മരട്: നഗരസഭ കൗണ്‍സില്‍ ഫ്ലാറ്റുകള്‍ പൊളിക്കല്‍ നടപടികള്‍ക്ക് അംഗീകാരം നല്‍കിയില്ല

Share

കൊച്ചി: മരടിൽ അനധികൃതമായി നിർമിച്ച ഫ്ലാറ്റുകള്‍ പൊളിക്കാന്‍ രണ്ട് കമ്പനികളെ തിരഞ്ഞെടുത്തത് ഉൾപ്പെടെയുള്ള നടപടികള്‍ക്ക് നഗരസഭ കൗണ്‍സില്‍ അംഗീകാരം നിഷേധിച്ചു. അജണ്ടയിലില്ലാത്ത വിഷയത്തിന് അംഗീകാരം നല്‍കാനാകില്ലെന്ന് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ നിലപാടെടുത്തു.

കമ്പനികളെ തെരഞ്ഞെടുത്ത ടെണ്ടര്‍ നടപടികള്‍ക്കടക്കം നഗരസഭ കൗണ്‍സിലിന്റെ അംഗീകാരം തേടിയിരുന്നില്ല. ഈ സാഹചര്യത്തില്‍ കമ്പനികള്‍ക്ക് ഫ്ലാറ്റുകള്‍ കൈമാറാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കാനാവില്ലെന്ന് കൗണ്‍സില്‍ അംഗങ്ങള്‍ നിലപാടെടുത്തു. പരിസരവാസികളുടെ ആശങ്കകള്‍ പരിഹരിച്ച ശേഷം അജണ്ട തീരുമാനിച്ച്‌ യോഗം വിളിക്കണമെന്ന് കൗണ്‍സിലര്‍മാര്‍ നിലപാടെടുത്തു.

ഇക്കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി തീരുമാനം അറിയിക്കാമെന്ന് സബ് കളക്ടര്‍ കൗണ്‍സിലിനെ അറിയിച്ചു. മരടിലെ അനധികൃത ഫ്ലാറ്റുകളില്‍ ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാനാണ് തീരുമാനം. മൂന്ന് ഫ്ലാറ്റ് സമുച്ചയങ്ങള്‍ എഡിഫൈസ് എഞ്ചിനീയറിങിനും ഒരെണ്ണം വിജയ് സ്റ്റീല്‍സിനും കൈമാറാനാണ് തീരുമാനം. പരിസരവാസികളെ കൂടി പരിധിയില്‍ ഉള്‍പ്പെടുത്തി 100 കോടിയുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും. 500 മീറ്റര്‍ പരിധിയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കും. പദ്ധതി വിഹിതത്തില്‍ നിന്ന് എടുക്കില്ലെന്നും ഇതിനായി സര്‍ക്കാര്‍ പ്രത്യേക ഫണ്ട് അനുവദിക്കുമെന്നും സബ് കളക്ടര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *