ആറാം ക്ലാസുകാരിയുടെ നൊമ്പരം: റവ. ഫാ ജെൻസൺ ലാസലെറ്റ്

Share

അനുദിന ചിന്തകളിൽ റവ. ഫാ ജെൻസൺ ലാസലെറ്റ് എഴുതുന്നു

ആറാം ക്ലാസുകാരിയുടെ നൊമ്പരം

കോവിഡ് 19 ആരംഭിച്ചതിൽ പിന്നെ
പല വീടുകളിലും പച്ചക്കറി കൃഷിയോടൊപ്പം അലങ്കാരമത്സ്യങ്ങൾ,
ലവ് ബേർഡ്‌സ്, പ്രാവ്, മുയൽ,
ആടുമാടുകൾ എന്നിവ
വളർത്തുന്നവർ കൂടിയിട്ടുണ്ട്.

കുട്ടികളിൽ പലരും കുപ്പികളിലും മുറ്റത്തുണ്ടാക്കിയിട്ടുള്ള ചെറുകുളങ്ങളിലുമെല്ലാം മീനുകളെ വളർത്താനും തുടങ്ങി.

ഒരു ആറാം ക്ലാസുകാരിയെ പരിചയമുണ്ട്. അക്വേറിയത്തിലും കുപ്പികളിലും
ചെറിയ കുളത്തിലുമായി
അവളും മീനുകളെ വളർത്തുന്നുണ്ട്. മാതാപിതാക്കളോടൊപ്പം
അമ്മവീട്ടിൽ പോയപ്പോൾ
മീനിൻ്റെ ഉത്തരവാദിത്വം അമ്മൂമ്മയെ ഏൽപിച്ചാണ് പോയത്.
ഒരാഴ്ച കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ
കണ്ട കാഴ്ച ഖേദകരമായിരുന്നു;
ഇരുപതോളം മീനുകൾക്ക് രോഗം
ബാധിച്ചിരിക്കുന്നു.

മീനുകളോടുള്ള സ്നേഹം കൂടിയപ്പോൾ, അമ്മൂമ്മ അവയ്ക്ക് ഇടയ്ക്കിടെ
തീറ്റ നൽകിയതായിരുന്നു കാരണം.
ഒരു മാസം കൊടുക്കേണ്ട ഫുഡ്,
ഒരാഴ്ചകൊണ്ട് അവസാനിപ്പിച്ചപ്പോൾ മീനുകളിൽ പലതിനും രോഗം ബാധിച്ചു. ഭക്ഷണം കൂടിയാൽ മീനുകൾ ചത്തുപോകുമെന്ന് അമ്മൂമ്മയ്ക്ക് അറിയില്ലായിരുന്നു.

”സാരമില്ല,
എന്തായാലും എല്ലാ മീനുകളും നഷ്ടമായില്ലല്ലോ?
ഉള്ളതിനെ പരിപാലിക്കൂ” എന്ന്
ആശ്വസിപ്പിച്ച് ഞാനവളെ പറഞ്ഞയച്ചു.

അവൾ പോയെങ്കിലും
ആ സംഭവത്തെക്കുറിച്ചായിരുന്നു
എൻ്റെ ചിന്ത.
മീൻ നഷ്ടമായപ്പോൾ
പിഞ്ചുമനസ് എത്രമാത്രം നൊന്തു.
മൂന്നു വർഷങ്ങൾക്കു മുമ്പ് ആശ്രമത്തിലെ
ലവ് ബേർഡ്സിനെ പാമ്പുപിടിച്ച കാര്യം ഞാനോർത്തു. ഏറെ പരിപാലിച്ചു
വളർത്തിയവ നഷ്ടപ്പെട്ടപ്പോൾ
ഞങ്ങൾക്കും വളരെ വിഷമം തോന്നിയിരുന്നു.

നമ്മൾ സ്നേഹിച്ചു വളർത്തുന്ന പക്ഷിമൃഗാദികൾ, കാർഷിക വിളവുകൾ എന്നിവ നഷ്ടപ്പെടുമ്പോൾ നൊമ്പരപ്പെടാത്തവരായി ആരുണ്ട്?
അങ്ങനെയെങ്കിൽ നാം പാപവഴിയേ തിരിയുമ്പോൾ നമ്മെ സ്നേഹിക്കുന്ന ദൈവത്തിനുമുണ്ടാകില്ലെ നൊമ്പരം?

കുരുവികളെയും ലില്ലികളെയും പ്രാവുകളെയുമെല്ലാം ഇഷ്ടപ്പെടുന്ന മനുഷ്യനോട് ക്രിസ്തു പറഞ്ഞ
വാക്കുകൾ കേൾക്കൂ:

“അഞ്ചു കുരുവികള്‍
രണ്ടു നാണയത്തുട്ടിനു
വില്‍ക്കപ്പെടുന്നില്ലേ?
അവയില്‍ ഒന്നുപോലും
ദൈവസന്നിധിയില്‍ വിസ്‌മരിക്കപ്പെടുന്നില്ല. നിങ്ങളുടെ തലമുടിയിഴപോലും എണ്ണപ്പെട്ടിരിക്കുന്നു. ഭയപ്പെടേണ്ടാ,
നിങ്ങള്‍ അനേകം കുരുവികളെക്കാള്‍ വിലയുള്ളവരാണ്‌ “
(ലൂക്കാ 12: 6-7).

അതെ,
നാം വളർത്തുന്ന
പക്ഷിമൃഗാദികളേക്കാൾ വില
ദൈവ ദൃഷ്ടിയിൽ നമുക്കുണ്ട്.
അവിടുന്ന് നമ്മെ പരിപാലിക്കും.
അവിടുത്തെ വേദനിപ്പിക്കുന്നതൊന്നും
നമ്മിൽ നിന്നും ഉണ്ടാകാതിരിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *