കൊല്‍ക്കത്തയില്‍ ബിജെപി റോഡ് ഷോയ്ക്ക് നേരെ കല്ലേറ്

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ബിജെപി നടത്തിയ റോഡ് ഷോയ്ക്കുനേരെ കല്ലേറും കുപ്പിയേറും. കേന്ദ്രമന്ത്രി ദേബശ്രീ ചൗധരി, സംസ്ഥാന ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്, തൃണമൂല്‍ വിട്ട് അടുത്തിടെ ബിജെപിയിലെത്തിയ സുവേന്ദു അധികാരി എന്നിവര്‍ പങ്കെടുത്ത റാലിക്ക് നേരെയാണ് അക്രമം. തൃണമൂല്‍ കോണ്‍ഗ്രസ് പതാകയേന്തിയ ചിലര്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഗോ ബാക്ക് വിളികളുമായി രംഗത്തെത്തുകയായിരുന്നു.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നന്ദിഗ്രാമില്‍ നടത്തിയ റാലിക്ക് തൊട്ടുപിന്നാലെയായിരുന്നു ബിജെപിയുടെ റോഡ്ഷോ. പൊലീസിന്റെ അനുമതിയോടെയാണ് റോഡ് ഷോയെന്ന് സുവേന്ദു അധികാരി പറഞ്ഞു. എന്നിട്ടും കല്ലേറുണ്ടായി. ഭീഷണികള്‍ വിലപ്പോകില്ല. മാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ ബിജെപിക്ക് ഒപ്പമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബിജെപി നടത്തിയ പരിവര്‍ത്തന്‍ യാത്രകളാണ് ഇന്ന് കോല്‍ക്കത്തയില്‍ നടന്നത്. ഏപ്രില്‍-മേയ് മാസങ്ങളിലാവും പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ്.
ബംഗാളിൽ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണ്. അതിനിടെ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുകയും തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയടക്കം വിലയിരുത്തുകയും ചെയ്തിരുന്നു.