പാക്കിസ്ഥാന്‍ മസൂദ് അസ്ഹറിനെ രഹസ്യമായി മോചിപ്പിച്ചതായി റിപ്പോർട്ട്

Share

ന്യൂഡല്‍ഹി: ജെയ്ഷെ മുഹമ്മദ്‌ തലവന്‍ മസൂദ് അസ്ഹറിനെ പാക്കിസ്ഥാന്‍ രഹസ്യമായി മോചിപ്പിച്ചുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ രാജ്യത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. പാക്കിസ്ഥാന്‍ വന്‍ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുകയാണെന്നും രഹസ്യാന്വേഷണ എജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഭീകരാക്രമണത്തിന്‍റെ പദ്ധതികള്‍ ഏകീകരിക്കുന്നതിന് വേണ്ടിയാണ് രഹസ്യമായി മസൂദ് അസ്ഹറിനെ ജയില്‍ മോചിതനാക്കിയതെന്നാണ് സൂചന.

രാജസ്ഥാന്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്‍റെ അധിക വിന്യാസവും സൂചിപ്പിക്കുന്നത് ഇതാണെന്നും റിപ്പോര്‍ട്ടുണ്ട്. ഉദ്യോഗസ്ഥ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഹിന്ദുസ്ഥാന്‍ ടൈംസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നീക്കത്തിനു മറുപടിയായി കഴിഞ്ഞ ദിവസങ്ങളില്‍ സിയാല്‍കോട്ട്-ജമ്മു കശ്മീര്‍ മേഖലയില്‍ വലിയ രീതിയില്‍ സൈനിക വിന്യാസവും മറ്റു പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

നേരത്തേ പുല്‍വാമ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്‍ അസ്ഹര്‍ പാക്കിസ്ഥാന്‍റെ കരുതല്‍ തടങ്കലിലായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞമാസം പാര്‍ലമെന്റ് പാസ്സാക്കിയ യുഎപിഎ നിയമ ഭേദഗതി അനുസരിച്ച്‌ വ്യക്തികളെ ഭീകരരായി പ്രഖ്യാപിച്ചുകൊണ്ടുള്ള നടപടിക്കു കേന്ദ്രം തുടക്കമിട്ടിരുന്നു.

അതിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്രം തയ്യാറാക്കിയ പട്ടികയില്‍ മസൂദ് അസ്ഹര്‍, ലഷ്‌കറെ തൊയ്ബ സ്ഥാപകന്‍ ഹാഫിസ് സയ്യിദ്, 1993 ലെ മുംബൈ സ്ഫോടനത്തിന്‍റെ സൂത്രധാരന്‍ ദാവൂദ് ഇബ്രാഹിം, മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി സാഖിയുര്‍ റഹ്മാന്‍ എന്നിവരുമുണ്ട്.

മസൂദ് അസ്ഹറിന്‍റെ പേരില്‍ ഇപ്പോള്‍ അഞ്ച് ഭീകരവാദ കേസുകളാണ് നിലനില്‍ക്കുന്നത്. അതില്‍ ഈ വര്‍ഷം ഫെബ്രുവരി 14 ലെ പുല്‍വാമ ഭീകരാക്രമണവും ഉള്‍പ്പെടും. ഈ ആക്രമണത്തില്‍ നമ്മുടെ 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്‌.

പാക്കിസ്ഥാനില്‍ നിന്നും എപ്പോള്‍ വേണമെങ്കിലും ഒരു ആക്രമണം ഉണ്ടാകാമെന്ന രഹസ്യാന്വേഷണ എജന്‍സികളുടെ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീരിലെയും രാജസ്ഥാനിലെയും ബിഎസ്‍എഫ്, കര, വ്യോമസേനാ ആസ്ഥാനങ്ങളിലും ബേസ് ക്യാമ്ബുകളിലും ജാഗ്രത ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *