“എന്റെ മതം കണ്ടെത്താൻ ആരും പാടുപെടേണ്ട”:ആരോപണങ്ങൾക്ക് മറുപടിയുമായി മാധ്യമ പ്രവർത്തക നിഷ

Share

കൊച്ചി: ആചാരവും ആചാരലംഘനലും മതവും ജാതിയും എക്കാലത്തേക്കാളും ചർച്ച ചെയ്യപ്പെടുന്ന ഒരു സമയത്തിലൂടെയാണ്, നമ്മുടെ രാജ്യവും സംസ്ഥാനവും കടന്നുപോകുന്നത്.കടുത്ത ജാതി ചിന്തകളുടെ രാഷ്ട്രീയം പൊരിയുന്ന ഈ കാലത് തന്റെ ജാതിയും മതവും അന്വേഷിക്കപ്പെടേണ്ടതല്ലെന്ന് ഉറക്കെ വിളിച്ച പറയുകയാണ് പ്രശസ്ത മാധ്യമപ്രവർത്തക നിഷപുരുഷോത്തമൻ. ഫേസ്ബുക്കിലൂടെയാണ് നിഷ തന്റെ പ്രതികരണം അറിയിച്ചത്.

തന്‍റെ മതം അന്വേഷിച്ചു ചിലർ നടത്തുന്ന അപഹാസങ്ങള്‍ ഒന്നുമറിയാത്ത തന്റെ ഉറ്റവരെ വരെ വേദനിപ്പിച്ചു തുടങ്ങിയതിനാലാണ് ഇത്തരത്തിലൊരു പോസ്റ്റ് എന്ന് അറിയിച്ചുകൊണ്ടാണ് നിഷയുടെ കുറിപ്പിന്റെ തുടക്കം.ഇതൊന്നും ഇങ്ങനെ വിളിച്ചുപറയേണ്ട കാര്യമല്ലെന്നും, ചിലത് പൂര്‍ണ്ണബോധ്യത്തോടെ പറഞ്ഞേ പറ്റു എന്നും നിഷ തന്റെ പോസ്റ്റിൽ പറയുന്നു.

മതത്തിന്റെ അപകടം മനസിലാക്കി ആറു ദശാബ്‌ദം മുന്നേ മതമില്ലെന്നു തീരുമാനിച്ച ടി.ജി. പുരുഷോത്തമനാണ് തന്റെ അച്ഛനെന്നും അര നൂറ്റാണ്ട് മുൻപ് മതത്തിന്റെ വിലക്കുകൾ പൊട്ടിച്ചെറിഞ്ഞു അച്ഛന്റെ കൈപിടിച്ച അച്ചാമ്മ ജോസഫ് ആണ് തന്റെ അമ്മ എന്നും നിഷ പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. ‘മനുഷ്യ സ്‌നേഹമാണ് മതമെന്നാണ് അച്ചയും അമ്മയും എന്നെ പറഞ്ഞ് പഠിപ്പിച്ചത്. ഒരു മത വിശ്വാസവും ആചാരങ്ങളും ഞങ്ങളില്‍ അടിച്ചേല്‍പ്പിച്ചിട്ടില്ലെന്നും നിഷ പോസ്റ്റിൽ കൂട്ടിച്ചേർക്കുന്നു

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

എന്‍റെ മതം ചികയുന്നവരോട്; വിദ്വേഷങ്ങളില്ലാതെ ചിലത്

എന്‍റെ മതമന്വേഷിച്ചുള്ള അപഹാസങ്ങള്‍ ഒരുപാടായി. ഒളിഞ്ഞും തെളിഞ്ഞും. അത് ഒന്നുമറിയാത്ത ഉറ്റവരെ വരെ വേദനിപ്പിച്ച് തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് മാത്രമാണ് ഈ കുറിപ്പ്. ഇതൊന്നും ഇങ്ങനെ വിളിച്ചു പറയേണ്ട കാര്യമല്ലെന്ന പൂര്‍ണബോധ്യത്തോടെ ചിലത് പറഞ്ഞേപറ്റൂ.

ആദ്യം എന്‍റെ അച്ഛന്‍റെ മതം പറയാം. ആറ് ദശാബ്ധം മുമ്പേ മതത്തിന്‍റെ അപകടം തിരിച്ചറിഞ്ഞ് മതമില്ലായെന്ന് തീരുമാനിച്ച ടി.ജി.പുരുഷോത്തമനാണ് എന്‍റെ അച്ഛന്‍. തോട്ടുപുറത്ത് ഗോവിന്ദന്‍ നായരുടെയും ജാനകിയുടെയും മകന്‍. അര നൂറ്റാണ്ട് മുമ്പ് മതത്തിന്‍റെ വിലക്കുകള്‍ പൊട്ടിച്ചെറിഞ്ഞ് അച്ഛന്‍റെ കൈ പിടിച്ച അച്ചാമ്മ ജോസഫ് ആണ് എന്‍റെ അമ്മ. കൊച്ചെട്ടോന്നിൽ ജോസഫിന്‍റെയും അന്നമ്മയുടെയും മകള്‍. മത വിശ്വാസത്തിന്‍റെ വേരന്വേഷിച്ച് ഇറങ്ങിയ സഹോദരങ്ങള്‍ക്കായി അല്‍പം കുടുംബ ചരിത്രം പറഞ്ഞു തരാം. മഹാത്മാഗാന്ധിയുടെ ചിത്രമാണ് എന്‍റെ വീട്ടിലെ സ്വീകരണമുറി അലങ്കരിച്ചിരുന്നത്. മനുഷ്യ സ്നേഹമാണ് മതമെന്നാണ് അച്ചയും അമ്മയും എന്നെ പറഞ്ഞ് പഠിപ്പിച്ചത്. ഒരു മത വിശ്വാസവും ആചാരങ്ങളും ഞങ്ങളില്‍ അടിച്ചേല്‍പ്പിച്ചിട്ടില്ല. അമ്മയ്ക്കൊപ്പം പള്ളിയിലും അപ്പച്ചിമാരുടെ മക്കള്‍ക്കൊപ്പം അമ്പലത്തിലും ഞങ്ങള്‍(ഞാനും എന്‍റെ ചേച്ചി സിന്ധുവും ചേട്ടന്‍ സന്തോഷും) പോയി. ബീഫ് വരട്ടിയതും പുളിശേരിയും കൂട്ടി ചോറ് ഉണ്ടു. വിഷുവും ഈസ്റ്ററും അടിച്ചു പൊളിച്ച് ആഘോഷിച്ചു.

