ഭാഗ്യലക്ഷ്മിക്ക് തിരുവനന്തപുരം സീറ്റ് കിട്ടുമോ ?

Share

സമകാലിക സാംസ്കാരിക – രാഷ്ടീയ – സാമൂഹിക മേഖലകളെ അധികരിച്ചുള്ള പ്രത്യേക പംക്തിയാണ് ‘സമീക്ഷ’.പത്രപ്രവർത്തകൻ, എഴുത്തുകാരൻ, കോളമിസ്റ്റ്, പ്രഭാഷകൻ, രാഷ്ട്രീയ – സാമൂഹിക – സാംസ്കാരിക നിരീക്ഷകൻ, ദാർശനികൻ, അധ്യാപകൻ, സർവ്വകലാശാല വൈസ് ചാൻസലർ, പി.എസ്.സി. ചെയർമാൻ എന്നീ നിലകളിൽ തിളങ്ങിയ മഹനീയ വ്യക്തിത്വം ഡോ. കെ. എസ്. രാധാകൃഷ്ണൻ എഴുതുന്ന ‘സമീക്ഷ’ എന്ന പ്രതിവാര പംക്തി എല്ലാ ബുധനാഴ്ചയും കേരള ന്യൂസ് നെറ്റ് വർക്കിൽ…
സിനിമാ അവാർഡ് ജേതാക്കളുടെ ശിപായി ലഹള അവസാനിച്ചു. അവാർഡ് മഹത്തായ സംഭവമാണെന്നും രാഷ്ട്രം നല്കുന്ന അംഗീകാരവും ആദരവുമാണെന്നും അത് ലഭിച്ചവർ അവകാശപ്പെടുകയും അത് ശരിയാണെന്ന് അവരെ പ്രശംസിച്ചു പ്രീതിപ്പെടുത്തുന്നവർ സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ഏത് അവാർഡും ഇത്തിരി പണവും ഇത്തിരി പ്രശസ്തിയും മാത്രമാണ്. അവാർഡ് ലഭിച്ചു എന്നതുകൊണ്ടു മാത്രം ഒരാളുടെയും സർഗ്ഗസിദ്ധിയുടെ മികവ് കൂടുകയോ കുറയുകയോ ചെയ്യില്ല. അവാർഡ് ലഭിച്ചില്ല എന്നതുകൊണ്ട് ഒരാളും ചെറുതാവുകയും ഇല്ല. വൈക്കം മുഹമ്മദ് ബഷീറിന് എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചിട്ടില്ല. സച്ചിദാനന്ദനും ആറ്റൂർ രവിവർമ്മയ്ക്കുമെല്ലാം അത് ലഭിക്കുകയും ചെയ്തു. ബഷീറിനേക്കാൾ മികവുറ്റ സർഗ്ഗപ്രതിഭകളാണ് മേൽപ്പടി ആറ്റൂരും സച്ചിയും എന്ന് അവരുടെ പാണർ പോലും പാടി നടക്കുമെന്നും തോന്നുന്നില്ല.

സിനിമയുടെ കാര്യത്തിലും അവസ്ഥ ഭിന്നമല്ല. എം. ജി. ആറിന് ലഭിക്കുകയും നടികർ തിലകം ശിവാജിക്ക് ലഭിക്കാതിരിക്കുകയും ചെയ്ത പുരസ്‌കാരമാണ് ഭരത് അവാർഡ്. പി. ജെ. ആന്റണിക്കും പിന്നെ വേറെ കുറെ പേർക്ക് കേരളത്തിലും ഭരത് അവാർഡ് ലഭിച്ചിട്ടുണ്ട്. മികവുറ്റവർക്ക് കിട്ടാതിരിക്കുകയും പിടിപാടുള്ളവർക്ക് കിട്ടുകയും ചെയ്യുക എന്നത് അവാർഡ് വിതരണത്തിലെ നടപടിക്രമം മാത്രമാണ്. നോബേൽ സമ്മാനവിതരണവും ഈ നടപടി ക്രമത്തിൽനിന്നും വേറിട്ടു നില്‍ക്കുന്നില്ല. സമാധാനത്തിനുള്ള നോബേൽ സമ്മാനം മഹാത്മാഗാന്ധിക്ക് ലഭിച്ചില്ല. എന്നാൽ വേറെ എത്രയോ പേർക്ക് ലഭിച്ചു; അവരെ ഒന്നും ആരും ഓർക്കാറില്ല എങ്കിലും. സാഹിത്യത്തിലാണെങ്കിൽ വില്യം ഗോൾഡിംഗ് എന്ന കവിക്ക് സമ്മാനം ലഭിക്കുകയും വേറെ എത്രയോ എഴുത്തുകാർക്ക് കിട്ടാതിരിക്കുകയും ചെയ്തു.

സർക്കാർ നല്കുന്ന അവാർഡും അത്രയൊക്കെ തന്നെയുള്ളു. സർക്കാരിന്റെ ബഹുജന സമ്പർക്ക പരിപാടിയുടെ ഭാഗമാണ് അവാർഡ് വിതരണം. അവാർഡ് നിർണ്ണയത്തിനായി സർക്കാരിന് യോജിപ്പുള്ള കുറെ പേരെ കണ്ടെത്തി ജൂറിമാരാക്കുന്നു. അവർ കുറെ പേരെ അവാർഡിനായി കണ്ടെത്തുന്നു. നൂറു മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാമത് എത്തുന്നവനെ കണ്ടെത്തുന്നതുപോലെ സിനിമാ അവാർഡുകൾ നിശ്ചയിക്കാനാകില്ല. അവാർഡ് നിർണ്ണയ സമിതി അംഗങ്ങളുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ അവാർഡ് നിർണ്ണയത്തെ സ്വാധീനിക്കും. ചിലരെ ഒതുക്കുക, ചിലരെ മെരുക്കുക, ചിലരെ തോല്പിക്കുക എന്നീത്യാദി കാര്യങ്ങൾ അവാർഡ് നിർണ്ണയത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് നല്ല നട നുള്ള ദേശീയ അവാർഡ് സുരാജ് വെഞ്ഞാറമൂടിന് ലഭിച്ചു. എന്നാൽ നടന വിസ്മയം എന്ന് വിശേഷിപ്പിക്കാവുന്ന ജഗതി ശ്രീകുമാറിന് കാര്യമായ ഒരു അവാർഡും ലഭിച്ചിട്ടില്ല. ഈ ജഗതി ശ്രീകുമാറിനെ വി. എസ്. അച്യുതാനന്ദൻ എന്ന പ്രതികാരദാഹിയും കപടനുമായ രാഷ്ട്രീയ നേതാവ് മുഖ്യമന്ത്രിയായിരിക്കെ ഒരു പൊതുചടങ്ങിൽവെച്ച് അധിക്ഷേപിച്ചപ്പോൾ ഇപ്പോൾ കലിതുള്ളിയിറങ്ങിയിരിക്കുന്ന ആരെയും കണ്ടില്ല എന്നതും മറക്കരുത്.

അതുകൊണ്ടാണ് ശ്രീമതി ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ അവാർഡ് വിതരണചടങ്ങിനെ അലങ്കോലപ്പെടുത്താൻ ശ്രമിച്ചതിനെ സംശയത്തോടെ കാണുന്നത്. ശ്രീമതി ഭാഗ്യലക്ഷ്മി സി. പി. ഐ. എന്ന രാഷ്ട്രീയ പാർട്ടിയിലെ അംഗമാണ്. ചിലപ്പോൾ അവരെ തിരുവനന്തപുരത്ത് ലോകസഭാ സ്ഥാനാർത്ഥിയായി പാർട്ടി പരിഗണിക്കുകയും ചെയ്‌തേക്കാം. അതുകൊണ്ട് പാർട്ടി നിർദ്ദേശമനുസരിച്ചായിരിക്കും ഇടതുപക്ഷക്കാരെയെല്ലാം തപ്പിക്കൂട്ടി അവാർഡ് വിതരണ പരിപാടി അലങ്കോലപ്പെടുത്തിയത് എന്നു കരുതാനും ന്യായമുണ്ട്. കാരണം ജുഡീഷ്യറിയെ പാർടി നിയോഗിച്ച പോലെ ഭാഗ്യലക്ഷ്മിയെയും ഒരു ദൗത്യം പാർട്ടി ഏല്പിച്ചിരിക്കാമെന്ന് ന്യായമായും സംശയിക്കാവുന്നതാണ്.

ഭാഗ്യലക്ഷ്മി

രാഷ്ട്രപതിയിൽ നിന്നുതന്നെ അവാർഡ് ലഭിക്കണമെന്നാണ് അവാർഡ് ജേതാക്കളുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ചടങ്ങിന്റെ പരിശീലനപരിപാടി നടന്നുകൊണ്ടിരിക്കുമ്പോൾ അവർ കത്തു നല്കുകയും ചെയ്തു. ആ കത്ത് പരിഗണിക്കാൻ രാഷ്ട്രപതി തയ്യാറായില്ല. രാഷ്ട്രപതിക്ക് പകരം സ്മൃതി ഇറാനി എന്ന വകുപ്പു മന്ത്രി അവാർഡ് നല്കുന്നത് തങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് ശിപായി ലഹള നടത്തിയ സിനിമാക്കാരുടെ അഭിപ്രായം. അതുകൊണ്ട് അവാർഡ് സ്വീകരിക്കുകയും എന്നാൽ വേദിയിൽ ചെന്ന് കൈപ്പറ്റാതിരിക്കുകയും ചെയ്തുകൊണ്ട് അവർ ലഹളയ്ക്ക് ഒരുങ്ങി. ഇതിനിടയിൽ ഒരു ചാനൽ അവതാരക പ്രതിഭ, രാഷ്ട്രപതിയെ ‘അയാൾ’ എന്ന് സംബോധന ചെയ്ത് അവഹേളിക്കുകയും ചെയ്തു. ദളിതനായ രാഷ്ട്രപതിയോട് ഈ അവതാരക പ്രതിഭയ്ക്ക് വേണ്ടത്ര മതിപ്പ് തോന്നാതിരുന്നതാകാം കാരണം. എന്തായാലും ദളിത് പ്രേമികളാരും അതിൽ പ്രതിഷേധിച്ചു കണ്ടില്ല.

