എന്ത് പറ്റി എന്റെ കോണ്ഗ്രസ് പാര്‍ട്ടിക്ക് ??? ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടരുത്

Share

സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെതിരെയുളള പടയൊരുക്കം തുടങ്ങിയിട്ട് കാലം കുറെയായി. അതിന്റെ ഭാഗമായിട്ടായിരുന്നു നാലു സുപ്രീം കോടതി ജഡ്ജിമാർ പണിമുടക്കി പത്രസമ്മേളനം നടത്തി നീതിന്യയ വ്യവസ്ഥയുടെ അടിവേരറുക്കാൻ ശ്രമിച്ചത്. ഇടയനെ തല്ലി ആടുകളെ ചിതറിപ്പിക്കുക എന്ന തന്ത്രം പണ്ടേയുളളതാണ്. ചീഫ് ജസ്റ്റീസിന്റെ വിശ്വാസ്യതയെ തകർത്താല്‍ ജുഡീഷ്യറിയെ തകർക്കാമെന്ന കണക്കു കൂട്ടലാണ് ഇതിന് പിന്നിൽ. ജഡ്ജിമാരുടെ പണിമുടക്കിന്റേയും പത്രസമ്മേളനത്തിന്റേയും മുഖ്യ സംയോജകൻ ഡാനിയൽ രാജ എന്ന ഡി. രാജ എം. പിയാണ്. അദ്ദേഹം തമിഴ്‌നാട്ടിൽ നിന്നാണ് രാജ്യ സഭയിലെത്തിയത്. തമിഴ്‌നാട്ടിൽ മരുന്നിനു പോലും സി.പി.ഐക്കാരില്ല. ജയലളിതയുടെ കാലുപിടിച്ച് കരസ്ഥമാക്കിയതാണ് എം. പി. സ്ഥാനം . ഡാനിയൽ രാജ അവരുടെ കാലു പിടിക്കുമ്പോൾ അവർ ഒന്നിലേറെ അഴിമതിക്കേസുകളിൽ കുറ്റാരോപിതയായി വിചാരണ നേരിടുകയായിരുന്നു. ഒരു കേസിൽ ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു.

അഴിമതിക്ക് ശിക്ഷിക്കപ്പെട്ട ഒരു നേതാവിന്റെ ഔദാര്യം പറ്റുന്നവനും അഴിമതിയിൽ പങ്കാളിയാണ്. ഈ അർത്ഥത്തിൽ ഡാനിയൽ രാജയും അഴിമതിക്കാരൻ തന്നെ. അഴിമതിക്കെതിരെ അധരവ്യായാമം നടത്തുന്ന സി.പി.ഐ സിംഹങ്ങൾ ഇത് അറിഞ്ഞിരുന്നതായി നടിക്കാറില്ല. അഴിമതിക്കാരിയുടെ ഔദാര്യത്തിൽ സ്ഥാനമാനങ്ങൾ വേണ്ട എന്ന് ഒരു ബിനോയ് വിശ്വവും പറഞ്ഞതായി അറിവില്ല. സുപ്രീം കോടതി ജഡ്ജിമാരുടെ കൊട്ടാര വിപ്ലവത്തിന്റെ മുഖ്യസംയോജകൻ പക്ഷേ ഇതിന്റെ പ്രായോജകർ ആരാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല.

ഇപ്പോഴാകട്ടെ ഒരിക്കലും വിജയിപ്പിക്കാൻ കഴിയാത്ത ഇംപീച്ച്‌മെന്റ് പ്രമേയവുമായി കോൺഗ്രസ്സ് രംഗത്തെത്തിയിരിക്കുന്നു. രാമസ്വാമിയുടെ ഇംപീച്ച്‌മെന്റ് പ്രമേയത്തിനെതിരെ ലോക് സഭയിൽ പ്രസംഗിച്ചുകൊണ്ടാണ് കപിൽ സിബൽ എന്ന വക്കീൽ പ്രശസ്തനായത്. അതിന് മുൻപ് നല്ല പ്രക്ടീസ് ഉണ്ടായിരുന്ന സുപ്രീം കോടതി വക്കീലായിരുന്നു സിബൽ. പക്ഷേ ഇത്രയേറെ പ്രസിദ്ധനായിരുന്നില്ല. കപിൽ സിബലിന്റെ വാദമുഖങ്ങളുടെ ബലത്തിലല്ല നരസിംഹറാവുവിന്റെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ ഘക്ഷികളുടെ രാഷ്ട്രീയ തീരുമാനം അനുസരിച്ച് അന്ന്‍ ഇംപീച്ച്‌മെന്റ് പ്രമേയം പരാജയപ്പെട്ടത്.

കോൺഗ്രസ്സിന് അകത്തും പുറത്തുമുളള പ്രമുഖർ ഈ നീക്കത്തെ എതിർത്തു. സോളി സോറബ്ജി, രാംജത്മലാനി, ഹരീഷ്‌ സാല്‍വെ എന്നിവരെ കൂടാതെ കോൺഗ്രസിന്റെ വിശ്വസ്തനായ പരാശരൻ ഉൾപ്പടെ നിയമമറിയാവുന്നവർ ഈ നീക്കത്തെ മണ്ടത്തരം എന്നാണ് വിശേഷിപ്പിച്ചത്. കാരണം സ്വഭാവദൂഷ്യമാണ് ചീഫ് ജസ്റ്റീസിനെതിരെ ആരോപിക്കുന്ന കുറ്റം. അതിന് ഉപോൽബലകമായി ചൂണ്ടിക്കാണിക്കുന്നത് ഏത് വ്യവഹാരം ഏത് ജഡ്ജി കേൾക്കണം എന്നു തീരുമാനിക്കാനുളള ചീഫ് ജസ്റ്റിസിന്റെ അധികാരം അദ്ദേഹം ഏകപക്ഷീയമായി ഉപയോഗിക്കുന്നു എന്നതാണ്. മറ്റു ജഡ്ജിമാരുമായി കൂടിയാലോചിച്ച് വ്യവഹാരം വീതിച്ചു നൽകുന്ന സംബ്രദായം ഒരു കോടതിയിലും ഇപ്പോൾ നിലവിലില്ല. പക്ഷേ വിപ്ലവകാരികളായ നാല് ജഡ്ജിമാരുടെ അഭിപ്രായത്തിൽ ഇത്തരം കാര്യങ്ങളിൽ ചീഫ് തീരുമാനമെടുക്കുമ്പോൾ അവരുമായി ആലോചിക്കണമെന്നാണ്.

ജഡ്ജിമാരുടെ ഈ അഭിപ്രായത്തോട് യോജിക്കാനാകില്ല. കാരണം ഭരണഘടന അനുസരിച്ച് ഒരു ജഡ്ജിയും മറ്റൊരു ജഡ്ജിയും തമ്മിൽ ഒരു വ്യത്യാസവുമില്ല. ദീർഘകാലം സേവനം അനുഷ്ഠിച്ച ജഡ്ജിയും ഇന്നലെ കയറിയ ജഡ്ജിയും പുറപ്പെടുവിക്കുന്ന വിധിന്യായത്തിന് ഒരേ തരം നിയമസാധുതയാണുളളത്. ജഡ്ജിയുടെ സേവന കാലാവധിക്കനുസരിച്ചല്ല വിധിന്യായത്തിന്റെ ഗുണമേന്മ നിർണ്ണയിക്കപ്പെടുന്നത്. വിധിന്യായത്തിന്റെ നിയമപരമായ മൂല്യം നിർണ്ണയിക്കപ്പെടുന്നത് വിധി പുറപ്പെടുവിച്ച ജഡ്ജിയുടെ മഹത്വമനുസരിച്ചുമല്ല. മറിച്ച് ഒരു വിധിന്യായത്തിന് എത്രത്തോളം നീതി നടപ്പിലാക്കാൻ കഴിയും എന്നതാണ് ഒരേ ഒരു മാനദണ്ഡം. അതല്ലാതെ ജഡ്ജിമാരുടെ സേവന കാലദൈർഘ്യം ഒന്നിനും ഒരു മാനദണ്ഡമല്ല.

രണ്ടാമത് ഉന്നയിക്കപ്പെടന്ന ആരോപണം തെളിവില്ലാത്ത ഒന്നാണ്. സുപ്രീം കോടതിയിലെ പ്രമുഖനായ ഒരു ജഡ്ജി എന്നല്ലാതെ വ്യക്തമായി ഇന്ന ജഡ്ജി എന്നു പറഞ്ഞിട്ടില്ല. അങ്ങനെ പറയാത്തിടത്തോളം കാലം അത് ഗൗരവമുളള ആരോപണമേയല്ല. വിധിന്യായം തങ്ങൾക്കനുകൂലമാകുമ്പോൾ നീതിന്യായവ്യവസ്ഥ ഉന്നതമാണെന്ന് പറയുകയും വിധിന്യായം തങ്ങൾക്കെതിരാകുമ്പോൾ നീതിന്യായ വ്യവസ്ഥ ശരിയല്ലെന്നും പറയുന്ന ശീലം തല്പരകക്ഷികൾക്ക് യോജിച്ചവയാണ്. എന്നാൽ ജഡ്ജിമാർ അങ്ങനെ ചെയ്യരുത്. മാത്രമല്ല തങ്ങൾ നാലുപേർ മൈത്രമേ സത്യസന്ധരാവുകയുളളൂ എന്നു കരുതുന്ന താൻപേരിമ അവർ വഹിക്കുന്ന പദവിക്ക് കളങ്കമുണ്ടാക്കും .

നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷത സംശയാസ്പദമാണ്. കാരണം സുപ്രീം കോടതിയിലെ തല മുതിർന്ന ജഡ്ജിമാർ തന്നെ അത് സമ്മതിച്ചിരിക്കുന്നു. അത് കൊണ്ട് നീതിന്യായ സംവിധാനത്തെ തകർക്കാൻ ശ്രമിക്കുന്ന ചീഫ് ജസ്റ്റീസിനെ ഇംപീച്ച് ചെയ്യണമെന്നാണ് കപിൽ സിബൽ പറയുന്നതിന്റെ ചുരുക്കം. നിക്ഷിപ്ത താല്പര്യക്കാരായ നാല് ജഡ്ജിമാരും തനിക്ക് ഉപകാരം ലഭിക്കുമെങ്കിൽ ഏത് അഴിമതിക്കാരിയും മഹതിയാണെന്നു വിശ്വസിക്കുന്ന ഡാനിയൽ രാജയും പറയുന്നത് മാത്രം വിശ്വസിച്ചുകൊണ്ട് നീതിന്യായ സംവിധാനത്തെ തന്നെ തകർക്കത്തക്ക വിധം ഉളള നിലപാട് ഇന്ത്യൻ നാഷണൽ കോൺഗ്രസസ് സ്വീകരിക്കാൻ പാടില്ലായിരുന്നു. ഇതേ പംക്തിയിൽ ഒരിക്കൽ എഴുതിയത് ആവർത്തിക്കട്ടെ ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടരുത്.

ഇന്ത്യയെന്ന മഹാരാജ്യം ഉണ്ടാക്കിയെടുത്ത പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അത് ഒരു വക്കീൽ മാത്രമായ കപിൽ സിബൽ അറിയണമെന്നില്ല. പക്ഷേ എ. കെ. ആന്റണിക്ക് അറിവുളള കാര്യമാണ്.1947 ൽ ഇന്ത്യ സ്വതന്ത്രയായപ്പോൾ ലോകരാജ്യങ്ങളിലെ രാഷ്ട്രീയ ജോത്സ്യന്മാർ എഴുതിയ കാര്യം ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കില്ല എന്നാണ്. എന്നാൽ അവരുടെ പ്രവചനങ്ങളെ അസ്ഥിരപ്പെടുത്തിക്കൊണ്ടാണ് ഇന്ന് ഇന്ത്യ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യമായി മാറിയത്. ഇക്കാലയളവിൽ ഇന്ത്യൻ ജനാധിപത്യം നേരിട്ട ഒരേ ഒരു വെല്ലു വിളി അടിയന്തിരാവസ്ഥ മാത്രമാണ്. അക്കാലത്താണ് ജനാഘിപത്യം ഉറപ്പു നൽകുന്ന പൗരാവകാശങ്ങൾ ഇല്ലാതായത്. നാവടക്കൂ പണിയെടുക്കൂ എന്നു പറഞ്ഞപ്പോൾ പറയാനുളള ജനാധിപത്യ അവകാശമാണ് ഇല്ലാതായത്.

പക്ഷേ ആ അത്യാഹിതത്തേയും ഭാsരതം അതിജീവിച്ചു പക്ഷേ ആ അതിജീവനത്തിന് കോൺഗ്രസ്സിന് വലിയ വില നൽകേണ്ടി വന്നു. സ്വാതന്ത്ര്യത്തിനുശേഷം കോൺഗ്രസ്സ് പ്രതിപക്ഷത്ത് ഇരുന്നത് അടിയന്തിരാവസ്ഥയ്ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പിലാണ്. ആ തെരഞ്ഞെടുപ്പോടെയാണ് ഹിന്ദി ഹൃദയഭൂമിയിലുളളവർ കോൺഗ്രസ്സിനെ സംശയിച്ചത്. പക്ഷേ അപ്പോഴും ദക്ഷിണേന്ത്യ കോൺഗ്രസ്സിന്റെ കോട്ടയായിരുന്നു. യു.പിയിലെ റായ്ബറേലിയിൽ തോറ്റ ഇന്ദിരാഗാന്ധി അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചത് കർണ്ണാടകയിലെ ചിക്മഗലൂരിൽ നിന്നാണ്. സോണിയ ഗാന്ധി ആദ്യം മത്സരിച്ചു ജയിച്ചതും കർണ്ണാടകയിൽ നിന്നു തന്നെയാണ്.

ഇന്നു പക്ഷേ ആ കർണ്ണാടകയും കോൺഗ്രസ്സിന് അത്ര ഉറപ്പുളള സംസ്ഥാനമല്ല. എന്നാൽ ദക്ഷിണേന്ത്യയിൽ ഇന്നും കോൺഗ്രസിനു വേരോട്ടമുളള സംസ്ഥാനം കർണ്ണാടകം തന്നെ. കാര്യങ്ങൾ ഇവ്വിധമായിരിക്കെയാണ് ജുഡീഷ്യറിക്ക് എതിരെയുള്ള പടയൊരുക്കവുമായി കോൺഗ്രസ്സ് ഇറങ്ങിയിരിക്കുന്നത്. ഇത് ആത്മഹത്യാപരമാണ്. കോൺഗ്രസ്സിന്റെ ഈ നീക്കം ജുഡീഷ്യറിയിലുള്ള ജനവിശ്വാസത്തെ തകർക്കാൻ മാത്രം കഴിയുന്ന ഒന്നാണ്. ജു ഡീഷ്യറിയെ പോലെ ഭരണഘടന സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന സമീപനമാണ് ദൗർഭാഗ്യവശാൽ കോൺഗ്രസ്സ് സ്വീകരിക്കുന്നത്. നോട്ട് നിരോധനം വന്നപ്പോൾ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഉള്ള വിശ്വാസം നശിച്ചു എന്നായി കോൺഗ്രസ്സ്. നോട്ട് നിരോധനം മൂലം ഉണ്ടാകുമെന്ന് കോൺഗ്രസ്സ് കരുതിയ ആശങ്ക ജനങ്ങൾക്ക് ഉണ്ടായില്ല. നോട്ടുനിരോധനത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ ബി. ജെ. പി. ജയിച്ചത് ഉദാഹരണം.

അതിന്റെ പിന്നാലെ സൈന്യത്തിൽ വിശ്വാസമില്ലെന്നായി കോൺഗ്രസ്സ്. ഇത്രയും കാലത്തെ ഭരണ ചരിത്രത്തിൽ ഒരു കക്ഷിയും രാഷ്ട്രീയ വിവാദങ്ങളിൽ സൈന്യത്തെ കരുവാക്കിയിട്ടില്ല എന്ന് ഓർക്കണം. മാത്രമല്ല ഇന്ത്യൻ സൈന്യം എന്നും ജനാധിപത്യ പ്രക്രിയയിൽ രാഷ്ട്രീയ കക്ഷികളുമായി സുരക്ഷിതമായ അകലം പാലിച്ചിട്ടുണ്ട്. ഭരണത്തിൽ ഏതെല്ലാം കക്ഷികൾ എങ്ങനെയൊക്കെ വന്നാലും സൈന്യം ഇന്നുവരെ ഇതിലൊന്നിലും പങ്കാളിയായിട്ടില്ല. ഇന്ത്യൻ സൈന്യത്തിന്റെ രാജ്യസ്‌നേഹം, രാജ്യസുരക്ഷ സംരക്ഷിക്കുന്നതിന് അവർ കൈവരിച്ച നേട്ടം എന്നിവ രാഷ്ട്രീയത്തിന് അതീതമായി തന്നെ പ്രശംസനീയമാണ്. ആ സൈന്യത്തിന്റെ രാഷ്ട്രീയാതീതമായ കൂറിൽ സംശയം പ്രകടിപ്പിക്കുന്നത് അഭികാമ്യമല്ല.

പാർലമെന്റ് നടപടികൾ സ്തംഭിപ്പിക്കുന്ന നിലപാടും കോൺഗ്രസ്സിന് യോജിച്ച കാര്യമല്ല. മറ്റ് പാർട്ടികൾക്ക് എന്തു നിലപാടും സ്വീകരിക്കാവുന്നതാണ്. എന്നാൽ കോൺഗ്രസ്സിന് അവ്വിധമൊരു നിലപാട് സ്വീകരിക്കാൻ അവകാശമില്ല. കാരണം, നിയമനിർവ്വഹണ സഭകളെ സംവാദ വേദിയാക്കി മാറ്റിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സാണ്. എന്നാൽ ഇന്ന് നിയമനിർമ്മാണ സഭകളെ വിവാദ വേദികളാക്കി മാറ്റി തീർക്കുന്ന ദൗർഭാഗ്യകരമായ അവസ്ഥയുണ്ട്. ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം യോജിക്കാനും വിയോജിക്കാനുമുള്ളതാണ് നിയമനിർമ്മാണ സഭകൾ. അതിനു പകരം നിയമനിർമ്മാണ സഭയുടെ പ്രവർത്തനം സ്തംഭിപ്പിക്കുന്ന നടപടിയാണ് ഇപ്പോൾ കോൺഗ്രസ്സ് സ്വീകരിക്കുന്നത്. ഇത് ആത്മാഭിമാനമുള്ള കോൺഗ്രസ്സുകാർക്ക് അംഗീകരിക്കാനാകുമെന്ന് തോന്നുന്നില്ല.

നമ്മുടെ ഭരണഘടനാ സംവിധാനങ്ങളിൽ അവിശ്വാസം വളർത്തുന്ന നടപടികൾ കോൺഗ്രസ്സിന്റെ ഭാഗത്തുനിന്നും ഉണ്ടാകരുത്. ഈ സ്ഥാപനങ്ങളെ തകർക്കാൻ എളുപ്പം കഴിയും. പക്ഷേ, അതിലുള്ള വിശ്വാസം വീണ്ടെടുക്കാൻ ചിലപ്പോൾ ആയിരക്കണക്കിന് വർഷം തന്നെ വേണ്ടിവരും. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഉച്ചിയിൽ കൈവെച്ച് അനുഗ്രഹിച്ചുണ്ടാക്കിയെടുത്തതാണ് നമ്മുടെ ഭരണഘടനയും ആ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ സംവിധാനവും. ആ കൈകൊണ്ട് അതിന് ഉദകക്രിയ ചെയ്യാൻ മുതിരരുത്.

Leave a Reply

Your email address will not be published. Required fields are marked *