അച്ചമ്മയ്ക്ക് ഞങ്ങളില്ലാത്ത വിഷുവോ അമ്മമ്മയ്ക്ക് ഞങ്ങളില്ലാത്ത ഈസ്റ്ററോ ചിന്തിക്കാന്‍ പറ്റുമായിരുന്നില്ല. ഞങ്ങളുടെ ബന്ധുവീടുകളുടെ ഇടയില്‍ മതം സൃഷ്ടിച്ച മതിലുകള്‍ ഒരിക്കലും ഉയര്‍ന്നില്ല. ഇന്നോളം അങ്ങനെയൊരു മതില്‍ ആരും ഉയര്‍ത്തിയുമില്ല. പള്ളിപ്പെരുന്നാളിന് കൊണ്ടുപോയത് സതീശന്‍ ചേട്ടനാണ്(അപ്പച്ചിയുടെ മകന്‍). രാമായണത്തിലെ കഥകള്‍ പറഞ്ഞു തന്നത് ചിന്നമ്മ ജോസഫ് എന്ന ഇളയമ്മ(മലയാളം പ്രഫസറായിരുന്നു) ആണ്. വിശ്വാസിയേ അല്ലാത്ത അച്ച ‘എന്‍റെ ഗുരുനാഥന്‍’ ചൊല്ലിത്തന്ന് മഹാത്മാവിനെ കുറിച്ച് പഠിപ്പിച്ചു. കാല്‍ നൂറ്റാണ്ട് ഗാന്ധിയന്‍ പാതയില്‍ ഒരു ഗ്രാമ പഞ്ചായത്ത് അധ്യക്ഷനായിരുന്നു അദ്ദേഹം. അമ്മ ടീച്ചറായിരുന്നു. സ്ക്കൂള്‍ വിട്ട് വരുമ്പോള്‍ തറവാട്ടില്‍ വിളക്കിന് മുന്നില്‍ മറ്റു കുട്ടികള്‍ക്കൊപ്പം നാമം ജപിക്കുന്ന ഞങ്ങളെ സന്തോഷത്തോടെ കാത്തിരുന്നു. കെട്ടുനിറ ചടങ്ങുള്ളപ്പോൾ ഉത്തരവാദിത്തമുള്ള മരുമകളായി എല്ലാത്തിനും മുന്നിൽ നിന്നു. വിവാഹ ദിവസം അപ്പച്ചിമാരുടെ മക്കൾ ക്രിസ്ത്യാനിയായ അമ്മായിക്ക് ദക്ഷിണ വച്ച് കാൽ തൊട്ട് അനുഗ്രഹം വാങ്ങി. പനിയുള്ള രാത്രി എനിക്ക് നെറ്റിയില്‍ കുരിശു വരപ്പിച്ച് ഉറക്കാന്‍ കിടത്തി അമ്മ.

ഗീതയും ബൈബിളും ഖുര്‍ ആനും വേദങ്ങളും ഉപനിഷത്തുക്കളുമെല്ലാം നിറഞ്ഞിരിക്കുന്ന അച്ചയുടെ വായനാമുറി ആര്‍ക്കും ഇപ്പോഴും വന്നു കാണാം. മതത്തെക്കുറിച്ച്, മത നേതൃത്വത്തെക്കുറിച്ച് ഈ എഴുപത്തിയെട്ടാം വയസിലും നിറയെ വിമര്‍ശനങ്ങളാണ് എന്‍റെ അച്ചയ്ക്ക്. അതാവാം മതത്തിന്‍റെ വികാരങ്ങള്‍ ഞങ്ങളെയും തൊട്ടു തീണ്ടാത്തത്. തീണ്ടലും തൊടീലും കണ്ടു വളര്‍ന്നതു കൊണ്ടാവും തൊട്ടടുത്ത ദലിത് കുടുംബത്തിലെ മുത്തശ്ശിയെ ഞങ്ങളും അമ്മൂമ്മ എന്നു തന്നെ വിളിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു അച്ചയ്ക്ക്. നിറമോ വേഷമോ ഭാഷയോ മതമോ മനുഷ്യരെ ഒരു തരത്തിലും വ്യത്യസ്തരാക്കുന്നില്ലെന്ന് നിരന്തരം ഓര്‍മിപ്പിച്ചു എന്‍റെ അച്ചയും അമ്മയും. അവരുടെ ജീവിതം തന്നെയായിരുന്നു അതിനുള്ള ഞങ്ങളുടെ ഏറ്റവും വലിയ പാഠപുസ്തകം. അതുകൊണ്ടുതന്നെ ജീവിതത്തിന്‍റെ ഒരു ഘട്ടത്തിലും മതം ഞങ്ങളുടെ മുന്നില്‍ ഒരു വിഷയമായോ തടസ്സമായോ കടന്നുവന്നതേയില്ല.

