“ഈ രാജ്യത്ത് എന്താണ് നടക്കുന്നത്’ :ടെലികോം കമ്പനികളെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

Share

ന്യൂഡല്‍ഹി: വാര്‍ഷിക ലൈസന്‍സ് ഫീസ് (എജിആര്‍) കുടിശ്ശിക അടയ്ക്കാനുള്ള ഉത്തരവ് പാലിക്കാതിരുന്ന ടെലികോം കമ്ബനികള്‍ക്കും ഫീസ് ഈടാക്കുന്നതില്‍ വീഴ്ച വരുത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍മെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ടെലികോം കമ്ബനികള്‍ക്കെതിരേ സുപ്രീംകോടതി കോടതിയലക്ഷ്യ നോട്ടീസ് നല്‍കുകയും കമ്ബനി മേധാവികളോട് ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തു.നിയമത്തിന് ഒരു വിലയുമില്ലാതായ ഈ രാജ്യത്ത് പണമാണോ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചോദിച്ചു.

കഴിഞ്ഞ സ്റ്റാറ്റിയൂട്ടറി കുടിശികയായി ഭാരതി എയര്‍ടെലും, വോഡഫോണ്‍ ഐഡിയയും ടാറ്റ ടെലിസര്‍വീസും 1.47 ലക്ഷം കോടി രൂപ സര്‍ക്കാരിന് നല്‍കാനുണ്ട്. ഇത് മാര്‍ച്ച്‌ 17-ന് മുമ്ബ് സര്‍ക്കാരിന് നല്‍കണമെന്ന് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, അബ്ദുള്‍ നസീര്‍, എം.ആര്‍.ഷാ എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടു.
പണം നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ കമ്ബനി മേധാവികള്‍ അടുത്ത തവണ വാദം കേള്‍ക്കുമ്ബോള്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.

കമ്ബനികള്‍ ഇതുവരെ ഒരു പൈസ പോലും അടച്ചില്ല എന്നത് അദ്ഭുതപ്പെടുന്ന കാര്യമാണെന്ന് കോടതി പറഞ്ഞു. ഫീസ് അടയ്ക്കുന്നതിന് സമയം അനുവദിച്ച്‌ ഉത്തരവിറക്കിയ ടെലികോം വകുപ്പിലെ ഡെസ്‌ക് ഓഫിസറെ കോടതിയിലേക്കു വിളിച്ചുവരുത്തുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. ഒരു ഡെസ്‌ക് ഓഫിസര്‍ സുപ്രീം കോടതി ഉത്തരവ് സ്‌റ്റേ ചെയ്യുകയാണോയെന്ന് അദ്ദേഹം ചോദിച്ചു. ”ഈ രാജ്യത്ത് എന്താണ് നടക്കുന്നത്? സുപ്രീം കോടതിക്ക് എന്താണ് വില? പണാധികാരത്തിന്റെ ഫലമാണിത്” – ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *