന്‍ ആരെന്നാണ്‌
നിങ്ങള്‍ പറയുന്നത്‌?”
(മത്താ 16 :15).

Leave a Reply

Your email address will not be published. Required fields are marked *