ഇനി എന്‍റെ വ്യക്തി ജീവിതം. ഈശ്വരവിശ്വാസിയാണ് ഞാന്‍. സംശയമില്ല. പക്ഷേ മതം എനിക്ക് അന്യമാണ്. മതേതര ജനാധിപത്യ രാജ്യത്ത് ജനിച്ചതില്‍ അഭിമാനിക്കുന്നയാളാണ്. പരിചയപ്പെടുന്ന ഒരു വ്യക്തിയുടെയും മതം ഞാന്‍ ചോദിക്കാറില്ല. ചിന്തിക്കാറുമില്ല. ദശലക്ഷക്കണക്കിന് മനുഷ്യര്‍ ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ ജീവിക്കുന്ന ഒരു രാജ്യത്ത് മതം തേടിപ്പോവുന്നവരോട് എനിക്ക് സഹതാപമേ ഉള്ളൂ. മതതീവ്രവാദം തലപൊക്കിയ രാജ്യങ്ങളെല്ലാം നശിച്ചു പോയത് സിറിയയിലടക്കം ജോലിയുടെ ഭാഗമായും അല്ലാതെയും നേരില്‍ കണ്ടതാണ് ഞാന്‍. മതം തലയ്ക്ക് പിടിച്ചപ്പോള്‍ തൊട്ടടുത്ത വീട്ടിലെ പെണ്‍കുട്ടിയെ പിടിച്ചു കൊണ്ടുപോയി ലൈംഗിക അടിമയാക്കിയവരുടെ കഥകള്‍ വായിച്ചറിഞ്ഞതാണ്. തലമുറകള്‍ക്ക് ഈശ്വരഭക്തിയെക്കാള്‍ മതഭക്തി പറഞ്ഞു കൊടുക്കുന്നവരെ എനിക്ക് ഭയമാണ്.

130 കോടി ജനങ്ങളുള്ള എന്‍റെ രാജ്യത്ത് മതത്തിന്‍റെ പേരില്‍ ബലാല്‍സംഗവും വംശഹത്യയും നടക്കുന്ന കാലമോർത്ത് എനിക്ക് ആശങ്കയുണ്ട്. രാഷ്ട്രീയം പറയേണ്ടവര്‍ തന്നെ മതവര്‍ഗീയത പറയുമ്പോള്‍ എന്തെന്നറിയാത്ത വേദനയാല്‍ ഞാന്‍ ഇല്ലാതായിപ്പോകുന്നുണ്ട്. ജനാധിപത്യം വിലയില്ലാത്തൊരു വാക്കും രാജ്യത്തിന്‍റെ ഭരണഘടന വിലയില്ലാ ക്കടലാസും ആയിപ്പോകുന്ന ഘട്ടങ്ങളില്‍ ഹൃദയഭാരത്താല്‍ എന്‍റെ തല കുനിഞ്ഞുപോയിട്ടുമുണ്ട്. അപ്പോഴും ചില പ്രതീക്ഷകളാണ് മുന്നോട്ടുനടത്തുന്നത്. അതില്‍ ഏറ്റവും മുന്നില്‍ നിന്ന് കരുത്താകുന്നത് എന്‍റെ അച്ചയും അമ്മയും തന്നെയാണ്. മനുഷ്യരെ മനുഷ്യരായി കാണണം എന്ന ഏറ്റവും വലിയ പാഠം എന്നെ വീണ്ടും വീണ്ടും പഠിപ്പിച്ചത് അവരാണ്. എന്‍റെ മതമന്വേഷിച്ച് അപഹാസങ്ങള്‍ തീര്‍ക്കുന്നവരോട് ഒന്നുകൂടി പറയട്ടെ, എന്‍റെ ബോധ്യങ്ങള്‍ക്കുവേണ്ടി, മതേതരത്വവും ജനാധിപത്യവും അടക്കമുള്ള മൂല്യങ്ങള്‍ക്കുവേണ്ടി ഇതുവരെ തുടര്‍ന്ന ജോലി ഉച്ചത്തില്‍ ഞാന്‍ തുടരുകതന്നെ ചെയ്യും.

നിഷ പുരുഷോത്തമൻ

Leave a Reply

Your email address will not be published. Required fields are marked *