പൈശാചിക ബാധയുടെ കഥകൾ: റവ. ഫാ ജെൻസൺ ലാസലെറ്റ്

അനുദിന ചിന്തകളിൽ റവ. ഫാ ജെൻസൺ ലാസലെറ്റ് എഴുതുന്നു
പൈശാചിക ബാധയുടെ കഥകൾ
ഇടവക സെമിത്തേരിയിൽ
രാത്രി കാലങ്ങളിൽ
ആരുടെയൊക്കെയോ
സംസാരം ഉയർന്ന് കേൾക്കാമായിരുന്നു.
അയൽവാസികൾ പറഞ്ഞു;
പിശാചാണെന്ന്.
വാർത്തയ്ക്ക് പ്രാധാന്യമേറിയതോടെ
ആരും തന്നെ സന്ധ്യ കഴിഞ്ഞാൽ
അതുവഴി പോകാതായി.
പുതിയ വികാരിയച്ചൻ വന്നപ്പോൾ
ഇടവകക്കാർ ആദ്യം സൂചിപ്പിച്ചത്,
രാത്രി കാലങ്ങളിൽ പുറത്തിറങ്ങരുതെന്നായിരുന്നു.
അവർ പറഞ്ഞത് അച്ചൻ തലകുലുക്കി സമ്മതിച്ചു. എന്നാൽ ഒരു ദിവസം
എന്തോ പ്രചോദനത്താൽ
ടോർച്ചുമായി അച്ചൻ പുറത്തേക്കിറങ്ങി.
ധൈര്യം സംഭരിച്ച്
സെമിത്തേരിയിലേക്കു നീങ്ങി.
ലൈറ്റടിച്ചപാടെ മൂന്നാലു പേർ
ഓടുന്നത് കണ്ണിൽപെട്ടു.
അച്ചൻ കണ്ടെന്നുറപ്പായപ്പോൾ
അവർ തിരിച്ചു വന്നു.
“അച്ചാ, ചുമ്മാ സീനാക്കരുത്.
ഞങ്ങളെ വിട്ടേക്ക്.
നാളെ ഇക്കാര്യങ്ങൾ പള്ളിയിൽ
പറയാനും പോകരുത്.
വർഷങ്ങളായി ഞങ്ങൾ ഒത്തുചേരുന്ന
സ്ഥലം സെമിത്തേരിയാണ്.
ആരും വരാതിരിക്കാൻ
ഞങ്ങൾ തന്നെയാണ് പിശാചിൻ്റെ കഥ ഇറക്കിയതും. ഞങ്ങൾ എന്തായാലും
ഇത് തുടരുക തന്നെ ചെയ്യും.”
കൂടുതലൊന്നും സംസാരിക്കാതെ
അച്ചൻ അവരെ പറഞ്ഞു വിട്ടു.
അടുത്ത ഞായറാഴ്ച അവരിൽ ചിലർ പള്ളിയിൽ വന്നിരുന്നു. അറിയിപ്പിൽ
അച്ചൻ അവരുടെ കാര്യമൊന്നും പറയാതിരുന്നപ്പോൾ അവർക്ക് സന്തോഷമായി.
അടുത്ത പൊതുയോഗത്തിൽ പള്ളിയിലും പരിസരങ്ങളിലും സി.സി. ക്യാമറ വയ്ക്കണം എന്ന അച്ചൻ്റെ നിർദ്ദേശം പാസായി. പിന്നീടങ്ങോട്ട് ഇടവകയിൽ
‘പൈശാചിക ശല്യം’ ഉണ്ടായിട്ടില്ലത്രെ!
ഇടവകയിലും സമൂഹത്തിലും വീടുകളിലുമൊക്കെ
തങ്ങളുടെ കാര്യങ്ങളിൽ ഇടപെടുന്നത്
അംഗീകരിക്കാൻ കഴിയാത്ത
ധാരാളം വ്യക്തികളുണ്ട്.
മറ്റുള്ളവരെ തിരുത്തുമ്പോഴും
സ്വയം തിരുത്താൻ അവർ തയ്യാറാകില്ല.
“എൻ്റെ കാര്യം നോക്കാൻ എനിക്കറിയാം, ആരും എന്നെ പഠിപ്പിക്കേണ്ട…” എന്നിങ്ങനെയുള്ള സ്ഥിരം ഡയലോഗുകൾ അവരുടെ സ്വന്തമായിരിക്കും.
സുവിശേഷത്തിലുമുണ്ട് അങ്ങിനെ ചിലർ: ക്രിസ്തുവിൻ്റെ ഭാഷ്യത്തിൽ
അവരിൽ പിശാച് ബാധിച്ചിരുന്നു.
“നസറായനായ യേശുവേ, നീ എന്തിന് ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു?
ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്?” (മര്‍ക്കോ 1 :24)
എന്നാണ് അങ്ങനെയുള്ളവർ ചോദിച്ചിരുന്നത്.
ക്രിസ്തു ആ ദുഷ്ടാരൂപിയെ ശാസിക്കുന്നതായും അരൂപി ബഹിഷ്ക്കരിക്കപ്പെടുന്നതായും
തുടർന്നുള്ള വചനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
ചിലപ്പോഴൊക്കെ
ക്രിസ്തുവിനോട് നമ്മെയും ശാസിക്കാൻ പറയുന്നത് നല്ലതായിരിക്കും.
എന്തെന്നാൽ നമ്മിലുമുണ്ടല്ലോ,
ചില ദുഷ്ടാരൂപികൾ!