സ്മൃതി ഇറാനി

രാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടിയുടെ നടപടിക്രമം നിശ്ചയിക്കാനുള്ള അവകാശം രാഷ്ട്രപതിക്ക് ഇല്ല എന്ന കാര്യം ലഹളക്കാർക്ക് അറിയില്ല എന്നു തോന്നുന്നു. മലയാള മനോരമയുടെ ശതവാർഷിക സമാപനം ഉദ്ഘാടനം ചെയ്തത് അന്നത്തെ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയായിരുന്നു. പ്രണബ് കുമാർ മുഖർജിയുമായി അര നൂറ്റാണ്ടുകാലത്തെ അടുത്തബന്ധം മനോരമക്കുണ്ട്. ചടങ്ങിന് സ്വാഗതം പറഞ്ഞത് മാമ്മൻ മാത്യുവും കൃതജ്ഞത രേഖപ്പെടുത്തിയത് ജേക്കബ് മാത്യുവുമാണ്. വേദിയിലിരിക്കാൻ മാമ്മൻ മാത്യുവിന് കസേര ഉണ്ടായിരുന്നു എങ്കിലും കൃതജ്ഞത പറഞ്ഞ ജേക്കബ് മാത്യു സദസ്സിലാണ് ഇരുന്നത്. കാരണം രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിന്റെ നടപടി ക്രമങ്ങൾ രാഷ്ട്രപതിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു നിശ്ചയിക്കുന്നത് ബ്ലൂ ബുക്ക് എന്ന പേരിൽ അറിയപ്പെടുന്ന പുസ്തകത്തിലെ നിബന്ധനകളാണ്. അതിൽ മാറ്റം വരുത്താൻ രാഷ്ട്രപതിക്കും അധികാരമില്ല. ഇതൊന്നും ഒരുപക്ഷേ ലഹളക്കാരായ സിനിമാ അവാർഡികള്‍ അറിയണമെന്നില്ല.

അവാർഡ് പ്രഖ്യാപിക്കുന്ന സമയം അവാർഡ് ആര് നല്കണമെന്ന് പറഞ്ഞിട്ടില്ല. അവാർഡ് ആര് നല്കണമെന്ന് തീരുമാനിക്കുന്നത് ബന്ധപ്പെട്ട വകുപ്പാണ്. വകുപ്പ് കാലാകാലങ്ങളിൽ ഇതു സംബന്ധമായി വിവിധ രീതികൾ അവലംബിച്ചിട്ടുണ്ട്. ശ്രീമതി ഇന്ദിരാഗാന്ധി വകുപ്പ് മന്ത്രിയായിരുന്നപ്പോൾ അവർ തന്നെയാണ് അവാർഡുകൾ വിതരണം ചെയ്തത്. സമ്മാനിതരാകുന്ന തല മുതിർന്ന സിനിമാക്കാരും ചിലപ്പോൾ അവാർഡ് നല്കിയിട്ടുണ്ട്. അവാർഡ് പ്രഖ്യാപിച്ചു. എന്നുകരുതി അവാർഡ് സ്വീകരിക്കപ്പെടണമെന്നുമില്ല. അവാർഡ് സ്വീകരിക്കാത്തതിന്റെ പേരിൽ ആരെയും അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുകയുമില്ല. ഒരു ചാനലിലെ വാർത്താവതാരക പ്രതിഭ, സ്മൃതി ഇറാനിയെ സീരിയിൽ നടി എന്ന് അധിക്ഷേപത്തോടെ വിശേഷിപ്പിച്ചതും ശ്രദ്ധിച്ചു. സത്യസന്ധമല്ലാത്ത വാർത്തകൾ മറ്റാർക്കോ വേണ്ടി പൊടിപ്പും തൊങ്ങലും വെച്ച് പ്രചരിപ്പിക്കുന്നതിനെക്കാൾ എത്രയോ മികവുറ്റതാണ് സീരിയിൽ അഭിനയം എന്ന് ദയവായി ഈ വാർത്താവതാരക പ്രതിഭ മറക്കരുത്. അങ്ങയെപോലുള്ളവർ വാർത്താവിനിമയ പ്രവർത്തനത്തെ ദല്ലാൾ പണിയാക്കി മാറ്റിയിരിക്കുന്നു എന്ന് ആക്ഷേപമുള്ളവരുമുണ്ട്.

ഓരോരുത്തരും ഉപജീവനത്തിനായി ചെയ്ത തൊഴിലിന്റെ പേരിൽ ആളുകളെ വിമർശിക്കാമെന്നും അവഹേളിക്കാമെന്നും കരുതിയാൽ ആരെയെല്ലാം എന്തിന്റെയെല്ലാം പേരിൽ അവഹേളിക്കാൻ കഴിയും എന്നും ഓർക്കേണ്ടതാണ്. മഹത്വം തൊഴിലിനല്ല; ഒരു തൊഴിൽ മഹത്തരമായി ചെയ്യുന്നതിലാണ് മഹത്വം. മാധ്യമപ്രവർത്തനം മഹത്തരമായ തൊഴിലും സീരിയൽ അഭിനയം മോശം തൊഴിലും എന്ന് കരുതുന്നത് ശുദ്ധ വങ്കത്തരമാണ്. സർക്കാർ പൊതുജന സമ്പർക്കപരിപാടിയുടെ ഭാഗമായി ഒരു ദൗത്യത്തോടെ നല്കുന്നതാണ് അവാർഡ്. അത് ബഹുമതിയായി കരുതുന്നുണ്ട് എങ്കിൽ സർക്കാർ പ്രതിനിധിയായി ആര് നല്കിയാലും സ്വീകരിക്കേണ്ടിവരും. ആര് അവാർഡ് നല്കണം എന്നു തീരുമാനിക്കുന്നത് അവാർഡ് കരസ്ഥമാക്കിയവരല്ല അവാർഡ് നല്കുന്നവരാണ്. അല്ലെങ്കിൽ അവാർഡ് പ്രഖ്യാപന വേളയിൽ തന്നെ ഇന്നയാൾ അവാർഡ് നല്കിയില്ലെങ്കിൽ താൻ അവാർഡ് സ്വീകരിക്കില്ല എന്ന വ്യവസ്ഥ ആദ്യമേ പറയേണ്ടതാണ്. പരിപാടിയിൽ ഭേദഗതി നിശ്ചയിക്കാനുള്ള അവകാശം ആഘോഷക്കമ്മിറ്റിയിൽ നിക്ഷിപ്തമാണെന്ന് പണ്ട് ഉത്സവാഘോഷ നോട്ടീസിൽ അച്ചടിച്ചു സൂക്ഷിക്കുമായിരുന്നു. സർക്കാർ ചട്ടം അനുസരിച്ച് ഇവ്വിധം ഒരു കുറിപ്പ് എഴുതിയില്ലെങ്കിലും അതിനുള്ള അവകാശം സർക്കാരിനുണ്ട്.

ഒന്നുകിൽ അവാർഡ് ജേതാക്കൾ ബന്ധപ്പെട്ട വകുപ്പിൽ ചെന്ന് സെക്ഷൻ ഓഫീസറുടെ കയ്യിൽ നിന്നും അവാർഡ് വാങ്ങേണ്ടിവരും. അല്ലെങ്കിൽ പോസ്റ്റ്മാന്റെ കയ്യിൽ നിന്നും ഒപ്പിട്ടു കൊടുത്ത് വാങ്ങേണ്ടി വരും. ഈ സംഭവത്തെ ആകെ വീക്ഷിക്കുമ്പോൾ ബോദ്ധ്യമാകുന്ന കാര്യം ഇത് അനുചിതവും അന്തസാര ശൂന്യവുമായ രാഷ്ട്രീയ തട്ടിപ്പ് മാത്രമായിരുന്നു എന്നതാണ്. അവ്വിധമൊന്നു തട്ടികൂട്ടാൻ അതിനു നേതൃത്വം നല്കിയ രാഷ്ട്രീയക്കാർക്ക് കഴിഞ്ഞു എന്നതിൽ ശ്രീമതി ഭാഗ്യലക്ഷ്മിക്കും മറ്റും ആഹ്ലാദിക്കാവുന്നതാണ്. കാരണം അവരാണല്ലോ കളിയൊരുക്കിയത്. കഥയറിയാതെ ആട്ടം കണ്ട ശുദ്ധിഗതിക്കാരും ഈ കൂട്ടത്തിലുണ്ട്. അവർക്കാകട്ടെ ഈ അനൗചിത്യംകൊണ്ട് നേട്ടമില്ല എന്നു മാത്രമല്ല കോട്ടമേറെ ഉണ്ടാകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *